കാവലിന് രണ്ടാനകള്‍, സുഭിക്ഷ ഭക്ഷണം, ആ ചീറ്റകള്‍ ഇപ്പോള്‍ വിഐപിമാര്‍!

By Web TeamFirst Published Sep 26, 2022, 5:07 PM IST
Highlights

 സുലഭമായി കിട്ടുന്ന ഭക്ഷണം, എത്തിയ ദിവസം കണ്ട കുറേ ക്യാമറകള്‍. പുതിയ കാഴ്ചകള്‍ കണ്ട് കാര്യങ്ങള്‍ പഠിച്ച് വിമാനയാത്രയുടെ ക്ഷീണമൊക്കെ മാറി ഉഷാറായി വരുന്നുണ്ട് ചീറ്റകള്‍. 

ഒരു ഇടവേളക്ക് ശേഷം ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലികള്‍ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ പുതിയ നാടുമായും കാലാവസ്ഥയുമായും എല്ലാം പൊരുത്തപ്പെട്ടു വരികയാണ്. എട്ടില്‍ അഞ്ച് പെണ്‍ ചീറ്റകളാണ്. കാവല്‍ നില്‍ക്കുന്ന രണ്ട് ആനകള്‍ (സത്പുര കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് എത്തിച്ച ലക്ഷ്മിയും സിദ്ധാന്തും കുനോയിലെ മറ്റ് താമസക്കാര്‍ നമീബിയയില്‍ നിന്നുള്ള വരത്തന്‍മാരെ ആക്രമിക്കില്ലെന്ന് ഉറപ്പിക്കുന്നു.  സുലഭമായി കിട്ടുന്ന ഭക്ഷണം, എത്തിയ ദിവസം കണ്ട കുറേ ക്യാമറകള്‍. പുതിയ കാഴ്ചകള്‍ കണ്ട് കാര്യങ്ങള്‍ പഠിച്ച് വിമാനയാത്രയുടെ ക്ഷീണമൊക്കെ മാറി ഉഷാറായി വരുന്നുണ്ട് ചീറ്റകള്‍. 

അതിഥികളായി എത്തി നാട്ടുകാരായി മാറുന്ന തിരക്കിലാണ് എട്ട് ചീറ്റകളും. എന്തിന് ചീറ്റ? എന്തുകൊണ്ട് ചീറ്റ? ഇന്നാട്ടില്‍ നിന്ന് ചീറ്റ എങ്ങനെ പോയി? എന്തു കൊണ്ട് പോയി? ഇത്യാദി ചോദ്യങ്ങള്‍ നമീബിയയില്‍ നിന്നുള്ള എട്ട് അതിഥികള്‍ ഇവിടെ എത്തിയ ദിവസങ്ങളില്‍ സജീവമായിരുന്നു. ഇവിടെ നോക്കുന്നത് മാര്‍ജാര കുടുംബത്തിലെ മറ്റ് കസിന്‍സുമായുള്ള ചീറ്റയുടെ ബന്ധമാണ്. സിംഹം, കടുവ. പുലി ഇത്യാദികളെല്ലാം ബന്ധുക്കളാണ്. പക്ഷേ തമ്മില്‍ തമ്മില്‍ നല്ല വ്യത്യാസവും ഉണ്ട്. ആദ്യം പുതിയ അതിഥികളില്‍ നിന്ന് തുടങ്ങാം.

 

 

