
ഓട്ടോക്കൂലിയെ ചൊല്ലി ഏത് നഗരത്തിലായാലും ഏത് കാലത്തായാലും ചർച്ചകൾ സാധാരണമാണ്. ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതിയുടെ പോസ്റ്റാണ് അതുപോലെ ചർച്ചയായി തീർന്നിരിക്കുന്നത്. അദിതി ശ്രീവാസ്തവ എന്ന യുവതിയാണ് ആപ്പുകളിലൂടെ ബുക്ക് ചെയ്യുമ്പോഴുള്ള ഓട്ടോയുടെ നിരക്കും മീറ്ററിൽ കാണുന്ന നിരക്കും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
2.6 കിലോമീറ്ററാണ് യുവതി ഓട്ടോയിൽ യാത്ര ചെയ്യുന്നത്. അപ്പോൾ ഓട്ടോയിൽ കാണിക്കുന്നത് 39 രൂപയാണ്. അതേസമയം യുവതി ആപ്പിൽ ബുക്ക് ചെയ്തതിന്റെ നിരക്കും കാണിക്കുന്നത് കാണാം. അതിൽ കാണിക്കുന്നത് 172.45 രൂപ എന്നാണ്. ഒരേ ദൂരത്തിലേക്കാണ് ഈ രണ്ട് വ്യത്യസ്ത നിരക്കും കാണിക്കുന്നത്.
യുവതി പോസ്റ്റ് പങ്കുവച്ചതോടെ ഓട്ടോക്കൂലി, നഗരത്തിൽ കൂടി വരുന്ന ട്രാഫിക് എന്നിവയെ കുറിച്ചെല്ലാം ചർച്ചകൾ ഉയരാൻ ഇത് കാരണമായി തീർന്നിരിക്കയാണ്. 'മീറ്ററിലെ വിലയും ഊബറിലെ വിലയും തമ്മിലുള്ള വ്യത്യാസം. ബാംഗ്ലൂരിൽ സ്വന്തമായി വാഹനമില്ലെങ്കിൽ നിങ്ങൾ കുഴങ്ങും' എന്ന് പറഞ്ഞാണ് യുവതി ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി വന്നത്. പലരും ഇതുപോലെ ടാക്സി ചാർജ്ജ് താങ്ങാനാവാത്തതാണ് എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയം തന്നെ മറ്റ് ചിലർ ചോദിച്ചത്, നിങ്ങൾ ഓട്ടോയിൽ കയറിയാൽ മീറ്റർ ഇടുമോ? മീറ്റർ കാശ് മാത്രം വാങ്ങുന്ന ഏതെങ്കിലും ഓട്ടോക്കാർ നഗരത്തിലുണ്ടോ എന്നാണ്. അത് ഡബിൾചെക്ക് ചെയ്യണം എന്നും അഭിപ്രായം ഉയർന്നു.
അതേസമയം മറ്റ് ചിലർ ഇപ്പോൾ ആപ്പുകൾ വഴി ബുക്ക് ചെയ്യുമ്പോഴും വലിയ തുക തന്നെ ഓട്ടോക്കൂലിയായി വരാറുണ്ട് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നതും കാണാം.