ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ, അമേരിക്കയിലാണെങ്കിൽ ആയിരക്കണക്കിന് ഡോളർ വേണമെന്ന് യുവാവ്

Published : Aug 18, 2026, 07:59 PM IST
viral video

Synopsis

അമേരിക്കയിലായിരുന്നെങ്കിൽ ഒരു ഐ.വി ബാഗിനും മരുന്നുകൾക്കുമായി താൻ ആയിരക്കണക്കിന് ഡോളർ നൽകേണ്ടി വരുമായിരുന്നു. എന്നാൽ ഒഡീഷയിലെ ഈ സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് ഒന്നും നൽകാതെ തന്നെ സൗജന്യമായി ചികിത്സ ലഭിച്ചു.

ഒഡീഷയിലെ ഒരു സാധാരണ ​ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിച്ചതിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ വിനോദസഞ്ചാരിയായ മൈക്ക്. ഇന്ത്യയിലെത്തി അഞ്ചാം നാളാണ് മൈക്കിന് ശാരീരിക അസ്വസ്ഥതകളുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാർ ആശുപത്രി ആയതിനാൽ സൗജന്യമായി മികച്ച ചികിത്സ ലഭിക്കുകയും ചെയ്തു. 'അമേരിക്കൻ ഹോസ്പിറ്റലൈസ്ഡ് ഇൻ ഇന്ത്യ' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പറഞ്ഞത്.

ഒഡീഷയിലൂടെ യാത്ര ചെയ്യുകയായിരുന്ന മൈക്കിന് അവിടുത്തെ രുചികരമായ ഭക്ഷണം അധികമായി കഴിച്ചതിനെ തുടർന്നാണത്രെ അസ്വസ്ഥത അനുഭവപ്പെട്ടത്. 12 മണിക്കൂറിലധികം നേരം തുടർച്ചയായി ഛർദ്ദിലുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് ഫുഡ് പോയിസണിംഗ് അല്ലെന്നും, രുചികരമായ ഭക്ഷണം അധികമായി കഴിച്ചുപോയതാണെന്നും മൈക്ക് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് ഐ.വി ഫ്ലൂയിഡുകൾ, ഛർദ്ദിക്കുള്ള മരുന്നുകൾ, ഇൻജക്ഷനുകൾ എന്നിവ നൽകി.

അമേരിക്കയിലെ ഉയർന്ന ചികിത്സാ ചെലവുകളുമായി മൈക്ക് ഇന്ത്യയെ താരതമ്യം ചെയ്യുന്നതും കാണാം. അമേരിക്കയിലായിരുന്നെങ്കിൽ ഒരു ഐ.വി ബാഗിനും മരുന്നുകൾക്കുമായി താൻ ആയിരക്കണക്കിന് ഡോളർ നൽകേണ്ടി വരുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒഡീഷയിലെ ഈ സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് ഒന്നും നൽകാതെ തന്നെ സൗജന്യമായി ചികിത്സ ലഭിച്ച കാര്യവും മൈക്ക് പറഞ്ഞു. 'ഈ സോഷ്യലിസ്റ്റുകൾ എന്നോട് ഒരു സെന്റ് പോലും ഈടാക്കിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'ഇപ്പോൾ 100% സുഖമായിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സൗജന്യ ചികിത്സ എത്ര നല്ല കാര്യമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. അതുപോലെ, ഇന്ത്യൻ ഭക്ഷണം വയറിന് പിടിക്കാനായി 'തുടക്കത്തിൽ പഴങ്ങളും തൈരും കഴിച്ച് വയറിനെ പാകപ്പെടുത്തുക, എരിവ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക' എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ചിലർ പങ്കുവെച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സമയം ലാഭിക്കാൻ മുടി സ്റ്റൈല്‍ ചെയ്യാന്‍ സലൂണിൽ പോകും, മാസം 28,000 രൂപ ചെലവ്
1 കോടി ശമ്പളം കിട്ടുന്ന ജോലിയുപേക്ഷിച്ചു, കരിയർ തന്നെ മാറ്റി 23 -കാരി, കാരണം സ്വന്തം ബിസിനസെന്ന മോഹം