
ടെക്കികളടക്കം നിരവധിപ്പേർക്കാണ് അടുത്തിടെ ജോലി നഷ്ടപ്പെട്ടത്. ഏറെ സുരക്ഷിതമാണ് എന്ന് കരുതിയ ജോലിയിൽ നിന്നും പെട്ടെന്നൊരു ദിവസം പിരിച്ചുവിട്ടതോടെ വലിയ മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളിലൂടെയാണ് പലരും കടന്നു പോകുന്നത്. എന്നാൽ, അതിജീവിച്ചല്ലേ നമുക്ക് തീരൂ. അതിൽ പലരും സ്വന്തമായി ഏറെ മനസമാധാനം തരുന്ന പല ജോലികളും കണ്ടെത്തി. അങ്ങനെ ഒരാളുടെ അനുഭവമാണ് ഇതും. ആമസോണിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് കോഴിഫാം ആരംഭിക്കുകയായിരുന്നു മരിയ ഹർഷിത എന്ന യുവതി. 2026 മാർച്ചിലാണ് ആമസോണിലെ ജോലി മരിയയ്ക്ക് നഷ്ടപ്പെടുന്നത്. മാനേജർ ഈ വിവരം അറിയിച്ചപ്പോഴും അവൾ തളർന്നില്ല. തനിക്ക് ആവശ്യമുള്ള ഘട്ടത്തിൽ ലഭിച്ച ആ ജോലിക്ക് പകരമായി മറ്റൊരു അവസരം വരിക തന്നെ ചെയ്യുമെന്ന് അവൾ വിശ്വസിച്ചു.
തുടർന്ന് പുതിയ ജോലികൾക്കായി അപേക്ഷിക്കുകയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുകയും ചെയ്തെങ്കിലും പ്രതീക്ഷിച്ച ഓഫറുകൾ ലഭിച്ചില്ല. പ്രൊഡക്ട് മാനേജ്‌മെന്റിൽ കൂടുതൽ കഴിവ് തെളിയിക്കാൻ ആഗ്രഹിച്ചെങ്കിലും അതിനും സാധിച്ചില്ല. എന്നാൽ, ഭർത്താവ് കനിഷ്ക ഡേവിഡ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ മരിയയ്ക്ക് പ്രചോദനമായി. അങ്ങനെ ഒരു ദിവസം ദമ്പതികൾ ചേർന്ന് ഒരു കോഴിക്കൂട് നിർമ്മിച്ച് ആറ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. ജോലിക്കായുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും മരിയ അവയെ സ്നേഹത്തോടെ പരിപാലിച്ചു. എന്നാൽ, വാങ്ങിയ ആറ് കുഞ്ഞുങ്ങളും പൂവൻകോഴികളായിരുന്നു.
തുടർന്ന് കുട്ടികൾക്ക് ഫ്രഷ് മുട്ടകൾ നൽകുക എന്ന ലക്ഷ്യത്തോടെ പിടക്കോഴികളെയും വാങ്ങാൻ മരിയ ഭർത്താവിനെ പ്രേരിപ്പിച്ചു. ക്രമേണ കോഴിക്കൂട് വലുതാക്കുകയും കൂടുതൽ കോഴികളെ വളർത്തുകയും ചെയ്തതോടെ മുട്ടകൾ ലഭിച്ചുതുടങ്ങി. അങ്ങനെ മുട്ടകൾ വിൽക്കാൻ തുടങ്ങിയ മരിയ താനൊരു ബിസിനസ്സ് ആരംഭിച്ചതായി തിരിച്ചറിഞ്ഞു. 'എന്റെ പക്കൽ ഇപ്പോൾ ഒരു ഉൽപ്പന്നമുണ്ട്, അതായത് മുട്ടകൾ. ഞാൻ അവ വിപണിയിൽ വിൽക്കുന്നു. ഇവിടെ ആവശ്യക്കാരുണ്ട്, ആ ആവശ്യത്തിനനുസരിച്ച് സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു' മരിയ പറയുന്നു. ഇപ്പോൾ താൻ മുട്ടകളെ വെച്ച് പ്രൊഡക്ട് മാനേജ്‌മെന്റ് ചെയ്യുകയാണെന്നും ഒരിക്കലും ഉപയോഗിക്കുമെന്ന് കരുതാത്ത 'പവർ ബിഐ' ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അവർ പറയുന്നു.
തന്റെ ജീവിതത്തിലെ പ്രശ്നങ്ങളുടെ സ്വഭാവം മാറിയതിനെക്കുറിച്ചും മരിയ പറയുന്നുണ്ട്. തന്റെ പ്രശ്നം ഇപ്പോൾ പെട്ടെന്നുണ്ടാകുന്ന മീറ്റിംഗുകളോ മറ്റൊ അല്ല പന്നിയെലിയും പാമ്പുകളുമൊക്കെയാണ് എന്നും മരിയ പറയുന്നു. ലിങ്ക്ഡ് ഇന്നിൽ പങ്കുവച്ച മരിയയുടെ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. വലിയ ധൈര്യം വേണം ഇങ്ങനെ ഒരു വഴി തിരഞ്ഞെടുക്കാൻ എന്നാണ് പലരും പറഞ്ഞത്.