
ആഫ്രിക്കയിൽ പതിനായിരക്കണക്കിന് ആരാധകരുള്ള ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബിബിസി. രണ്ടുവർഷത്തെ അന്വേഷണത്തിന് ശേഷമാണ് ബിബിസി നൈജീരിയന്‍ ടെലിവാഞ്ചലിസ്റ്റ് ടി.ബി. ജോഷ്വക്കെതിരെ ഇപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സിനഗോഗ് ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ സ്ഥാപകൻ കൂടിയാണ് ജോഷ്വ. 2021 -ൽ ഇയാൾ അന്തരിച്ചു. നേരത്തെ സഭാംഗങ്ങളായിരുന്ന 25 -ലധികം ആളുകളാണ് ജോഷ്വായ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അവിടെയുണ്ടായിരുന്ന സ്ത്രീകളെ ജോഷ്വാ ആവർത്തിച്ച് ബലാത്സംഗം ചെയ്തു. അതുപോലെ പീഡനത്തെ തുടർന്ന് ഗർഭിണികളായവരെ ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചു എന്നെല്ലാം ആരോപണത്തിൽ പറയുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് പുറമെ കുട്ടികളെയും ഇയാൾ ദുരുപയോഗം ചെയ്തുവെന്നും ആളുകളെ ചങ്ങലക്കിടുകയും ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തു എന്നും ബിബിസിയുടെ അന്വേഷണത്തിൽ പറയുന്നു.
ബിബിസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരെ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നത്. കോംപൗണ്ടിനുള്ളിൽ തന്നെയാണ് തങ്ങൾ അതിക്രമങ്ങൾക്കിരകളായത്. ഇയാളുടെ അതിക്രമങ്ങൾ 20 വർഷത്തോളം നീണ്ടുനിന്നു എന്നും വെളിപ്പെടുത്തലുകളിൽ പറയുന്നു.
ബിബിസി നടത്തിയ അന്വേഷണത്തിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയൊക്കെയാണ്:
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും ആളുകളെ ചങ്ങലക്കിട്ട് ചമ്മട്ടി കൊണ്ട് അടിക്കുന്നതും ഉൾപ്പടെ കണ്ട ദൃക്സാക്ഷികളുടെ വിവരണം.
വർഷങ്ങളോളം കോംപൗണ്ടിനുള്ളിൽ തങ്ങളെ ജോഷ്വ ആവർത്തിച്ചു പീഡിപ്പിച്ചു എന്ന സ്ത്രീകളുടെ വെളിപ്പെടുത്തൽ.
ജോഷ്വ പീഡിപ്പിച്ച് ഗർഭിണികളാക്കിയ സ്ത്രീകളെ ഗർഭച്ഛിദ്രം ചെയ്യിച്ചു എന്ന വെളിപ്പെടുത്തൽ.
ജോഷ്വ കാരണം അത്ഭുതകരമായി രോഗശാന്തി നേടി എന്ന് കാണിക്കുന്ന 'വ്യാജ' വീഡിയോകളുടെ നിർമ്മാണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ.
ഇരകളിൽ ഒരാളായ, റേ എന്ന ബ്രിട്ടീഷ് വനിത, 2002 -ൽ ബ്രൈറ്റൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദം ഉപേക്ഷിച്ച് സഭയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതാണ്. അന്ന് അവർക്ക് 21 വയസ്സായിരുന്നു. അടുത്ത 12 വർഷം അവൾ ജോഷ്വായുടെ ശിഷ്യയായിരുന്നു. 'ഞങ്ങളെല്ലാവരും കരുതിയത് അതൊരു സ്വർഗമായിരിക്കുമെന്നാണ്. എന്നാൽ, അതൊരു നരകമായിരുന്നു. അവിടെ അത്രയും ഭീകരമായ കാര്യങ്ങളാണ് സംഭവിച്ചത്' എന്ന് റേ പറയുന്നു. താൻ നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്നും രണ്ട് വർഷം തന്നെ ഏകാന്തതടവിലിട്ടു എന്നും റേ വെളിപ്പെടുത്തി. അവിടെ വച്ച് താൻ പലതവണ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു എന്നും റേ പറയുന്നു.
യുകെ, നൈജീരിയ, യുഎസ്, ദക്ഷിണാഫ്രിക്ക, ഘാന, നമീബിയ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള 25 -ലധികം മുൻ സഭാംഗങ്ങളാണ് ബിബിസിയോട് സംസാരിച്ചത്.
നമീബിയയിൽ നിന്നുള്ള മറ്റൊരു സ്ത്രീ പറഞ്ഞത്, 'താൻ 17 -ാമത്തെ വയസിലാണ് അവിടെ എത്തിയത്. ആദ്യമായി ബലാത്സംഗം ചെയ്യപ്പെടുന്നത് ആ പ്രായത്തിലാണ്. അഞ്ചു വർഷം ജോഷ്വാ തന്നെ പീഡിപ്പിച്ചു. അതിൽ അഞ്ച് തവണ ഗർഭിണിയായി. അപ്പോഴെല്ലാം നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചു' എന്നാണ്. ഇതുപോലെ നിരവധിപ്പേരാണ് തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയത്. പലതവണ തങ്ങൾ ഇതെല്ലാം പുറത്തുപറയാനും പരിഹാരം കാണാനും ശ്രമിച്ചു, എന്നാൽ എല്ലാ ശ്രമങ്ങളും അടിച്ചമർത്തപ്പെട്ടു എന്നും അവർ പറയുന്നു.
2021 -ൽ ജോഷ്വാ മരിച്ചപ്പോൾ 'ആഫ്രിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ പാസ്റ്റർ' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ദാരിദ്ര്യത്തിൽ വളർന്ന ജോഷ്വാ പിന്നീട് ഒരു സുവിശേഷ സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമടക്കം എത്രയോ പേർ അതിൻറെ ആരാധകരായി. 2014 -ൽ തീർഥാടകർക്കു വേണ്ടിയുള്ള ഒരു ഗസ്റ്റ് ഹൗസ് തകർന്ന് 116 പേർ കൊല്ലപ്പെട്ടപ്പോൾ ജോഷ്വാ ആരോപണം നേരിട്ടിരുന്നു.
ഇപ്പോൾ ബിബിസിയുടെ അന്വേഷണത്തെ തുടർന്നുള്ള വെളിപ്പെടുത്തലുകൾ വലിയ ചർച്ചയ്ക്കാണ് വഴി തുറന്നിരിക്കുന്നത്.