പൂന്തോട്ടത്തിൽ ആറുവയസുകാരൻ കണ്ടെത്തിയത് 48 കോടി വർഷം പഴക്കമുള്ള ഫോസിൽ?

By Web TeamFirst Published Mar 29, 2021, 12:38 PM IST
Highlights

"500 മുതൽ 251 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് പാലിയോസോയിക് കാലഘട്ടമുണ്ടായിരുന്നത്. അക്കാലത്ത് ഭൂഖണ്ഡങ്ങളുടെ കൂട്ടമായ പംഗിയയുടെ ഭാഗമായിരുന്നു ഇംഗ്ലണ്ട്. ഇംഗ്ലണ്ട് എല്ലാം വെള്ളത്തിനടിയിലായിരുന്നു" സിം​ഗ് പറഞ്ഞു. 

ആറു വയസ്സുള്ള ഒരു ആൺകുട്ടി തന്റെ തോട്ടത്തിൽ കളിക്കുന്നതിനിടെ ഒരു ഫോസിൽ കണ്ടെത്തി. അതിന് 48 കോടി വർഷങ്ങൾ പഴക്കമുണ്ട് എന്നാണ് പ്രാഥമിക അനുമാനം. വെസ്റ്റ് മിഡ്‌ലാന്റിലെ വാൽസാലിലുള്ള പൂന്തോട്ടത്തിലാണ് സിഡ് എന്നറിയപ്പെടുന്ന സിദ്ധക് സിംഗ് ജമാത്ത്, ഫോസിൽ കണ്ടെത്തിയത്. ക്രിസ്മസിന് സമ്മാനമായി ലഭിച്ച ഫോസിൽ-ഹണ്ടിംഗ് കിറ്റ് ഉപയോഗിച്ചാണ് ഈ അത്യപൂർവ്വമായ കണ്ടുപിടുത്തം അവൻ നടത്തിയത്. തനിക്ക് അതിൽ അതിയായ സന്തോഷമുണ്ടെന്ന് അവൻ പറഞ്ഞു.

"ഞാൻ പുഴുക്കളെയും, മൺപാത്രങ്ങളെയും മണ്ണിൽ തിരയുന്നതിനിടയിലാണ് ഇതിനെ കണ്ടെത്തിയത്. പുഴുക്കൾക്കായി കുഴിക്കുന്നതിനിടയിൽ ഈ പാറ എന്റെ ശ്രദ്ധയിൽ പെട്ടു. പാറ ആദ്യം കണ്ടപ്പോൾ ഒരു കൊമ്പ് പോലെയാണ് തോന്നിയത്. അത് പല്ലോ നഖമോ കൊമ്പോ ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, ഇത് പവിഴത്തിന്റെ ഒരു ഭാഗമായിരുന്നു. ഇതിനെ ഹോൺ കോറൽ എന്ന് വിളിക്കുന്നു” സ്‌കൂൾ വിദ്യാർത്ഥി പറഞ്ഞു. ഫേസ്ബുക്കിൽ ഒരു ഫോസിൽ ഗ്രൂപ്പിലെ അംഗമായ അവന്റെ പിതാവാണ് ഈ പാറ ഹോൺ കോറലാണെന്ന് തിരിച്ചറിഞ്ഞത്. 251 മുതൽ 48 കോടി ലക്ഷം വർഷം വരെ പഴക്കമുള്ളതാണ് ഈ ഫോസിലെന്ന് അവന്റെ അച്ഛൻ വിഷ് സിംഗ് അനുമാനിക്കുന്നു.  

