ആണവയുദ്ധത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ ചൊവ്വയിൽ നിന്നുമെത്തി; വിചിത്രവാദവുമായി ആൺകുട്ടി

Published : Nov 15, 2022, 02:19 PM IST
ആണവയുദ്ധത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ ചൊവ്വയിൽ നിന്നുമെത്തി; വിചിത്രവാദവുമായി ആൺകുട്ടി

Synopsis

ചൊവ്വയിലെ നിവാസികൾക്കൊപ്പം ചൊവ്വയിൽ ഒരു മുൻ ജീവിതം നയിച്ചിരുന്നതായി ബോറിസ് തറപ്പിച്ചു പറയുന്നു. മനുഷ്യരാശിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഭൂമിയിലേക്ക് അയച്ച ഇൻഡിഗോ കുട്ടികളിൽ ഒരാളാണ് താനെന്നും ബോറിസ് പറഞ്ഞു.

ആണവയുദ്ധം മനുഷ്യകുലത്തിന്റെ മുഴുവൻ പേടിസ്വപ്നമാണ്. രാജ്യങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങളും പിരിമുറുക്കങ്ങളും വർധിക്കുമ്പോൾ മറ്റേതൊരു യുദ്ധത്തെക്കാൾ കൂടുതലായി മനുഷ്യൻ ഭയക്കുന്നത് ആണവയുദ്ധത്തെയാണ്. എന്നാൽ, ആണവ യുദ്ധത്തെ ഭയക്കേണ്ടെന്നും അതിൽനിന്നും മാനവരാശിയെ മുഴുവൻ രക്ഷിക്കാനാണ് താൻ വന്നിരിക്കുന്നത് എന്ന വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യയിൽ നിന്നുള്ള ഒരു ആൺകുട്ടി. ഇത്തരത്തിൽ ഒരു മഹാദൗത്യവുമായി താൻ എത്തിയിരിക്കുന്നത് ചൊവ്വയിൽ നിന്നാണെന്നും ഈ കുട്ടി അവകാശപ്പെടുന്നു.

റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലൻ ആണ് താൻ ഒരു മനുഷ്യനല്ല മറിച്ച് അന്യഗ്രഹജീവിയാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ആണവനാശത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ് താൻ ചൊവ്വയിൽ നിന്ന് ഭൂമിയിലെത്തിയതെന്നും ഈ ബാലൻ പ്രഖ്യാപിച്ചു. വിചിത്രമായ സിദ്ധാന്തങ്ങളുമായി സോഷ്യൽ മീഡിയയിലും കുട്ടി ചർച്ചയായി. സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ വിചിത്രമായ അവകാശവാദങ്ങൾ ഒക്കെയും കുട്ടി നടത്തിയിരിക്കുന്നത്.

ചൊവ്വയിലെ നിവാസികൾക്കൊപ്പം ചൊവ്വയിൽ ഒരു മുൻ ജീവിതം നയിച്ചിരുന്നതായി ബോറിസ് തറപ്പിച്ചു പറയുന്നു. മനുഷ്യരാശിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഭൂമിയിലേക്ക് അയച്ച ഇൻഡിഗോ കുട്ടികളിൽ ഒരാളാണ് താനെന്നും ബോറിസ് പറഞ്ഞു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ലെമൂറിയൻ കാലഘട്ടത്തിൽ  ഇന്ത്യൻ മഹാസമുദ്രത്തിന് കീഴിൽ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക ഭൂഖണ്ഡം ആണ് ഇൻഡിഗോ. വർഷങ്ങളായി നിരവധി തവണ താൻ ഭൂമി സന്ദർശിച്ചിട്ടുണ്ടെന്ന് അവൻ അവകാശപ്പെടുന്നു.

താൻ ഒരു ബഹിരാകാശ പേടകവും നിർമ്മിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. തന്റെ ബഹിരാകാശ വാഹനത്തെക്കുറിച്ച് കുട്ടി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ഇതിന് 25 ശതമാനം ഖര ലോഹത്തിൽ  നിർമ്മിച്ച ആറ് പാളികളുള്ള ഒരു പുറംഭാഗം ഉണ്ട്, രണ്ടാമത്തെ ഭാഗം 30 ശതമാനം റബ്ബർ പോലെയാണ്, മൂന്നാമത്തെ ഭാഗം 30 ശതമാനം ലോഹമാണ്. അവസാന നാല് ശതമാനം ഒരു പ്രത്യേക കാന്തിക പാളി ഉൾക്കൊള്ളുന്നു.“ ഈ കാന്തിക പാളിയെ ഊർജ്ജസ്വലമാക്കുകയാണെങ്കിൽ, ഈ യന്ത്രങ്ങൾക്ക് പ്രപഞ്ചത്തിൽ എവിടെയും പറക്കാൻ കഴിയും എന്നാണ് കുട്ടിയുടെ വാദം.

തന്റെ മകന് അമാനുഷികമായ ചില ശക്തികൾ ഉണ്ട് എന്നാണ് ബോറിസിന്റെ അമ്മയുടെയും വാദം. അവൻ ജനിച്ചപ്പോൾ തനിക്ക് വേദന അനുഭവപ്പെട്ടതേ ഇല്ല എന്ന് ഇവർ പറയുന്നു. മുതിർന്നവരുടേതിന് സമാനമായ വലിയ തവിട്ടു നിറമുള്ള കണ്ണുകളോടെയാണ് ബോറിസ് ജനിച്ചതെന്നും ഇവർ പറയുന്നു. അതേസമയം വിചിത്രവാദവുമായി എത്തിയ അവനെ ട്രോളുന്നവരും കുറവല്ല. 
 

PREV
Read more Articles on
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