
കുടുംബമായി പോകുന്ന ആളുകൾ പലപ്പോഴും ട്രെയിനിൽ വച്ച് ഒന്നിച്ചിരിക്കാനായി മറ്റ് യാത്രക്കാരോട് സീറ്റ് മാറിത്തരുമോ എന്ന് ചോദിക്കാറുണ്ട്. ചിലർ മാറിക്കൊടുക്കും, ചിലർ കൊടുക്കില്ല. അപ്പോഴും അങ്ങനെ മാറിക്കൊടുക്കാതിരിക്കുന്നത് ശരിയാണോ എന്ന ചെറിയൊരു കുറ്റബോധം പലരിലും ഉണ്ടാകാറുണ്ട്. അതുപോലെ ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കുടുംബത്തിന് ഒരുമിച്ചിരുന്ന് യാത്ര ചെയ്യാനായി താൻ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ മാറിനൽകാൻ തയ്യാറാകാതിരുന്നതിനെ കുറിച്ചാണ് ഇയാൾ എഴുതിയിരിക്കുന്നത്.
'എനിക്കൊരു നിയമമുണ്ട്; എനിക്ക് ചെയ്യാൻ താല്പര്യമില്ലാത്ത കാര്യമാണെങ്കിൽ ഞാൻ 'നോ' എന്നുതന്നെ പറയും. വ്യാജമായ പുഞ്ചിരിയോ കുറ്റബോധമോ ഇല്ലാതെ മാന്യമായി തന്നെ 'നോ' പറയും' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
ട്രെയിനിലെ എസി ചെയർ കാറിൽ അഭിമുഖമായി വരുന്ന വിൻഡോ സീറ്റുകളാണ് താനും തനിക്കൊപ്പം യാത്ര ചെയ്യുന്ന ആളും കൂടി ബുക്ക് ചെയ്തത്. എന്നാൽ, യാത്രയ്ക്കിടയിൽ ഒരു സ്ത്രീ അടുത്തെത്തി. തന്റെ കുടുംബത്തിന് ഒരുമിച്ചിരുന്ന് യാത്ര ചെയ്യാനായി സീറ്റ് മാറിത്തരുമോ എന്ന് ചോദിച്ചു. എന്നാൽ, തങ്ങൾ പ്ലാൻ ചെയ്ത് ബുക്ക് ചെയ്ത സീറ്റുകളായതിനാൽ മാറിത്തരാൻ കഴിയില്ലെന്ന് ഇയാൾ മാന്യമായി മറുപടി നൽകി. 'കുറച്ചു മണിക്കൂറുകളല്ലേ ഉള്ളൂ, ദയവായി മാറിത്തരൂ' എന്ന് പറഞ്ഞ് ആ സ്ത്രീ വീണ്ടും നിർബന്ധിച്ചു. അപ്പോൾ കുറച്ച് കടുപ്പത്തിൽ തന്നെ യുവാവിന് മറുപടി നൽകേണ്ടി വന്നു.
നിങ്ങൾ അവധിക്കാലം ആഘോഷിക്കാൻ പോവുകയാണോ അതോ നാട്ടിലേക്ക് മടങ്ങുകയാണോ എന്ന് ഇയാൾ ചോദിച്ചു. വീട്ടിലേക്ക് മടങ്ങുകയാണെന്നായിരുന്നു സ്ത്രീയുടെ മറുപടി. 'എങ്കിൽ വീട്ടിലെത്തിയാൽ നിങ്ങൾക്ക് ആവശ്യത്തിന് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാം. അവിടെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ഒരുമിച്ചിരിക്കാം. നിലവിൽ ഞങ്ങൾ ഏറെ ആഗ്രഹിച്ചു ബുക്ക് ചെയ്ത ഈ സീറ്റുകളിൽ തന്നെ ഇരിക്കാനാണ് താല്പര്യപ്പെടുന്നത്' എന്ന് യുവാവ് തിരികെ പറഞ്ഞു.
തന്റെ മറുപടി സ്ത്രീക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും താൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നതായി യുവാവ് പറയുന്നു. 'കുടുംബമായി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് മാത്രം, മറ്റൊരാൾ ഏറെ താല്പര്യത്തോടെ തിരഞ്ഞെടുത്ത സീറ്റുകൾ അവർക്ക് വിട്ടുകൊടുക്കണമെന്ന് ആളുകൾ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നും യുവാവ് പറയുന്നു. 'ട്രെയിനിലെ മര്യാദകൾ: ഒരു കുടുംബത്തിന് വേണ്ടി ഞാൻ എന്റെ റിസർവ്ഡ് സീറ്റ് മാറി നൽകാൻ ബാധ്യസ്ഥനാണോ?' എന്ന് ചോദിച്ചുകൊണ്ടാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. അങ്ങനെ നമ്മൾ പ്ലാൻ ചെയ്ത് ബുക്ക് ചെയ്ത സീറ്റ് ആർക്കുവേണ്ടിയും മാറി നൽകേണ്ടതില്ല എന്നാണ് മിക്കവരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.