
ആറ് വർഷത്തിന് മുൻപ് 22 പേരുടെ ജീവനെടുത്ത ഒരു അപകടത്തിൽ, ബസ് ഡ്രൈവർ(Driver)ക്ക് കോടതി ഇപ്പോൾ 190 വർഷ(190 Years)ത്തെ തടവുശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ പന്നയിലാണ് സംഭവം. രാജ്യത്ത് ആദ്യമായാണ് ഗുരുതരമായ ഒരു അപകടത്തിന് ഉത്തരവാദിയായ ഡ്രൈവർക്ക് ഇത്രയും കഠിനമായ ജയിൽ ശിക്ഷ ലഭിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങി 19 കുറ്റങ്ങളാണ് സാത്‌ന സ്വദേശിയായ ഷംസുദ്ദീനെതിരെ ചുമത്തിയിരിക്കുന്നത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവ് ശിക്ഷ എന്ന കണക്കിനാണ് അയാൾക്ക് 190 വർഷം തടവ് വിധിച്ചിരിക്കുന്നത്.
ആ 47 -കാരന് ഇനി ജീവിതകാലം മുഴുവൻ ഇരുമ്പഴിക്കുളിൽ കഴിയേണ്ടി വരും. അയാളെ കൂടാതെ, ബസിന്റെ ഉടമ ജ്ഞാനേന്ദ്ര പാണ്ഡെയെയും കോടതി പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചു. 2015 മെയ് നാലിനാണ് അപകടമുണ്ടായത്. 65 യാത്രക്കാരുമായി പോയ ബസ് പന്നയ്ക്കടുത്തുള്ള പാണ്ഡവ് വെള്ളച്ചാട്ടത്തിന് സമീപമുള്ള പാലത്തിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ടു. തുടർന്ന്, എട്ട് അടിയോളം താഴ്ചയുള്ള വെള്ളമില്ലാത്ത കനാലിലേക്ക് മറിഞ്ഞു. പിന്നാലെയുണ്ടായ തീപിടുത്തത്തിൽ വാഹനം പൂർണമായും കത്തിനശിച്ചു. അപകടത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. മറ്റ് പലർക്കും സാരമായി പരിക്കേറ്റു.
ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതാണ് ബസിന് തീപിടിച്ചതെന്ന് ബസിലുണ്ടായിരുന്ന ചില യാത്രക്കാർ പറഞ്ഞു. ഞെടിയിടയിൽ ബസിനകത്തേക്കും തീപടർന്നതിനെ തുടർന്ന് 22 യാത്രക്കാർ ബസിനുള്ളിൽ തന്നെ കിടന്ന് വെന്തുമരിച്ചു. ആ യാത്രക്കാരുടെ അസ്ഥികൂടങ്ങൾ മാത്രമാണ് പുറത്തെടുക്കാനായത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അവരെ തിരിച്ചറിയാൻ കഴിഞ്ഞത് പോലും. അന്വേഷണത്തിൽ, ബസിന്റെ എമർജൻസി വാതിൽ കമ്പികൾ ഉപയോഗിച്ച് മറച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ അതിന് സമീപം ഒരു അധിക സീറ്റ് ഘടിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇത് മൂലമാണ് തീപിടിത്തമുണ്ടായപ്പോൾ ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. തുടർന്ന്, യാത്രക്കാർ അതിനകത്ത് പെടുകയും, നരകയാതന അനുഭവിച്ച് മരിക്കുകയും ചെയ്തു.
ഇതും പോരാതെ, അമിത വേഗത്തിലാണ് ഷംസുദ്ദീൻ വണ്ടി ഓടിച്ചിരുന്നത്. അയാൾ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് കണ്ട യാത്രക്കാർ പലവട്ടം അയാളോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടുവെങ്കിലും, അയാൾ അത് ചെവികൊണ്ടില്ലത്രെ. ഒടുവിൽ വണ്ടി നിയന്ത്രണം വിട്ട് കനാലിലേക്ക് മറയുകയായിരുന്നു. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 304 (എ), 304, 279, 337 തുടങ്ങിയ വകുപ്പുകൾ പ്രകാരവും, മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 184 പ്രകാരവുമാണ് കേസെടുത്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്‌പെഷ്യൽ ജഡ്‌ജി ആർ.പി സോങ്കറാണ് വിധി പ്രസ്താവിച്ചത്.