യുകെ -യിലെ ഏറ്റവും വലിയ 'ഫിഷിംഗ് ഷോപ്പ്' വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു, നേരെ പോവുന്നത് പോണ്‍സൈറ്റിലേക്ക്

By Web TeamFirst Published Nov 9, 2021, 12:36 PM IST
Highlights

പണം തട്ടുക തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമാണ്. എന്നാൽ, ഇതിനിടയിൽ തന്നെ കമ്പനിക്ക് ഒരുപാട് സാമ്പത്തികനഷ്ടം ഉണ്ടായിക്കഴിഞ്ഞു. അതുപോലെ തന്നെയാണ് ഇത് സന്ദര്‍ശിക്കുന്നവരുടെ അവസ്ഥയും. അപ്രതീക്ഷിതമായി പോണ്‍സൈറ്റില്‍ എത്തിച്ചേരുന്നതിന്‍റെ ബുദ്ധിമുട്ടും ആള്‍ക്കാരിലുണ്ട്. 

യുകെയിലെ ഏറ്റവും വലിയ ഫിഷിംഗ് ഷോപ്പി(fishing shop)ന്‍റെ വെബ്‍സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. അത് നേരെ പോകുന്നതാവട്ടെ ഒരു അഡല്‍റ്റ് ഒണ്‍ലി വെബ്സൈറ്റിലേക്കും. മത്സ്യബന്ധന ഉപകരണങ്ങൾ ഓൺലൈനായും കടകൾ വഴിയും വിൽക്കുന്ന 'ആംഗ്ലിംഗ് ഡയറക്‌ട്'(Angling Direct) എന്ന വെബ്സൈറ്റി(website)ന് നേരെ വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നതെന്ന് പറയപ്പെടുന്നു. 

പ്രശ്‌നം പരിഹരിക്കാൻ സൈബർ സുരക്ഷാ വിദഗ്ധരെ കൊണ്ടുവന്നിട്ടുണ്ടെന്നും അധികൃതരെ കാര്യം ധരിപ്പിച്ചിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു. ആംഗ്ലിംഗ് ഡയറക്‌റ്റിന്റെ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ, കമ്പനി പോണ്‍ഹബ്ബിന് വിറ്റതായി അവകാശപ്പെടുന്ന പരിഹാസ ട്വീറ്റും ഹാക്ക് ചെയ്തയാള്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. 

'അഡല്‍റ്റ് ഒണ്‍ലി വീഡിയോ സാമ്രാജ്യത്തിലേക്ക് നിങ്ങളുടെ ഡാറ്റ ഇതിനകം കൈമാറ്റം ചെയ്യപ്പെട്ടു' എന്ന് മത്സ്യബന്ധന പ്രേമികളോട് പറയുന്ന തരത്തിലുള്ള പ്രത്യക്ഷത്തിൽ അവരെ ട്രോളുന്ന വാക്കുകളായിരുന്നു ഇത്. എന്നാൽ ഏതെങ്കിലും വ്യക്തിഗത ഡാറ്റ അപഹരിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല എന്ന് ആംഗ്ലിംഗ് ഡയറക്റ്റ് പറഞ്ഞു. സൈറ്റിലേക്ക് 'വിവരങ്ങളും ആക്‌സസ്സും' തിരികെ നൽകാനുള്ള ഓഫറിനൊപ്പം ഹാക്കര്‍ അവരെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഇമെയിൽ വിലാസവും പോസ്റ്റ് ചെയ്തു. മോചനദ്രവ്യത്തിനായി പരസ്യമായ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

ജീവനക്കാരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മോഷ്ടിക്കപ്പെട്ടതായി സൂചനകൾ ചൂണ്ടിക്കാണിക്കുന്നു. ഇത് വെബ്‌സൈറ്റും കമ്പനിയുടെ ട്വിറ്റർ അക്കൗണ്ടും നിയന്ത്രിക്കാന്‍ ഹാക്കർമാരെ അനുവദിക്കുന്നു. പണം തട്ടുക തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമാണ്. എന്നാൽ, ഇതിനിടയിൽ തന്നെ കമ്പനിക്ക് ഒരുപാട് സാമ്പത്തികനഷ്ടം ഉണ്ടായിക്കഴിഞ്ഞു. അതുപോലെ തന്നെയാണ് ഇത് സന്ദര്‍ശിക്കുന്നവരുടെ അവസ്ഥയും. അപ്രതീക്ഷിതമായി പോണ്‍സൈറ്റില്‍ എത്തിച്ചേരുന്നതിന്‍റെ ബുദ്ധിമുട്ടും ആള്‍ക്കാരിലുണ്ട്. 

ഒരു പ്രസ്താവനയിൽ, കമ്പനി പറഞ്ഞത് ഇങ്ങനെ: "ഡാറ്റയെ സംബന്ധിച്ച ഞങ്ങളുടെ ബാധ്യതകളെക്കുറിച്ച് ഞങ്ങൾ ശ്രദ്ധാലുവാണ്. പ്രധാനമായും, ഞങ്ങളുടെ വെബ്‌സൈറ്റ് ഇടപാടുകൾ മൂന്നാം കക്ഷികൾ കൈകാര്യം ചെയ്യുന്നതിനാൽ, കമ്പനി ഉപഭോക്തൃ സാമ്പത്തിക ഡാറ്റയൊന്നും കൈവശം വയ്ക്കുന്നില്ല." സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ക്ക് ഷോപ്പില്‍ വന്ന് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം വിപുലമാക്കിയിരിക്കുന്നു എന്ന് കമ്പനി ഫേസ്ബുക്കില്‍ പറയുന്നു. ഒപ്പം സൈറ്റില്‍ നിന്നും പോണ്‍സൈറ്റിലേക്ക് എത്തേണ്ടി വന്ന സാഹചര്യത്തില്‍ ക്ഷമാപണവും ചോദിച്ചിട്ടുണ്ട്. 

click me!