
നമ്മുടെ കൈകാലുകളിൽ ചൂടോ തണുപ്പോ അനുഭവപ്പെടാതിരുന്നാൽ എന്താവും അവസ്ഥ? അങ്ങനെ ഒരു അപൂർവാവസ്ഥ കൊണ്ട് വലയുകയാണ് കഴിഞ്ഞ അഞ്ച് വർഷമായി ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു 22 -കാരൻ.
ഐഡൻ മക്മാനസ് എന്ന യുവാവാണ് ഇങ്ങനെ ഒരു അവസ്ഥയുമായി ജീവിക്കുന്നത്. വെറും 17 വയസ് മാത്രമുള്ളപ്പോൾ, ഹൈസ്കൂൾ അവസാന വർഷം പഠിക്കവേയാണ് ഐഡന് കാലുകളിൽ ചൂടും തണുപ്പും ഒക്കെ അനുഭവപ്പെടുന്നത് കുറഞ്ഞു വന്ന് തുടങ്ങിയത്.
കാലുകളിൽ ഇക്കിളിയുണ്ടാവുന്നത് പോലെ തോന്നാനും മരവിപ്പ് അനുഭവപ്പെടാനും ഒക്കെ തുടങ്ങിയതായി ഐഡൻ പരാതി പറഞ്ഞതായി അവന്റെ അമ്മ ആഞ്ചല മക്മാനസ് പറയുന്നു. പ്രാഥമികമായി നടന്ന പരിശോധനയിൽ fluid retention ആണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനുള്ള മരുന്നും നൽകി. എന്നിരുന്നാലും, ഐഡന് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അതോടെയാണ് ആ മരുന്ന് ഫലപ്രദമല്ലെന്ന് തെളിഞ്ഞത്.
യുവാവിന്റെ അവസ്ഥ പരിതാപകരമായി മാറിയതോടെ മറ്റ് ഡോക്ടർമാരെ കാണിച്ച് തുടങ്ങി. 20 -ലധികം ബ്ലഡ് ടെസ്റ്റുകളും മറ്റ് അനേകം ടെസ്റ്റുകളും നടത്തി. ബയോപ്സി ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഒരു ഫലവും ഉണ്ടായില്ല. യുവാവിന് എന്താണ് സംഭവിക്കുന്നത് എന്ന് മാത്രം ഡോക്ടർമാർക്ക് കണ്ടെത്താനായില്ല.
മാത്രമല്ല, ഐഡൻ ചൂടുള്ള എന്തെങ്കിലും എടുക്കുമ്പോൾ അയാൾക്ക് തണുപ്പാണ് അനുഭവപ്പെടുക, തണുത്ത എന്തെങ്കിലും തൊടുമ്പോഴാകട്ടെ അയാൾക്ക് പൊള്ളുന്ന പോലെയാണ് അനുഭവപ്പെടുക. അതിനാൽ തന്നെ അവന് ഭക്ഷണം പാകം ചെയ്യാനോ തണുപ്പുള്ളതോ ചൂടുള്ളതോ ആയ എന്തെങ്കിലും കൈകാര്യം ചെയ്യാനോ ഒന്നും സാധിക്കില്ല എന്നും ഐഡന്റെ അമ്മ പറയുന്നു.
എന്താണ് രോഗം എന്ന് അറിയാത്തതിനാൽ തന്നെ കൃത്യമായ ചികിത്സ നൽകുന്നതും ബുദ്ധിമുട്ടാണ്. വേദന ഇല്ലാതിരിക്കാനുള്ള മരുന്നാണ് ഇപ്പോൾ നൽകുന്നത്. അതിന് വലിയ ചിലവാണ് കുടുംബം നേരിടുന്നത്.