അറുപതുകളിലെ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി ബാൽ താക്കറെയുടെ 'മാർമിക്' കാർട്ടൂൺവാരിക വീണ്ടും അച്ചടിയിലേക്ക്

By Web TeamFirst Published Nov 25, 2020, 3:57 PM IST
Highlights


താക്കറെയുടെ മണ്ണിന്റെ മക്കൾ വാദം പരമാവധി പ്രതിഫലിപ്പിച്ചിരുന്ന 'മാർമിക്' എക്കാലവും മറാഠി മാനൂസിന്റെ കൂടെത്തന്നെ നിലകൊണ്ടു. 

ഒരു കാലത്ത് ബാൽ താക്കറെ എന്ന പ്രസിദ്ധനായിരുന്നത് ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയ്ക്കായിരുന്നു. ആറുപതിറ്റാണ്ടു മുമ്പ്, 1960 -ൽ, അന്ന് ഫ്രീ പ്രസ് ജേർണൽ എന്ന പത്രത്തിൽ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാൽ താക്കറെയാണ് മറാഠി ഭാഷയിലെ ആദ്യത്തെ കാർട്ടൂൺ വീക്കിലിയായ 'മാർമിക്' തുടങ്ങുവന്നത്. മാർമിക് എന്ന വാക്കിന്റെ അർത്ഥം 'മർമം തൊടുന്ന' എന്നായിരുന്നു. പേരുപോലെ തന്നെ നിശിതമായ രാഷ്ട്രീയവിമർശനമായിരുന്നു 'മാർമിക്' മുന്നോട്ടു വെച്ചിരുന്നതും. 

താക്കറെയുടെ മണ്ണിന്റെ മക്കൾ വാദം പരമാവധി പ്രതിഫലിപ്പിച്ചിരുന്ന 'മാർമിക്' എക്കാലവും മറാഠി മാനൂസിന്റെ കൂടെത്തന്നെ നിലകൊണ്ടു. ശിവസേനക്കാർക്കിടയിൽ മാത്രമല്ല, എതിർപക്ഷമായ കോൺഗ്രസിലും മാർമിക്കിന് ആരാധകരുണ്ടായിരുന്നു. ഒരർത്ഥത്തിൽ, വാരിക  തുടങ്ങി ആറുവർഷത്തിനു ശേഷം 1966 -ൽ രൂപീകരിക്കപ്പെട്ട ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയുടെ തന്നെയും മുൻഗാമി ആയിരുന്ന ഈ മാർമിക് വീക്കിലി താക്കറെയുടെ പുഷ്കല കാലത്ത് ഏറെ വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. 

പിന്നീട് സാമ്‌ന എന്ന ഒരു ഔദ്യോഗിക പത്രം തുടങ്ങുന്നത് വരെ ശിവസേനയുടെ മേൽവിലാസം തന്നെ ഈ മാർമിക് വീക്കിലി ആയിരുന്നു. പിന്നീടങ്ങോട്ട് പതുക്കെപ്പതുക്കെ അതിന്റെ ശോഭ മങ്ങിത്തുടങ്ങി. ഒടുവിൽ ഈയടുത്ത കാലം വരെയും അത് പ്രസിദ്ധപ്പെടുത്തപ്പെട്ടിരുന്നു എങ്കിലും, അതിന്റെ രാഷ്ട്രീയ പ്രസക്തി ഏറെക്കുറെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഈ ലോക്ക് ഡൌൺ കാലത്ത് അത് ഏറെക്കുറെ നിലച്ചു പോയ അവസ്ഥയിൽ ആയിരുന്നു. 

2020 മാർമിക് വാരികയുടെ വജ്രജൂബിലി വർഷമാണ്. നവംബർ 17 -ന് മാർമിക്കിന്റെ ഒരു കളക്ടേഴ്‌സ് ഇഷ്യു പുറത്തിറങ്ങി. അധികം താമസിയാതെ അത് വീണ്ടും മുടങ്ങാതെ പ്രസിദ്ധപ്പെടുത്തപ്പെടും എന്നാണ് പ്രസാധകർ അറിയിച്ചിട്ടുള്ളത്. 

click me!