
മകനെന്ന് കരുതിയ കുട്ടിയെ യഥാർത്ഥ പിതാവ് താനല്ലെന്ന് മനസിലാക്കിയ ഒരാൾ കിന്റർഗാർഡനിൽ ഉപേക്ഷിച്ചു കടന്ന് കളഞ്ഞു. കുട്ടിയ്ക്ക് വെറും അഞ്ച് വയസ്സാണ് പ്രായം. കഴിഞ്ഞ ആഴ്ച തെക്കൻ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിലാണ് സംഭവം. സിയാവോ റൂയി എന്നാണ് അവന്റെ ഓമനപ്പേര്. അച്ഛൻ പതിവ് പോലെ അവനെ കിന്റർഗാർഡനിൽ കൊണ്ട് പോയി വിട്ടുവെങ്കിലും, തിരിച്ച് വിളിക്കാൻ വന്നില്ല.
ഉച്ചകഴിഞ്ഞ് സ്കൂൾ വിട്ട് കുട്ടികളെല്ലാം പോയിട്ടും, അവൻ മാത്രം സ്കൂൾ വരാന്തയിൽ വീട്ടുകാരെ കാത്തിരുന്നു. സാധാരണ അച്ഛനാണ് അവനെ കൊണ്ടാക്കുന്നതും, തിരികെ വിളിച്ചു കൊണ്ട് പോകുന്നതും. എന്നാൽ അന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ആരും എത്താതായപ്പോൾ, ജീവനക്കാർ ആശങ്കയിലായി. അവന്റെ അച്ഛനെയും ബന്ധുക്കളെയും ബന്ധപ്പെട്ടെങ്കിലും അവരാരും അവനെ തിരികെ കൊണ്ട് പോകാൻ തയ്യാറായില്ല. പിന്നീട് അവന്റെ ബാഗ് പരിശോധിച്ചപ്പോൾ അതിനകത്ത് കുറച്ച് വസ്ത്രങ്ങളും ഒരു മൊബൈൽ ഫോണും അധ്യാപകർ കണ്ടെത്തി.
ഈ വർഷം ഏപ്രിലിലാണ് സിയാവോ റൂയിയെ കിന്റർഗാർഡനിൽ ചേർത്തത്. അവനെ സ്കൂളിൽ ചേർത്തതും പിതാവാണ്. എല്ലാ ദിവസവും അച്ഛൻ തന്നെയാണ് മകനെ കൊണ്ടാക്കുന്നതും, കൂട്ടിക്കൊണ്ട് പോകുന്നതുമെന്ന് കുട്ടിയുടെ അധ്യാപകനായ ചെൻ പറഞ്ഞു. എന്നാൽ അന്ന് അച്ഛനെ കാണാതായപ്പോൾ സ്കൂൾ അധികൃതർ അയാളെ ഫോണിൽ വിളിച്ചു. അയാൾ ഫോൺ എടുത്തെങ്കിലും, കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ താല്പര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി. പിതൃത്വപരിശോധനയിൽ സിയാവോ റൂയി തന്റെ സ്വന്തം മകനല്ലെന്ന് കണ്ടെത്തിയെന്നും, അതുകൊണ്ട് ഇനി തനിക്ക് അവനെ വേണ്ടെന്നും അയാൾ ഫോണിലൂടെ സ്കൂളിനെ അറിയിച്ചു. അവനെ ഇനി ഒരിക്കലും താൻ തേടി വരില്ലെന്നും ചെനിനോട് അയാൾ പറഞ്ഞു. അവനുമായി തനിക്ക് ഒരു ബന്ധമില്ലെന്നും, കുട്ടി ഇപ്പോൾ സ്കൂളിന്റെ പ്രശ്നമാണെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
തുടർന്ന് കുട്ടിയെ കുട്ടിയുടെ വീട്ടിൽ കൊണ്ട് പോയി ആക്കാൻ ചെൻ ശ്രമിച്ചെങ്കിലും, വീട്ടിൽ ചെന്നപ്പോൾ അവിടെ ആരുമില്ലായിരുന്നു. കുട്ടിയുടെ അമ്മയെ കുറിച്ചും വിവരം ഒന്നും ലഭിച്ചിട്ടില്ല. അവർ എവിടെയാണെന്നതും അറിവായിട്ടില്ല. ഒടുവിൽ ചെൻ ലോക്കൽ പൊലീസിനെ സഹായത്തിനായി വിളിക്കുകയും, അവർ സിയാവോ റൂയിയുടെ മുത്തച്ഛനെയും അമ്മാവനെയും ബന്ധപ്പെടുകയും ചെയ്തു. പക്ഷേ, അവരും കുട്ടിയെ കൊണ്ടുപോകാൻ വിസമ്മതിച്ചു. സിയാവോ റൂയിയുടെ അമ്മ ഈ ആഴ്ച അവനെ കൂട്ടിക്കൊണ്ടുപോയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഈ വാർത്ത ചൈനയിൽ വലിയ രീതിയിൽ പ്രകോപനം സൃഷ്ടിച്ചിരിക്കയാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പെരുമാറ്റം കണ്ട് ആളുകൾ ക്ഷുഭിതരായി. പക്ഷേ, ചൈനീസ് നിയമമനുസരിച്ച് പിതാവിന് വേണമെങ്കിൽ കുട്ടിയെ ഉപേക്ഷിക്കാം. അത് കുറ്റകരമല്ല. കാരണം ആൺകുട്ടി അയാളുടെ മകനല്ല. എന്നാൽ, അവന്റെ അമ്മയ്ക്ക് പക്ഷേ അതിനുള്ള സ്വാതന്ത്ര്യം ഇല്ല. അമ്മ മകനെ വളർത്താൻ കൂട്ടാക്കിയില്ലെങ്കിൽ നിയമത്തിന് മുന്നിൽ അത് കുറ്റകരമാണ്. മാത്രവുമല്ല അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയുമാണ്.