കേവല മര്‍ത്യര്‍ക്ക് ഇടയില്‍ ഒരു ഉസൈന്‍ ബോള്‍ട്ടേ ഉള്ളൂ. പക്ഷേ മാര്‍ജാര വംശത്തിലും ജന്തുവിഭാഗത്തില്‍ ആകെയും ചീറ്റകളെല്ലാം ബോള്‍ട്ടുമാരാണ്. ഏറ്റവും വേഗത കൂടിയ വര്‍ഗം. മണിക്കൂറില്‍ 80 മുതല്‍ 128 കിലോമീറ്റര്‍ വരെയാണ് വേഗത. ഏറ്റവും വേഗത്തില്‍ പായുമ്പോള്‍ ഓരോ കാല്‍ കവച്ചു വെക്കുമ്പോഴും ചീറ്റ ഏഴ് മീറ്റര്‍ കടക്കുന്നു. ഒരു സെക്കന്‍ഡില്‍ ചീറ്റ മൂന്ന് പ്രാവശ്യം കാലുകള്‍ മുന്നോട്ടായുന്നു. നമ്മുടെ ആധുനിക സ്‌പോര്‍ട്‌സ് കാറുകളേക്കാള്‍ വേഗത്തില്‍ ചീറ്റകള്‍ക്ക് ഗതിവേഗം കൂട്ടാനാകും. മെലിഞ്ഞ് നീണ്ട കാലുകളും വലിപ്പം കുറഞ്ഞ ശരീരവും നീണ്ട വാലും എല്ലാം ചീറ്റയെ വേഗരാജാക്കന്‍മാര്‍ ആക്കുന്നതില്‍ പങ്കുവഹിക്കുന്നു.  Acinonyx jubatus എന്നാണ് ശാസ്ത്രീയനാമം.ആഫ്രിക്കയിലും മധ്യഇറാനുമാണ് കൂടുതലായി കണ്ടു വരുന്ന പ്രദേശങ്ങള്‍. പുള്ളി എന്ന് അര്‍ത്ഥം വരുന്ന ചിറ്റ എന്ന വാക്കില്‍ നിന്നാണ് പേര്. പകലാണ് കൂടുതലും വേട്ടയാടുക. വലിയ ഗര്‍ജനം ഒന്നും ആശാനില്ല. മുരള്‍ച്ചയും ചീറ്റലും ആണ് ശീലം. 

 

 

പുള്ളിപ്പുലികള്‍

ചീറ്റപ്പുലിയുടെ ഏറ്റവും അടുത്ത ബന്ധുക്കളാണ് പുള്ളിപ്പുലികള്‍. പുള്ളി എന്ന് പേരില്‍ ഉണ്ടെങ്കിലും ശരീരത്തില്‍ കാണുന്ന പാടുകള്‍ക്ക് റോസെറ്റ്‌സ് എന്നാണ് പറയുക. റോസാപ്പൂവിനോട് ആണ് പാടുകള്‍ക്ക് സാമ്യം എന്നതു കൊണ്ടാണിത്. ചീറ്റകളേക്കാള്‍ കരുത്തുണ്ട്. മണിക്കൂറില്‍ 58 കിലോമീറ്റര്‍ വരെ വേഗതയുണ്ട്, കൂട്ടത്തിലെ കേമന് 6.2 അടിവരെ നീളമുണ്ടാകും. മരംകയറ്റത്തിലും കേമന്‍മാര്‍. വൃക്ഷശിഖരങ്ങളില്‍ വിശ്രമിക്കുന്നത് വലിയ ഇഷ്ടമാണ്. മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാന്‍ വേട്ടയാടുന്ന ഇരകളെ മരത്തില്‍ മുകളില്‍ വലിച്ചു കയറ്റി സ്വസ്ഥമായി ഭക്ഷണം കഴിക്കുന്നതും പതിവാണ്. ഭക്ഷണകാര്യത്തില്‍ ഇന്നതു വേണം, ഇന്നതേ പറ്റൂ അങ്ങനെ ഒരു നിര്‍ബന്ധ ബുദ്ധിയൊന്നും ഇല്ല. മാനായാലും മീനായാലും കിട്ടുന്നതില്‍ ഹാപ്പി. നിര്‍ബന്ധം ഉള്ള ഒരു കാര്യമുണ്ട്. തന്റെ പ്രദേശമായി കരുതുന്നിടത്ത് കൂട്ടത്തില്‍ വേരെ ആരും വന്ന് കസറുന്നത് ഇഷ്ടമല്ല. സ്വന്തം ഭൂമിക രേഖപ്പെടുത്താന്‍ പുള്ളിപ്പുലികള്‍ക്ക് തനത് രീതികളുമുണ്ട്. Panthera Pardus എന്നാണ് ശാസ്ത്രീയ നാമം. 

