
യാത്രാക്കൂലി കൂടുതൽ വാങ്ങാനായി ചില ക്യാബ് ഡ്രൈവർമാർ നടത്തുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പറയുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ്. റെഡ്ഡിറ്റ് പോസ്റ്റിലാണ് ജാഗ്രത പാലിക്കണം എന്ന് യുവാവ് കുറിച്ചിരിക്കുന്നത്. യുവാവിന്റെ പോസ്റ്റിൽ പറയുന്നത് പ്രകാരം കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 -ൽ നിന്ന് ജക്കൂറിലേക്കാണ് യുവാവ് റാപ്പിഡോ റൈഡ് ബുക്ക് ചെയ്തത്. ആപ്പിൽ 598 എന്ന നിരക്ക് പ്രദർശിപ്പിച്ചിരുന്നു. എല്ലാം സാധാരണപോലെ തന്നെയാണ് തോന്നിയത്. അങ്ങനെ ഡ്രൈവറെത്തിയപ്പോൾ ഒടിപിയും പറഞ്ഞുകൊടുത്തു. എന്നാൽ, യാത്ര അവസാനിക്കാനായപ്പോഴാണ് കാര്യങ്ങൾ സംശയാസ്പദമായി മാറിയത് എന്നാണ് യുവാവ് പറയുന്നത്.
യാത്ര അവസാനിച്ചപ്പോൾ, റൈഡർ തന്റെ ഫോണിൽ 758 എന്ന് എഴുതിയ ഒരു ബില്ലിംഗ് സ്ക്രീൻ തനിക്ക് കാണിച്ചു തന്നു. അത് Rapido UI പോലെ തന്നെയാണ് കാണപ്പെട്ടത്. പക്ഷേ, അതിൽ എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ എന്റെ ഫോണിലെ Rapido ആപ്പ് പരിശോധിച്ചു, റൈഡ് ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നാണ് അതിൽ കാണിച്ചതെന്ന് യുവാവ് കുറിക്കുന്നു. അങ്ങനെ ഡ്രൈവറോട് ഫോൺ കാണിക്കാൻ യുവാവ് ആവശ്യപ്പെട്ടു. അതിൽ നോക്കിയപ്പോഴാണ് റാപ്പിഡോ ആപ്പല്ല മറിച്ച് അതിന്റെ വ്യാജനായ ടൗൺ റൈഡ് എന്ന ആപ്പാണ് അതെന്ന് യാത്രക്കാരൻ കണ്ടെത്തിയത്. ഇത് കണ്ടാൽ റാപ്പിഡോ പോലെ തോന്നുമെങ്കിലും അതിൽ യൂസർക്ക് നിരക്ക് എഡിറ്റ് ചെയ്ത് ഇഷ്ടമുള്ളതുപോലെയാക്കാൻ സാധിക്കും.
ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ പറഞ്ഞത് ഏറെക്കാലമായി താൻ ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ്. അതിൽ കാണുന്ന പണമടയ്ക്കാൻ സാധിക്കില്ല എന്ന് കർശനമായി പറഞ്ഞതോടെ ഡ്രൈവർ സമ്മതിക്കുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. മറ്റുള്ളവരോടും ജാഗ്രത പാലിക്കണം എന്ന് പറഞ്ഞാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇതേ അനുഭവമുണ്ടായിട്ടുണ്ട് എന്ന് കമന്റ് നൽകിയവരും ഉണ്ട്.