
വളരെ അധികം കരുണയും ദയവും ഒക്കെയുള്ളത് മനുഷ്യർക്കാണ് എന്ന് നാം പൊതുവെ പറയാറുണ്ട്. എന്നാൽ, പലപ്പോഴും മനുഷ്യർ ക്രൂരന്മാരും സ്വാർത്ഥരും ആയി മാറുന്ന കാഴ്ചയാണ് നാം കാണാറ്. എന്നാൽ, അതേ സമയം തന്നെ കരുണ കൊണ്ടും സ്നേഹം കൊണ്ടും വിധേയത്വം കൊണ്ടുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്ന മൃഗങ്ങളും ഒരുപാടുണ്ട്. അങ്ങനെ ഒരു ഗൊറില്ലയുടെ കഥയാണ് ഇത്.
സംഭവം നടന്നത് 1996 ആഗസ്തിൽ ചിക്കാഗോയിലെ ബ്രൂക്ക്ഫീൽഡ് മൃഗശാലയിലാണ്. അമ്മയ്‍ക്കൊപ്പം മൃഗശാല സന്ദർശിക്കാനെത്തിയ ഒരു മൂന്നുവയസ്സുകാരൻ അമ്മയുടെ പിടിയിൽ നിന്നും കുതറി മാറി ഓടവെ വീണുപോയത് ഗൊറില്ലയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്താണ്. അവിടെയുണ്ടായിരുന്നത് എട്ട് വയസുള്ള ബിന്തി ജുവ എന്ന ഗൊറില്ലയടക്കം ഏഴ് ഗൊറില്ലകളാണ്. 20 അടി താഴ്ച്ചയുള്ള പ്രദേശത്താണ് ഗോറില്ലകളെ പാർപ്പിച്ചിരുന്നത്. അതിലേക്കാണ് കുട്ടി വീണത്.
കുട്ടി വീണതോടെ അവന്റെ അമ്മയും വീട്ടുകാരും മൃഗശാല ജീവനക്കാരും സന്ദർശകരും എല്ലാം ഭയന്നു, ആകെ പരിഭ്രാന്തരായി. എന്തും സംഭവിക്കാമെന്ന അവസ്ഥ സംജാതമായി. കുട്ടിയെ രക്ഷിക്കാനെന്ത് ചെയ്യേണ്ടു എന്ന് അറിയാതെ എല്ലാവരും പകച്ചു നിന്നു. എന്നാൽ, സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ മറ്റൊന്നാണ്. ബിന്തി ജുവ എന്ന ആ ഗൊറില്ല വളരെ കരുണയോടെ ആ കുട്ടിയെ ചേർത്ത് പിടിച്ചു. മറ്റ് ഗോറില്ലകൾ കുട്ടിയെ അക്രമിക്കാനെന്നവണ്ണം അടുത്തെത്തിയപ്പോൾ അവയുടെ ശ്രദ്ധ തിരിച്ചു. കുട്ടിയെ അവയിൽ നിന്നും അവയുടെ അക്രമണമേൽക്കാതെ കയ്യിൽ തന്നെ പിടിച്ചു.
അപ്പോഴേക്കും കുട്ടിയെ രക്ഷിക്കാനുള്ള സംഘം എത്തിയിരുന്നു. ഗോറില്ല വളരെ സ്നേഹത്തോടെ കുട്ടിയെ ചേർത്ത് പിടിക്കുകയും രക്ഷാപ്രവർത്തകരെത്തിയ വാതിലിന്റെ അരികിലേക്ക് കുട്ടിയെ കൊണ്ടു കൊടുക്കുകയും ചെയ്തു. അന്ന് മൃഗശാല സന്ദർശിച്ച അനേകം മനുഷ്യരെ അമ്പരപ്പിച്ച കാഴ്ചയായിരുന്നു ഇത്. ഒരമ്മയുടെ സ്നേഹത്തോടെയാണ് ബിന്തി ജുവയെന്ന ഗൊറില്ല അവനെ ചേർത്ത് പിടിച്ചതെന്ന് ലോകം ചർച്ച ചെയ്തു. ബിന്തി ജുവയ്‍ക്ക് അനേകം ആരാധകരും ഈ സംഭവത്തോടെ ഉണ്ടായി.
വായിക്കാം: ഒരു ദിവസം പാനിപ്പൂരി വിറ്റാൽ എത്ര കിട്ടും? യുവാവിന്റെ മറുപടി കേട്ട് ഞെട്ടി സോഷ്യൽമീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം