'മൃഗങ്ങളെ ഉറങ്ങുമ്പോൾ വേട്ടയാടുന്നത് പോലെയാണ് ഞങ്ങളെ ഭരണകൂടം കുടുക്കാൻ ശ്രമിക്കുന്നത്'

By Web TeamFirst Published Dec 8, 2019, 3:29 PM IST
Highlights

ഇന്നുവരെ, ഞങ്ങളെ കുറിച്ച് മനസിലാക്കാൻ ആരും ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ ചരിത്രവും പാരമ്പര്യവും ആരും തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവർ ഞങ്ങളുടെ വീടുകളെയും, ഭൂപ്രദേശത്തെയും നശിപ്പിക്കുന്നു, നദികളെ മലിനമാക്കുന്നു, മത്സ്യങ്ങളെ കൊല്ലുന്നു, യാനോമാമി ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കാൻ ഒരുങ്ങുന്നു

ലോകത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഇന്ന് സ്വർണ്ണ ഖനിത്തൊഴിലാളികളുടെയും വനവിഭവങ്ങൾ ലക്ഷ്യമിടുന്ന രാഷ്ട്രീയക്കാരുടെയും കൈകളിലാണ്. ബ്രസീലിയൻ മഴക്കാടുകളിലെ ഏറ്റവും വലിയ ഗോത്രങ്ങളിലൊന്നാണ് യനോമാമി ജനത. തന്‍റെ സംസ്കാരത്തെയും അതിലുപരി യനോമാമി ജനതയുടെ ആവാസകേന്ദ്രമായ ആമസോൺ മഴക്കാടുകളെയും സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച നേതാവാണ് ഡേവി കോപെനവ.  

“മഴക്കാടുകളുടെ ദലൈലാമ” എന്ന് സ്നേഹത്തോടെ അറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ 40 വർഷക്കാലമായി യാനോമാമി ഭൂമിയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ദീർഘകാല അന്താരാഷ്ട്ര പ്രചാരണത്തിന് നേതൃത്വം നൽകുന്നു. അടുത്ത കാലത്തായി അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിനുള്ള അംഗീകാരം എന്ന നിലയിൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ “ബദൽ നൊബേൽ സമ്മാനം” എന്നറിയപ്പെടുന്ന ലൈവ്ലി ഹുഡ് അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

യാനോമാമി പ്രദേശത്തെ വിഭവങ്ങൾ ലക്ഷ്യമിടുന്ന സ്വർണ്ണ ഖനിത്തൊഴിലാളികളും രാഷ്ട്രീയക്കാരും ഡേവിയെ പതിവായി ഭീഷണിപ്പെടുത്തുന്നു. ആമസോണിലെ തദ്ദേശവാസികൾക്ക് ബിസിനസ്സ് താൽപ്പര്യങ്ങളുള്ളവരില്‍നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ഭീഷണി നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ്  ബോൾസൊനാരോ ഗോത്ര വിരുദ്ധ പ്രസ്താവനകളുടെയും നയങ്ങളുടെയും നീണ്ട ചരിത്രമുള്ള തീവ്ര വലതുപക്ഷ നേതാവാണ്. “അദ്ദേഹം ഞങ്ങളെ ഇഷ്ടപ്പെടുന്നില്ല. യാനോമാമി ജനതയെ സമാധാനത്തോടെ ജീവിക്കാൻ അദ്ദേഹം അനുവദിക്കുന്നില്ല. കാട്ടിലെ വിഭവങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും അത് വഴി വലിയ ലാഭം ഉണ്ടാകാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്” ഡെവി പറഞ്ഞു.

"ഇന്നുവരെ, ഞങ്ങളെ കുറിച്ച് മനസിലാക്കാൻ ആരും ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ ചരിത്രവും പാരമ്പര്യവും ആരും തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവർ ഞങ്ങളുടെ വീടുകളെയും, ഭൂപ്രദേശത്തെയും നശിപ്പിക്കുന്നു, നദികളെ മലിനമാക്കുന്നു, മത്സ്യങ്ങളെ കൊല്ലുന്നു, യാനോമാമി ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കാൻ ഒരുങ്ങുന്നു" അദ്ദേഹം പറഞ്ഞു.  

