ചെർണോബിലിലെ ആദ്യത്തെ കൺസ്യൂമർ ഉത്പന്നം, 'അറ്റോമിക് സ്‍പിരിറ്റ്' ഉക്രേനിയൻ അധികൃതർ പിടിച്ചെടുത്തു

By Web TeamFirst Published May 9, 2021, 2:31 PM IST
Highlights

ശാസ്ത്രജ്ഞരുടെ ഒരു കൂട്ടമാണ് ഇതിന് പിന്നില്‍. ദുരന്തം സംഭവിച്ച ഇതേ ഭൂമിയില്‍ ഭാവിയില്‍ വിവിധ ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിക്കുക എന്നതു കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം.

ചെര്‍ണോബില്‍ ആണവ നിലയത്തിന് സമീപം വളർത്തുന്ന ആപ്പിൾ ഉപയോഗിച്ച് നിർമ്മിച്ച മദ്യത്തിന്റെ ആദ്യത്തെ കുപ്പികൾ ഉക്രേനിയൻ അധികൃതർ പിടിച്ചെടുത്തു. മാർച്ച് 19 -ന് 1,500 കുപ്പി അറ്റോമിക് വോഡ്ക കണ്ടുകെട്ടിയതായും കൈവ് പ്രോസിക്യൂട്ടർ ഓഫീസിലേക്ക് കൊണ്ടുപോയതായും ചെർണോബിൽ സ്പിരിറ്റ് കമ്പനി അറിയിച്ചു. 1986 -ലെ ആണവ ദുരന്തത്തിനുശേഷം ചെർണോബിലിന്റെ ആദ്യത്തെ ഉപഭോക്തൃ ഉൽ‌പന്നമാണ് ഈ അറ്റോമിക് വോഡ്ക. 

ഉക്രേനിയൻ സുരക്ഷാ സേവനങ്ങളുടെ അന്വേഷണത്തിന്റെ ഫലത്തിനായി അവർ ഇപ്പോൾ കാത്തിരിക്കുകയാണ്. എന്നാൽ യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറാക്കിയ മദ്യം എന്തിനാണ് പിടിച്ചെടുത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് അവർ പറയുന്നു. "ഉക്രേനിയൻ എക്സൈസ് സ്റ്റാമ്പുകൾ ഉപയോഗിച്ചതിന്റെ പേരിലാണ് നടപടി എന്ന് തോന്നുന്നു" എന്ന് പ്രൊഫസർ ജിം സ്മിത്ത് എന്ന ശാസ്ത്രജ്ഞൻ വിശദീകരിച്ചു, ഉക്രേനിയൻ സഹപ്രവർത്തകർക്കൊപ്പം ചെർണോബിൽ സ്പിരിറ്റ് കമ്പനി സ്ഥാപിക്കുന്നതിനുമുമ്പ് സ്ഥലത്തെ കുറിച്ച് നിരവധി വർഷങ്ങൾ പഠിച്ച ശാസ്ത്രജ്ഞൻ ആണ് അദ്ദേഹം. 'യുകെ മാര്‍ക്കറ്റിലേക്കാണ് ഇത് അയക്കാന്‍ വച്ചിരുന്നത്. അതിനാവശ്യമായ യുകെ എക്സൈസ് സ്റ്റാമ്പ് ഉപയോഗിച്ചിരുന്നു. പിന്നെ എന്തിനാണ് ഇത് പിടിച്ചെടുത്തത് എന്നറിയില്ല' എന്നും അദ്ദേഹം പറയുന്നു. 

കമ്പനിയുടെ സഹഉടമ ഡോ. ഗെന്നഡി ലാപ്ടേവ് പറയുന്നത്, 'എന്തുകൊണ്ടാണോ വോഡ്ക പിടിച്ചെടുത്തത് ആ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ കഴിയുകയും കമ്പനിക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാനാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ്. 1986 -ലെ ആണവദുരന്തം നടന്ന ചെര്‍ണോബിലിലെ 4000 സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന എക്സ്ക്ലൂഷന്‍ മേഖലയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരാണ് 'അറ്റോമിക് വോഡ്ക' ഉണ്ടാക്കുന്ന ഈ എന്‍റര്‍പ്രൈസ് കമ്പനി നടത്തുന്നത്. ഇവിടെ വളര്‍ത്തുന്ന ധാന്യങ്ങളും മറ്റ് വിളകളും ഉപയോഗിച്ച് സുരക്ഷിതമായി ഉത്പന്നങ്ങള്‍ തയ്യാറാക്കാനാകുമോ എന്ന പരീക്ഷണവും ഇവര്‍ നടത്തുകയുണ്ടായി. എക്സ്ക്ലൂഷന്‍ സോണിന് ചുറ്റുമുള്ള ഭൂമി ഉപയോഗപ്രദമാക്കാം എന്ന് തെളിയിക്കുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്തത് എന്ന് ഗവേഷകര്‍ പറയുന്നു. നിലവില്‍ അവിടെ എന്തെങ്കിലും നട്ടുവളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍, ഭാവിയില്‍ പ്രദേശത്തുള്ളവര്‍ക്ക് ഇവിടെ എന്തെങ്കിലും നട്ടുവളര്‍ത്താനും അത് വിറ്റഴിക്കുന്നതിനും സാധിക്കും എന്നും ഗവേഷകര്‍ പറയുന്നു. 