"അവൻ തീർത്തും വിചിത്രമായ ഒരു വസ്തുവിനെ കണ്ടെത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒരു ഹോൺ കോറലും, അതിനടുത്തായി ചില ചെറിയ കഷണങ്ങളും അവൻ കണ്ടെത്തി. പിറ്റേന്ന് അവൻ വീണ്ടും കുഴിച്ചപ്പോൾ ഒരു മണൽ ബ്ലോക്കും കണ്ടെത്തി" അച്ഛൻ പറഞ്ഞു. "അതിൽ ധാരാളം ചെറിയ മോളസ്കുകളും കടൽ ഷെല്ലുകളും ഉണ്ടായിരുന്നു. കൂടാതെ ക്രിനോയിഡ് എന്ന് വിളിക്കപ്പെടുന്ന കണവയുടെ ശരീരഭാഗവും ഉണ്ടായിരുന്നു. അതിനാൽ ഇത് ചരിത്രാതീതകാലത്തെ ഒന്നാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. 25.1 മുതൽ 48 കോടി വർഷം വരെ പഴക്കമുള്ള റുഗോസ കോറലാണിതെന്ന് ഫോസിലിന്റെ അടയാളങ്ങൾ സൂചിപ്പിക്കുന്നു. ഇത് പാലിയോസോയിക് കാലഘട്ടത്തിലെത്താണെന്ന് ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങൾ പറഞ്ഞു.

റുഗോസ എന്ന കോറലിന്റെ വംശനാശം സംഭവിച്ച പരമ്പരയിൽ പെട്ടതാണ് ഹോൺ കോറലുകൾ. റുഗോസ് എന്നാൽ ചുളിവുകൾ എന്നാണ് അർത്ഥം. ഈ പവിഴങ്ങളുടെ പുറംപാളി ചുളിവുകൾ നിറഞ്ഞതാണ്. ഹോൺ കോറൽ ഒരു കാളയുടെ കൊമ്പ് പോലെ നീളമുള്ള കോൺ ആകൃതിയിലാണ് വളരുന്നത്. പോളിപ്സ് എന്ന് വിളിക്കുന്ന ജീവികളുടെ അസ്ഥികൂടമാണ് ഈ ഫോസിലുകൾ.  

"500 മുതൽ 251 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് പാലിയോസോയിക് കാലഘട്ടമുണ്ടായിരുന്നത്. അക്കാലത്ത് ഭൂഖണ്ഡങ്ങളുടെ കൂട്ടമായ പംഗിയയുടെ ഭാഗമായിരുന്നു ഇംഗ്ലണ്ട്. ഇംഗ്ലണ്ട് എല്ലാം വെള്ളത്തിനടിയിലായിരുന്നു" സിം​ഗ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്തുള്ള ജുറാസിക് കോസ്റ്റ് പോലെ ഫോസിലുകൾക്ക് പേരുകേട്ട പ്രദേശത്തല്ല തങ്ങൾ താമസിക്കുന്നതെങ്കിലും, പൂന്തോട്ടത്തിൽ ധാരാളം പ്രകൃതിദത്ത കളിമൺ ഉണ്ടെന്ന് കുടുംബം പറഞ്ഞു. “പൂന്തോട്ടത്തിൽ ഇത്തരത്തിലൊന്ന് കണ്ടെത്തുന്നത് തീർത്തും അതിശയകരമായ ഒന്നാണെന്ന് ധാരാളം ആളുകൾ അഭിപ്രായപ്പെട്ടു” സിംഗ് പറഞ്ഞു. ശ്രദ്ധാപൂർവ്വം നോക്കിയാൽ എവിടെനിന്നെങ്കിലും നിങ്ങൾക്ക് ഫോസിലുകൾ കണ്ടെത്താൻ കഴിഞ്ഞേക്കും, ഇതുപോലെ വലിയൊരു ഭാഗം കണ്ടെത്തുന്നത് പക്ഷേ, തികച്ചും അസാധാരണമാണ്‌. തങ്ങളുടെ കണ്ടെത്തലിനെക്കുറിച്ച് ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റി മ്യൂസിയം ഓഫ് ജിയോളജിയെ അറിയിക്കാൻ അവർ പദ്ധതിയിടുകയാണ്.  

click me!