പുഴയിലൊഴുകി നടക്കുന്ന അമ്പതോളം മൃതദേഹങ്ങൾ, കൈകൾ കെട്ടിയിട്ട നിലയിൽ, പല ശരീരത്തിലും മുറിവുകൾ

By Web TeamFirst Published Aug 3, 2021, 12:57 PM IST
Highlights

മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ശ്രദ്ധയിലുണ്ട് എന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയാക്കാമേന്നും അദ്ദേഹം പറഞ്ഞു. 

പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. എത്യോപ്യയിലെ ടിഗ്രേയിലെ യുദ്ധസ്ഥലത്ത് നിന്ന് ഓടിപ്പോയ ആളുകളുടേതാവാം ഈ മൃതദേഹങ്ങളെന്നാണ് കരുതുന്നത്. എത്യോപ്യയിൽ തെക്കെസെ എന്നറിയപ്പെടുന്ന സെറ്റിറ്റ് നദിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കസാല പ്രവിശ്യയിലെ പ്രാദേശിക അധികാരികളാണ് അമ്പതോളം മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഒരു സുഡാനീസ് ഉദ്യോഗസ്ഥൻ പറയുന്നു.  

പല മൃതദേഹങ്ങളിലും വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. ചിലത് കൈകൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. മരണകാരണം നിർണയിക്കാൻ ഫോറൻസിക് അന്വേഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്. മറ്റ് മാധ്യമങ്ങളോട് സംസാരിക്കാൻ ഉദ്യോ​ഗസ്ഥരോ മറ്റ് അധികാരികളോ തയ്യാറായിട്ടില്ല. ഹംദയേത്തിലെ സുഡാൻ അതിർത്തി സമൂഹത്തിലെ രണ്ട് എത്യോപ്യൻ ആരോഗ്യ പ്രവർത്തകർ എത്യോപ്യയിൽ തെക്കെസെ എന്നറിയപ്പെടുന്ന സെറ്റിറ്റ് നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. 

ടിഗ്രേയിലെ ഒൻപത് മാസത്തെ സംഘർഷം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തൊട്ടടുത്തുള്ള ടിഗ്രേ നഗരമായ ഹുമേരയിൽ നിന്ന് സുഡാനിലേക്ക് പോയ സർജനായ ടെവോഡ്രോസ് ടെഫെറ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്, തിങ്കളാഴ്ച രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. അതില്‍ ഒരു പുരുഷന്‍റെ കൈകൾ ബന്ധിക്കപ്പെട്ടിരുന്നു, മറ്റേതൊരു സ്ത്രീയാണ് അവരുടെ നെഞ്ചിൽ മുറിവേറ്റിട്ടുണ്ട് എന്നാണ്. സഹഅഭയാർത്ഥികൾ ചുരുങ്ങിയത് 10 മറ്റ് മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലത്ത് പ്രാദേശിക ടിഗ്രായൻമാരെ പുറത്താക്കിയതായി അഭയാർത്ഥികൾ ആരോപിച്ച ഹുമേരയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ടെവോഡ്രോസ് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ശ്രദ്ധയിലുണ്ട് എന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയാക്കാമേന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ മൃതദേഹങ്ങള്‍ ആരുടേതൊക്കെയാണ് എന്ന് തിരിച്ചറിയാനായിട്ടില്ല. അത് ശ്രമകരമാണ്. ഒരാളുടെ ദേഹത്ത് ടിഗ്രേ ഭാഷയില്‍ സാധാരണമായ ടിഗ്രേനിയ എന്ന പേര് പച്ചകുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. 

മറ്റൊരു ഡോക്ടര്‍ പറഞ്ഞത് ചില മൃതദേഹങ്ങളുടെ മുഖത്തുള്ള അടയാളങ്ങള്‍ അവര്‍ അവിടുത്തെ ഗോത്രവര്‍ഗക്കാരാണ് എന്ന് കരുതാനിടയാക്കുന്നുണ്ട് എന്നാണ്. ദൃസാക്ഷികള്‍ പറയുന്നത് എല്ലാ മൃതദേഹങ്ങളും കരക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം പ്രദേശത്ത് അതിശക്തമായ മഴയായതിനാല്‍ പുഴയിൽ ഒഴുക്ക് കൂടുതലാണ് എന്നാണ്. എന്നാല്‍, തിങ്കളാഴ്ച എത്യോപ്യൻ സർക്കാർ സൃഷ്ടിച്ച ട്വിറ്റർ അക്കൗണ്ട് പറയുന്നത് ഇത് വ്യാജമാണ് എന്നാണ്. 

നവംബറിലാണ് എത്യോപ്യയിലെ ഫെഡറൽ സേനയും മേഖലയിലെ ഭരണകക്ഷിയായ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടിപിഎൽഎഫ്) തമ്മിൽ ടിഗ്രേയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 2019 -ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, ഫെഡറൽ ആർമി ക്യാമ്പുകൾക്കെതിരായ ടിപിഎൽഎഫ് ആക്രമണങ്ങൾക്കുള്ള പ്രതികരണമായായിട്ടാണ് മേഖലയിലേക്കുള്ള തന്റെ സൈന്യത്തിന്റെ നീക്കമെന്ന് വിശദീകരിച്ചിരുന്നു. ഈ സംഘർഷത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരങ്ങൾ അയൽരാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.

click me!