Myanmar : ധരിച്ചത് ജയില്‍വേഷം, പട്ടാളം ഭരണം പിടിച്ചശേഷം ആദ്യമായി സ്യൂകി കോടതിയില്‍

Web Desk   | Asianet News
Published : Dec 17, 2021, 07:31 PM IST
Myanmar : ധരിച്ചത് ജയില്‍വേഷം, പട്ടാളം ഭരണം  പിടിച്ചശേഷം ആദ്യമായി സ്യൂകി കോടതിയില്‍

Synopsis

മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളിയ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചി ജയില്‍ വേഷത്തില്‍ കോടതിയില്‍ പ്രത്യക്ഷപ്പെട്ടു. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഈ മാസമാദ്യം നാല് വര്‍ഷം തടവിനു ശിക്ഷിച്ച ആങ് സാന്‍ സ്യൂചി ഇന്ന് കാലത്താണ് ജയില്‍വേഷമായ വെള്ള ടോപ്പും ബ്രൗണ്‍ നിറത്തിലുള്ള ഉടുപ്പും ധരിച്ച് തലസ്ഥാന നഗരത്തിലെ കോടതിയില്‍ എത്തിയതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെയും തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെങ്കിലും, ജയില്‍ വേഷത്തിനു പകരം, സാധാരണ വേഷം ധരിച്ചാണ് മുമ്പൊക്കെ അവര്‍ കോടതിയില്‍ എത്തിയിരുന്നത്. നൊബേല്‍ സമ്മാന ജേതാവായ സ്യൂചിയെ സൈനിക ഭരണകൂടം കര്‍ശനമായി നേരിടുകയാണ് എന്നതിന്റെ സൂചനയാണ് ഇതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്യൂചിക്കെതിരെ 11 ഓളം കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവര്‍ നിരസിക്കുകയും ചെയ്തിട്ടുണ്ട്. 100 വര്‍ഷമെങ്കിലും തടവു ശിക്ഷ വിധിക്കാവുന്നതാണ് 76 കാരിയായ സ്യൂചിക്കെതിരെ ചുമത്തിയ കേസുകളെല്ലാം.  

ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പുറത്താക്കുകയും നേതാക്കളെ തടവില്‍ വെക്കുകയും ചെയ്താണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്.

കോടതി ശിക്ഷിച്ചെങ്കിലും സ്യൂചിയെ ജയിലിലേക്ക് മാറ്റില്ല എന്നായിരുന്നു സൈനിക ഭരണത്തലവന്‍ മിന്‍ ഹോംഗ് ലെയിന്‍ അറിയിച്ചിരുന്നത്. സ്യൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുന്‍ മ്യാന്മര്‍ പ്രസിഡന്റും സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പാര്‍ട്ടി സഖ്യനേതാവുമായ വിന്‍ മ്യിന്റും ഇന്ന് കോടതിയില്‍ ജയില്‍ വേഷം ധരിച്ച് എത്തിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്യൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ മ്യാന്‍മറിലും ലോകമാകെയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. അഴിമതി, ഔദ്യോഗിക രഹസ്യ നിയമ ലംഘനം തുടങ്ങി സ്യുചിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

മ്യാന്‍മര്‍ രാഷ്ട്രപിതാവായ ഓങ് സാനിന്റെ മകളായ സ്യൂചി സൈനിക ഭരണകൂടത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പതിറ്റാണ്ടുകളോളം വീട്ടുതടങ്കലിലായിരുന്നു. ലോകമെങ്ങുംനിന്നുയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ 2010-ലാണ് ഇവര്‍ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിക്കപ്പെട്ടത്. അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് സ്യൂചിയുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരിച്ചിരുന്നു. അതിനെ തുടര്‍ന്ന് സൈനിക ഭരണകൂടത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയ കക്ഷി അധികാരത്തിലെത്തി. എന്നാല്‍, 2015-ലെ തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ചരിത്രവിജയം നേടി അധികാരത്തില്‍ എത്തി. തുടര്‍ന്ന് മ്യാന്‍മര്‍ 2001-വരെ സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് മ്യാന്‍മര്‍ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈന്യം വീണ്ടും അധികാരം പിടിക്കുകയും സ്യൂചി അടക്കമുള്ള നേതാക്കളെ ജയിലിലടക്കുകയും ചെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