ലോകമഹായുദ്ധ കാലത്തെ പ്രണയം,വിരഹം ;75 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുനസമാഗമം!

By Web TeamFirst Published Jun 16, 2019, 11:17 AM IST
Highlights

യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ആ കാലത്താണ്‌ അമേരിക്കന്‍ സൈനികനായ റോബിന്‍സ്‌ 18കാരിയായ ഫ്രഞ്ച്‌ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്‌. പക്ഷേ, ആ പ്രണയം വിരഹത്തിലേക്ക്‌ വഴിമാറാന്‍ രണ്ട്‌ മാസമേ വേണ്ടിവന്നുള്ളു. യുദ്ധമുഖത്തേക്ക്‌ പുറപ്പെടുമ്പോള്‍ റോബിന്‍സ്‌ അവള്‍ക്ക്‌ വാക്ക്‌കൊടുത്തു, എന്നെങ്കിലും ഒരിക്കല്‍ താന്‍ തിരികെയെത്തുമെന്ന്‌.

രണ്ടാം ലോക മഹായുദ്ധകാലം പോരാട്ടങ്ങളുടെയും പിടിച്ചടക്കലുകളുടെയും വിജയാഘോഷങ്ങളുടേതും മാത്രമായിരുന്നില്ല, പ്രണയത്തിന്റേതും വിരഹത്തിന്റേതും കാത്തിരിപ്പിന്റേതും കൂടിയായിരുന്നു. യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ആ കാലത്താണ്‌ അമേരിക്കന്‍ സൈനികനായ റോബിന്‍സ്‌ 18കാരിയായ ഫ്രഞ്ച്‌ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്‌. പക്ഷേ, ആ പ്രണയം വിരഹത്തിലേക്ക്‌ വഴിമാറാന്‍ രണ്ട്‌ മാസമേ വേണ്ടിവന്നുള്ളു. യുദ്ധമുഖത്തേക്ക്‌ പുറപ്പെടുമ്പോള്‍ റോബിന്‍സ്‌ അവള്‍ക്ക്‌ വാക്ക്‌കൊടുത്തു, എന്നെങ്കിലും ഒരിക്കല്‍ താന്‍ തിരികെയെത്തുമെന്ന്‌.  വാക്ക്‌ പാലിച്ച്‌ റോബിന്‍സ്‌ എത്തി , 75 വര്‍ഷങ്ങള്‍ക്ക്‌ ശേഷം!!

97 കാരനായ റോബിന്‍സിന്റെയും 92കാരിയായ ജെന്നി ഗനായെയുടെയും അപൂര്‍വ്വ പ്രണയകഥ തുടങ്ങുന്നത്‌ 1944ലാണ്‌. അന്ന്‌ വടക്ക്‌കിഴക്കന്‍ ഫ്രാന്‍സില്‍ ക്യാംപ്‌ ചെയ്‌ത അമേരിക്കന്‍ സൈനികയൂണിറ്റിലെ അംഗമായിരുന്നു റോബിന്‍സ്‌. സൈനികരുടെ വസ്‌ത്രങ്ങള്‍ അലക്കിക്കൊടുത്തിരുന്നത്‌ ജെന്നിയുടെ അമ്മയാണ്‌. അങ്ങനെയാണ്‌ യാദൃച്ഛികമായി റോബിന്‍സ്‌ ജെന്നിയെ കണ്ടതും പ്രണയത്തിലായതും. രണ്ട്‌ മാസം പിന്നിട്ടപ്പോഴേക്കും റോബിന്‍സിന്‌ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകേണ്ടി വന്നു.



"ട്രക്കില്‍ കയറി അദ്ദേഹം പോകുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. യുദ്ധത്തിന്‌ ശേഷം അദ്ദേഹം അമേരിക്കയിലേക്ക്‌ പോകരുതേ എന്ന്‌ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ....." ജെന്നി പറയുന്നു.

യുദ്ധം കഴിഞ്ഞതോടെ അമേരിക്കയിലേക്ക്‌ പോകാതിരിക്കാന്‍ റോബിന്‍സിന്‌ കഴിയുമായിരുന്നില്ല. സ്വദേശത്തെത്തിയ റോബിന്‍സ്‌ പിന്നീട്‌ ലിലിയനെ വിവാഹം ചെയ്‌തു. 70 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിനൊടുവില്‍ 2015ല്‍ ലിലിയന്‍ മരിച്ചു. ജെന്നിയാവട്ടെ അഞ്ച്‌ വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ 1949ല്‍ മറ്റൊരാളെ വിവാഹം ചെയ്യുകയും അഞ്ച്‌ മക്കളുടെ അമ്മയാവുകയും ചെയ്‌തു. എങ്കിലും ഇരുവരും പരസ്‌പരം മറന്നില്ല.

ഈ വര്‍ഷമാദ്യം ചില ഫ്രഞ്ച്‌ മാധ്യമപ്രവര്‍ത്തകര്‍ റോബിന്‍സിനെ തേടിയെത്തിയതാണ്‌ പ്രണയകഥയില്‍ വഴിത്തിരിവായത്‌. യുദ്ധകാലത്തെ അനുഭവങ്ങളെക്കുറിച്ച്‌ റോബിന്‍സില്‍ നിന്ന്‌ ചോദിച്ചറിയാന്‍ എത്തിയതായിരുന്നു അവര്‍. റോബിന്‍സ്‌ അവര്‍ക്ക്‌ താന്‍ നിധി പോലെ സൂക്ഷിച്ചിരിക്കുന്ന ഒരു ഫോട്ടോ കാട്ടിക്കൊടുത്തു. 1944ലെ ജെന്നിയായിരുന്നു ആ ഫോട്ടോയിലേത്‌.

മാധ്യമപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ജെന്നിയെ കണ്ടെത്തി. ഇരുവര്‍ക്കും വീണ്ടും കാണാന്‍ അവസരമൊരുങ്ങി. "ഞാന്‍ എല്ലായ്‌പ്പോഴും നിന്നെ പ്രണയിച്ചിരുന്നു, നീയെന്റെ ഹൃദയത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയതേയില്ല". ജെന്നിയെ കണ്ടതും റോബിന്‍സ്‌ പറഞ്ഞു.

"എനിക്കത്‌ മനസ്സിലാവും, എനിക്കറിയാം അദ്ദേഹമെന്ന അത്രമേല്‍ പ്രണയിച്ചിരുന്നു". അതായിരുന്നു മാധ്യമപ്രവര്‍ത്തകരോട്‌ ജെന്നിയുടെ പ്രതികരണം. കുറച്ചു മണിക്കൂറുകള്‍ ഒന്നിച്ച്‌ ചെലവഴിച്ച്‌ മടങ്ങിപ്പോകും ഇരുവരും തമ്മില്‍ പറഞ്ഞു-നമ്മളിനിയും കാണും. കാണാതിരിക്കാന്‍ നമുക്കാവില്ലല്ലോ!!
 

click me!