അറ്റോമിക് വോഡ്‍ക

1986 -ൽ നടന്ന ദുരന്തത്തിനു ശേഷം ആദ്യമായാണ് ചെര്‍ണോബിലില്‍ നിന്ന് ഇങ്ങനെ ഒരു ഉത്പന്നം പിറവി കൊള്ളുന്നത്. എക്സ്ക്ലൂഷൻ സോണിന് അകത്തുവരുന്ന 4000 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമിയിലുണ്ടാക്കിയ ഒരു ഫാമില്‍ നിന്നാണ് വോഡ്‍ക ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ശാസ്ത്രജ്ഞരുടെ ഒരു കൂട്ടമാണ് ഇതിന് പിന്നില്‍. ദുരന്തം സംഭവിച്ച ഇതേ ഭൂമിയില്‍ ഭാവിയില്‍ വിവിധ ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിക്കുക എന്നതു കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം. 'ഞങ്ങൾ വിശ്വസിക്കുന്നത്, ഇത്തരത്തിൽ ഒരു ദുരന്തം ഒരിക്കൽ നടന്നുപോയി എന്നതിന്റെ പേരിൽ നമ്മൾ ഒരു വലിയ ഭൂപ്രദേശത്തെ അപ്പാടെ ഉപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല. നമുക്ക് ആ പ്രദേശത്തെത്തന്നെ പലവിധേന പ്രയോജനപ്പെടുത്തി അതിൽ നിന്നും ഒട്ടും തന്നെ റേഡിയോ ആക്ടിവിറ്റി കലരാത്ത ഉത്പന്നങ്ങൾ നിർമ്മിച്ചെടുക്കാം. അതുതന്നെയായിരുന്നു ഞങ്ങൾ ഏറ്റെടുത്ത വെല്ലുവിളിയും' എന്നാണ് ​ഗവേഷകർ പറഞ്ഞിരുന്നത്.  

യൂണിവേഴ്സിറ്റി ഓഫ് പോര്‍ട്‍സ്മൗത്ത് പ്രൊഫസര്‍ ജിം സ്മിത്തിന്‍റെ ആശയമായിരുന്നു ഇങ്ങനെയൊരു വോഡ്‍കയുണ്ടാക്കുക എന്നത്. 'മറ്റേത് വോഡ്‍കയില്‍ നിന്നും ഒരിത്തിരി പോലും കൂടുതലായി റേഡിയോ ആക്ടീവ് അല്ലാത്ത വോഡ്‍ക തന്നെയാണ് ചെര്‍ണോബിലില്‍ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരിക്കുന്നതും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ലബോറട്ടറികള്‍ നമുക്കുണ്ട്. അവിടെയാണ് ഇത് പരിശോധിച്ചത്. അതിലൊന്നും തന്നെ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയിട്ടില്ലെ'ന്നും ജിം സ്മിത്ത് പറയുന്നു. 

'തൊണ്ണൂറുകള്‍ മുതല്‍ ചെര്‍ണോബില്‍ ദുരന്തം ബാധിച്ച പ്രദേശത്തെ പഠിക്കുന്ന ഒരാളെന്ന നിലയില്‍ ഉക്രെയിനിലെ ജനങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക തകര്‍ച്ചകള്‍ തന്നെ അസ്വസ്ഥനാക്കിയിരുന്നു. പ്രദേശത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ടായിരുന്നു. സ്ഥലത്തെ പലര്‍ക്കും നല്ല ജോലിയോ, നല്ല ആരോഗ്യമോ, ഭക്ഷണമോ ഉണ്ടായിരുന്നില്ല. അതിന് മാറ്റം വരേണ്ടതുണ്ടായിരുന്നു. 30 വര്‍ഷത്തിന് ശേഷം ഈ പ്രദേശത്തെ നോക്കുമ്പോള്‍ അത് സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരിക്കണം. വോഡ്‍കയില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിക്കുക ചെര്‍ണോബില്‍ ദുരന്ത പ്രദേശത്തെ വീണ്ടെടുക്കുന്നതിനും അതിന്‍റെ വികസനത്തിനുമായിരിക്കും. അതില്‍ നിന്നുള്ള പണം ദുരന്തത്തെ അതിജീവിച്ച ജനങ്ങള്‍ക്ക് കൂടിയുള്ളതായിരിക്കും' എന്നും  -ജിം സ്മിത്ത് നേരത്തെ പറയുകയുണ്ടായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!