
ശരീരത്തിൽ നൂറോളം മാറ്റങ്ങൾ വരുത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് അമേരിക്കൻ ദമ്പതികൾ. ഗിന്നസ് വേൾഡ് റെക്കോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ ലോക റെക്കോർഡ് സ്വന്തമാക്കാൻ ഇവർ ഇരുവരും ചേർന്ന് തങ്ങളുടെ ശരീരത്തിൽ വരുത്തിയത് 98 മാറ്റങ്ങളാണ്. ടാറ്റൂ, മൈക്രോഡെർമലുകൾ, ബോഡി ഇംപ്ലാന്റുകൾ എന്നിങ്ങനെ വിവിധതരത്തിലുള്ള 98 മാറ്റങ്ങളിലൂടെയാണ് ഇവർ തങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക രൂപം മാറ്റിയത്.
ഉറുഗ്വേ സ്വദേശിയായ വിക്ടർ ഹ്യൂഗോ പെരാൾട്ടയും അർജന്റീനയിൽ നിന്നുള്ള ഗബ്രിയേല പെരാൾട്ടയും ആണ് ഈ ദമ്പതികൾ. 2014 -ൽ ഇവർ 84 മാറ്റങ്ങൾ ശരീരത്തിൽ വരുത്തി ഏറ്റവും കൂടുതൽ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്ന വിവാഹിതരായ ദമ്പതികൾ എന്ന പദവി നേടിയിരുന്നു. ആ റെക്കോർഡ് നേട്ടമാണ് ഇപ്പോൾ വീണ്ടും ഇരുവരും ചേർന്ന് തിരുത്തിക്കുറിച്ചിരിക്കുന്നത്.
ശരീരത്തിൽ ഇവർ വരുത്തിയ മാറ്റങ്ങൾ കേട്ടാൽ ആരും അമ്പരക്കും. ഇരുവരുടെയും ശരീരത്തിൽ 50 തുളകൾ ഉണ്ട്, എട്ട് മൈക്രോഡെർമലുകൾ, 14 ബോഡി ഇംപ്ലാന്റുകൾ, അഞ്ച് ഡെന്റൽ ഇംപ്ലാന്റുകൾ, നാല് ഇയർ എക്സ്പാൻഡറുകൾ, രണ്ട് ഇയർ ബോൾട്ട് തുടങ്ങിയവയുമുണ്ട്. എന്തിനേറെ പറയുന്നു കണ്ണുകൾക്കുള്ളിൽ വെളുത്ത ഭാഗത്ത് പോലും ഇവർ പച്ച കുത്തിയിട്ടുണ്ട്.
24 വർഷങ്ങൾക്കു മുൻപ് നടന്ന ഒരു മോട്ടോർസൈക്കിൾ ഇവന്റിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും പരിചയപ്പെട്ടതും. കൂടുതൽ അടുത്തറിഞ്ഞപ്പോൾ രണ്ടുപേരുടെയും താൽപര്യങ്ങളും ഇഷ്ടങ്ങളും ഒന്നാണെന്ന് മനസ്സിലാക്കുകയും ഇവർ പ്രണയത്തിലാവുകയും ചെയ്തു. അങ്ങനെ 10 വർഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോൾ 14 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.