
ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറുള്ള ജീവനക്കാരെ തേടി ഒരാൾ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായിത്തീർന്നിരിക്കുന്നത്. ഉമേഷ് കുമാർ എന്ന ഫൗണ്ടറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ആഴ്ചയിൽ 6- മുതൽ 80 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറാകുന്നവരെയാണ് അന്വേഷിക്കുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. ഫുൾ ഓർ ഇന്റേൺ സ്റ്റാക് എഞ്ചിനീയറെയാണ് ജോലിക്കായി അന്വേഷിക്കുന്നത് എന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. എന്നാൽ, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ വലിയ വിമർശനമാണ് കുമാറിന് നേരെ ഉയർന്നിരിക്കുന്നത്.
ഇതാണ് ജീവനക്കാർക്ക് വേണ്ട ഗുണങ്ങളായി കുമാർ വിവരിച്ചിരിക്കുന്നത്. ബാംഗ്ലൂരിലായിരിക്കും ജോലി ചെയ്യേണ്ടത്, വർക്ക് ഫ്രം ഹോം ആയിരിക്കില്ല. ഓരോ ആഴ്ചയും ആറ് ദിവസം ജോലി ചെയ്യേണ്ടി വരും. ആഴ്ചയിൽ 60 മുതൽ 80 മണിക്കൂർ വരെ ജോലി ചെയ്യാൻ കഴിയണം. ജെഎസ്/ടിഎസ്, എൽഎൽഎംഎസ് എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയണം.
എന്നാൽ, വിമർശനത്തിന് കാരണമായത് ആഴ്ചയിൽ 60 മുതൽ 80 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറാവണം എന്ന് പരാമർശിച്ചതാണ്. വലിയ രീതിയിലാണ് നെറ്റിസൺസ് ഇതിനെ വിമർശിച്ചത്. ആഴ്ചയിൽ ഇത്രയധികം മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരിക എന്നാൽ ദിവസവും 12 മണിക്കൂർ എങ്കിലും ജോലി ചെയ്യേണ്ടി വരില്ലേ എന്നായിരുന്നു ആളുകളുടെ സംശയം.
കമ്പനിയുടെ മൊത്തം ജോലിയും 80 മണിക്കൂറിനുള്ളിൽ തീർക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നായിരുന്നു ഒരാളുടെ കമന്റ്. ജോലിസമയത്തെ കുറിച്ച് നാരായണ മൂർത്തി പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ട് ഒരു യൂസർ കമന്റ് ചെയ്തത് നിങ്ങളാരാണ് നാരായണ മൂർത്തിയാണോ എന്നാണ്. അതേസമയം, ജോലിക്ക് താല്പര്യമുണ്ട് എന്ന് കാണിച്ചും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.