 

 

കടുവ

പുള്ളികളുള്ള കസിന്‍സില്‍ നിന്ന് വ്യത്യസ്തനാണ് വരയന്‍പാടുകളുള്ള കടുവ. കുടുംബത്തിലെ കേമന്‍മാര്‍. ഒന്നിന്റെ വര മറ്റൊന്നു പോലെ അല്ല. മണിക്കൂറില്‍ 65  കിലോമീറ്റര്‍ വരെ വേഗതയുണ്ട്. ദേഷ്യം പിടിച്ച് ഒന്ന് അമര്‍ത്തി അലറിയാല്‍ മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് കേള്‍ക്കും. ഒറ്റക്ക് രാത്രിയില്‍ വേട്ടയാടുന്നത് ശീലം. ചെറുതൊന്നും പിടിക്കില്ല, മാനോ പന്നിയോ തന്നെ മിനിമം വേണം. പുലികളെ പോലെയല്ല വെള്ളത്തില്‍ കളിക്കാന്‍ ഇഷ്ടമാണ്. നീന്താന്‍ നല്ല മിടുക്കുമുണ്ട്. Panthera tigris. കുടുംബത്തില്‍ സൗന്ദര്യം കൂടുതല്‍ കടുവകളുടെ താവഴിക്കാണ് എന്നാണ് വെയ്പ്. അതുകൊണ്ട് എന്താ? ചന്തമുള്ള തൊലിക്ക് വേണ്ടി ഏറെ വേട്ടയാടപ്പെട്ടു. ഇപ്പോള്‍ സംരക്ഷണ പദ്ധതികളും നടപടികളും എല്ലാം കാരണം സ്ഥിതി കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. അപ്പോഴും വംശനാശഭീഷണി തീര്‍ത്തും ഒഴിഞ്ഞിട്ടില്ല.

 

 

സിംഹങ്ങള്‍

ഇനി പറയുന്നത് മാര്‍ജാര കുടുംബത്തിലെ മാത്രമല്ല കാട്ടിലെ തന്നെ രാജാവിന്റെ കാര്യം. ജനിക്കുമ്പോള്‍ ചില ചെറിയ പുള്ളികളൊക്കെ കാണും ശരീരത്തില്‍. പക്ഷേ വളര്‍ന്ന് വലുതാവുമ്പോള്‍ അതൊക്കെ മായും. ജടയാണ് ലുക്കിന് ഒരു ഗാംഭീര്യം കൊടുക്കുന്നത്. പത്തടി വരെ നീളവും 250 കിലോ വരെ ഭാരവും ഉണ്ടാകും. പകല്‍ ആണ് വേട്ട കൂടുതലും. പെണ്‍സിംഹങ്ങള്‍ വേട്ടയാടി ആഹാരമെത്തിക്കുമ്പോള്‍ കൂട്ടത്തിലെ പുരുഷകേസരികള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കും. ധൈര്യശാലികളും അഭിമാനികളും ആണ് സിംഹങ്ങള്‍. വെറുതെ രസത്തിന് വേട്ടയാടാറില്ല, ആക്രമിക്കാറുമില്ല. പക്ഷേ ദുരയുടെ വേട്ടയാടലിന് നിയമങ്ങള്‍ ഇല്ലാത്തതു കൊണ്ട് സിംഹങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. 

 എഴുപത് വര്‍ഷത്തിന് ശേഷം ആണ് ചീറ്റകള്‍ ഇന്ത്യയില്‍ എത്തുന്നത്. പക്ഷേ കുടുംബക്കാര്‍ ഇന്നാട്ടില്‍ തുടരുന്നുണ്ടായിരുന്നു. കാടിന്റെ കരുത്തും സൗന്ദര്യവുമാണ് ഈ വലിയ മാര്‍ജാരര്‍

click me!