
താൻ ട്രെയിനിംഗ് നൽകിയ അതേ എഐ ചാറ്റ്ബോട്ട് കാരണം തന്റെ ജോലി നഷ്ടപ്പെട്ടുവെന്ന് മുൻ ബാങ്ക് ജീവനക്കാരി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നിലെ മുൻ ജീവനക്കാരിയാണ് തന്നെ പിരിച്ചുവിട്ടതായും പകരം എഐ ചാറ്റ്ബോട്ടിനെ ആ ജോലി ഏല്പിച്ചതായുമുള്ള വിവരമറിഞ്ഞ് തകർന്നു പോയത്.
കാതറിൻ സള്ളിവൻ 25 വർഷമായി കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയിൽ ജോലി ചെയ്തുവരികയായിരുന്നു. ജൂലൈ അവസാനം, ഒരു പുതിയ AI ചാറ്റ്‌ബോട്ട് വന്നതിനനുസരിച്ച് ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു. അതോടെയാണ് കാതറിന് തന്റെ ജോലി നഷ്ടപ്പെട്ടത്. അവർക്ക് മാത്രമല്ല, മറ്റ് 44 ജീവനക്കാരെയും ബാങ്ക് പിരിച്ചുവിട്ടു.
63 കാരിയായ കാതറിൻ 2000 -ത്തിലാണ് ഈ ബാങ്കിൽ ജോലിക്ക് ചേർന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കസ്റ്റമർ മെസേജിംഗ് ടീമിലാണ് ജോലി ചെയ്യുന്നത്. തന്നെ പിരിച്ചുവിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് കാതറിൻ കരഞ്ഞുകൊണ്ട് യാഹൂ ന്യൂസിനോട് പറഞ്ഞത്.
ജൂലൈ 28 -നാണ് ബാങ്ക് കാതറിനോട് ഇനി ജോലിക്ക് അവരുടെ ആവശ്യമില്ല എന്ന് അറിയിക്കുന്നത്. 'ഇത്രയും കാലവും വളരെ വിശ്വസ്തതയോടെയാണ് താൻ ജോലി ചെയ്തത്. അതിന് തിരിച്ച് തനിക്ക് നന്ദി ലഭിച്ചത് ഇങ്ങനെയാണ്. എന്റെ ഹൃദയവും ആത്മാവും ബിസിനസിനായി സമർപ്പിച്ച ആളാണ് ഞാൻ. അഭിമാനത്തോടെയാണ് ഞാൻ ആ യൂണിഫോം ധരിച്ചത്' എന്ന് കാതറിൻ പറയുന്നു.
Bumblebee എന്ന സിബിഎ ചാറ്റ്ബോട്ടിനെ പരിശീലിപ്പിക്കലായിരുന്നു അവസാനത്തെ കുറച്ച് മാസങ്ങൾ കാതറിന്റെ ജോലി. എങ്കിലും തന്റെ ജോലി പോകുമെന്ന് സ്വപ്നത്തിൽ പോലും താൻ കരുതിയിരുന്നില്ല എന്നും കാതറിൻ പറയുന്നു.
എന്തായാലും പിന്നീട് ബാങ്ക് പിരിച്ചുവിടലിൽ മാപ്പ് പറയുകയും ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഓഫർ ചെയ്ത തസ്തികകളിലെ പ്രശ്നം കാരണം കാതറിനടക്കമുള്ള കുറച്ചുപേർ ഓഫർ സ്വീകരിച്ചില്ല.