"മൃഗങ്ങളെ ഉറങ്ങുമ്പോൾ വേട്ടയാടുന്നത് പോലെ ഞങ്ങളെയും ബ്രസീൽ ഭരണകൂടം ഞങ്ങൾ അറിയാതെ കുടുക്കാൻ ശ്രമിക്കുന്നു. എന്‍റെ  ജനങ്ങളെ രോഗികളാക്കാനും ഞങ്ങളുടെ കുട്ടികളുടെ ഭാവി നശിപ്പിക്കാനും അവർ ശ്രമിക്കുന്നു. പലർക്കും ഇത് ധാതുക്കളാൽ സമ്പന്നമായ ഒരു സ്ഥലമാണ് എന്നറിയാം. അത് ചൂഷണം ചെയ്യാൻ സർക്കാർ ഒരു പുതിയ നിയമനിർമ്മാണം നടത്തുന്നു. ഖനനത്തിനു വേണ്ടിയുള്ള ഒരു ബില്ലാണത്" അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ഖനനം നിയമ വിധേയമാക്കാൻ ബ്രസീൽ ഗവണ്മെന്‍റ് ഒരു ബില് അവതരിപ്പിക്കുകയുണ്ടായി. എന്നാൽ സർക്കാരിതര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ടോ സോഷ്യോഅംബിയന്‍റൽ  നടത്തിയ ഒരു സർവേയിൽ 86% ബ്രസീലുകാരും ഇതിനെ എതിർക്കുന്നതായിട്ടാണ് തെളിഞ്ഞത്. എന്നിട്ടും ബോൾസൊനാരോ അത്തരം പ്രദേശങ്ങളിലുള്ള ഖനനം നിയമ വിധേയമാക്കാൻ ഒരുങ്ങുകയാണ്.

ഇവിടെ നിയമവിരുദ്ധമായി ഇപ്പോഴും ഖനന പ്രവർത്തങ്ങൾ നടക്കുന്നു. അതുമൂലമുണ്ടാകുന്ന ആരോഗ്യ, വിഭവശോഷണം വലുതാണ്. കമ്പനികൾ ഖനന പ്രവർത്തനങ്ങളക്കായി മെർക്കുറി ഉപയോഗിക്കുന്നു. ധാതുക്കൾ വേർതിരിച്ചെടുക്കാൻ ഭൂമിയിൽ വലിയ കുഴികളെടുക്കുന്നു. തുടർന്ന് ധാതുക്കൾ നദികളിലേക്ക് ഒഴുക്കിവിടുന്നു. അങ്ങനെ പുഴകളിൽ ധാതുക്കൾ നിറയുന്നു. മണലിലും ചെളിയിലും പൊതിഞ്ഞ് സ്വർണ്ണം പോലുള്ള ധാതുക്കൾ വെള്ളത്തിനടിയിൽ വന്നടിയുന്നു. ധാതുക്കളിൽ നിന്ന് ചെളിയും മണലും വേർതിരിക്കുന്നത്തിനായി അവർ വെള്ളത്തിൽ മെർക്കുറി നിക്ഷേപിക്കുന്നു. അങ്ങനെ ധാതുക്കൾ വേർതിരിഞ്ഞു കിട്ടുന്നു.

തുടർന്ന് മെർക്കുറി നദിക്കുള്ളിൽ അവശേഷിക്കുന്നു. ഇത് പഞ്ചസാര പോലെ ഉരുകില്ല. അത് അവിടെത്തന്നെ കിടക്കും. പുഴകളിലുള്ള മത്സ്യം ഇത് കഴിക്കുന്നു. നദികളുടെ കരകളിൽ താമസിക്കുന്ന യാനോമാമി ജനത ഭക്ഷണം ഉണ്ടാക്കാനും കുളിക്കാനും കുടിക്കാൻ വരെ ഈ മെർക്കുറി അടിഞ്ഞുകൂടിയ വെള്ളമാണ് ഉപയോഗിക്കുന്നത്. ക്രമേണ അവർ രോഗികളായി മാറുന്നു. അവർക്ക് കാൻസർ പോലുള്ള മാരകരോഗങ്ങൾ പിടിപ്പെടുന്നു. അവരുടെ കുട്ടികളുടെ വളർച്ച മുരടിച്ചു പോകുന്നു.

വലിയ രീതിയിലുള്ള വന നശീകരണവും വിഭവങ്ങളുടെ ചൂഷണവും ആമസോൺ മഴക്കാടുകളെയും അവിടത്തെ ഗോത്രവർഗ്ഗങ്ങളെയും നശിപ്പിക്കാൻ തുടങ്ങുന്നു. വനത്തെ സ്‌നേഹിക്കുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതികരിക്കണമെന്ന് കാടുകളുടെ ശബ്‌ദമായി തീർന്ന ഡേവി കോപെനവ ജനങ്ങളോട് ആഹ്വാനം ചെയുന്നു. 


 

click me!