അടുക്കളത്തോട്ടത്തില്‍ ചുരയ്ക്കയും സാലഡ് വെള്ളരിയും വളര്‍ത്താം

By Web TeamFirst Published Jan 8, 2020, 2:21 PM IST
Highlights

ഇലതീനിപ്പുഴക്കള്‍, മത്തന്‍വണ്ട് എന്നിവയെല്ലാം ആക്രമിക്കുന്നത് തടയാന്‍ വേപ്പെണ്ണ-വെളുത്തുള്ളി കഷായം ഉപയോഗിക്കാം. കായീച്ചകളെ നിയന്ത്രിക്കാന്‍ തുളസിക്കെണി ഉപയോഗിക്കാം.

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന വെള്ളരി വര്‍ഗത്തില്‍പ്പെട്ട രണ്ടു വിളകളാണ് ചുരയ്ക്കയും സലാഡ് വെള്ളരിയും. മഴക്കാലത്തും വേനല്‍ക്കാലത്തും കൃഷി ചെയ്യാന്‍ കഴിയുന്നതാണ് ചുരയ്ക്ക. സലാഡ് വെള്ളരി അഥവാ കക്കിരി വേനല്‍ക്കാലത്താണ് കൂടുതല്‍ പ്രയോജനപ്പെടുന്നത്. ഈ രണ്ട് പച്ചക്കറികളുടെയും കൃഷിരീതിയും കീടങ്ങളെ തുരത്താനുള്ള വിദ്യയും മനസിലാക്കാം.

ചുരയ്ക്ക കൃഷി ചെയ്യാം

മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ എന്നിവ ചുരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. വിത്തില്‍ എണ്ണയുടെ അംശവും ഉണ്ട്. ചുരയ്ക്കയുടെ അധികം മൂപ്പെത്താത്ത കായ്‍കളാണ് കറിവെയ്ക്കാന്‍ നല്ലത്. ചുരയ്ക്കക്ക് മൂപ്പെത്തിയാല്‍ കായ്‍കളുടെ ഉള്ളിലെ നാരിന്റെ അളവ് കൂടും.

കൃഷി ചെയ്യുന്നവര്‍ വിത്താണ് ഉപയോഗിക്കുന്നത്. വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂത്ത ചുരയ്ക്ക ഉപയോഗിക്കണം.

കൃഷി ചെയ്യുമ്പോള്‍ വേനല്‍ക്കാലത്ത് തടമുണ്ടാക്കി വിത്ത് നടാം. മഴക്കാലത്ത് മണ്ണ് കൂന കൂട്ടിയാണ് വിത്ത് നടുന്നത്. രണ്ട് കുഴികള്‍ തമ്മില്‍ 2 മീറ്റര്‍ വരെയെങ്കിലും അകലം ആവശ്യമാണ്. വെള്ളത്തില്‍ കുതിര്‍ത്തശേഷം വിത്ത് പാകിയാല്‍ വേഗത്തില്‍ മുളയ്ക്കും.

കുഴികള്‍ തയ്യാറാക്കുമ്പോള്‍ അടിവളമായി ജൈവവളം ചേര്‍ക്കണം. ചുരയ്ക്കയ്ക്ക് വള്ളി വീശാന്‍ തുടങ്ങിയാല്‍ യൂറിയ നല്‍കുന്നതാണ് നല്ലത്.

വെള്ളരിയെ ബാധിക്കുന്ന രോഗങ്ങളെല്ലാം ബാധിക്കാന്‍ സാധ്യതയുള്ള വിളയാണ് ചുരയ്ക്ക. 

ഇലതീനിപ്പുഴക്കള്‍, മത്തന്‍വണ്ട് എന്നിവയെല്ലാം ആക്രമിക്കുന്നത് തടയാന്‍ വേപ്പെണ്ണ-വെളുത്തുള്ളി കഷായം ഉപയോഗിക്കാം. കായീച്ചകളെ നിയന്ത്രിക്കാന്‍ തുളസിക്കെണി ഉപയോഗിക്കാം.

സാലഡ് വെള്ളരി

വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന ഇനമാണ് സലാഡ് വെള്ളരി. ഇതിന്റെ ഹൈബ്രിഡ് വിത്തുകള്‍ വിപണിയില്‍ ലഭ്യമാണ്.

ഒരു തടത്തില്‍ അഞ്ച് വിത്തുകള്‍ പാകി മുളപ്പിക്കാം. ഈര്‍പ്പമുള്ള തടത്തില്‍ വിത്ത് വിതയ്ക്കണം. മൂന്നാംദിവസം വിത്ത് വിതയ്ക്കും.

ട്രൈക്കോഡെര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേര്‍ത്താല്‍ നല്ല പോഷകമാണ്.

പച്ചച്ചാണകം ഒരു കി.ഗ്രാം 10 ലി. വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയിലൊരിക്കല്‍ തളിക്കാം.

വിത്തുകള്‍ നടുമ്പോള്‍ വരികള്‍ തമ്മില്‍ രണ്ടു മീറ്ററും തടങ്ങള്‍ തമ്മില്‍ ഒന്നര മീറ്ററും അകലം നല്‍കണം. രണ്ടടി വ്യാസത്തിലും ഒന്നരയടി താഴ്ചയിലുമുള്ള കുഴികളാണ് സലാഡ് വെള്ളരി കൃഷി ചെയ്യാന്‍ നല്ലത്. കുഴികളിലേക്ക് ഒരു ചിരട്ടിയില്‍ കുമ്മായം ചേര്‍ക്കാം.

വിത്ത് വിതയ്ക്കുന്നതിന് മുമ്പ് സ്യൂഡോമോണസുമായി ചേര്‍ത്ത് അരമണിക്കൂര്‍ വെക്കണം.

ബോറാക്‌സ് രണ്ടു ഗ്രാം എടുത്ത് രണ്ടുതുള്ളി ചെറുനാരങ്ങാനീരും ഷാംപൂവും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നടണം. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തളിക്കണം. സലാഡ് വെള്ളരിയുടെ തൂക്കം കൂട്ടാന്‍ ഇത് സഹായിക്കും.

കീടങ്ങളെ തുരത്താന്‍ ചില വിദ്യകള്‍

ഇലയുടെ അടിയില്‍ നിന്ന് പതുക്കെ വശങ്ങള്‍ മുറിച്ച് ചുരുട്ടുകയും തളിരിലകള്‍ നശിപ്പിക്കുകയും ചെയ്യുന്ന പുഴുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്.

കിരിയാത്ത്-വെളുത്തുള്ളി-സോപ്പ് മിശ്രിതം: 

കിരിയാത്ത് എന്ന ചെടിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഈ ചെടിയുടെ ഇലകളും ഇളംതണ്ടും ചതച്ച് അര ലിറ്റര്‍ നീര് എടുക്കണം. 40 ഗ്രാം ബാര്‍സോപ്പ് 250 മി.ല്ലി വെള്ളത്തില്‍ അലിയിച്ച് സോപ്പ് ലായനി തയ്യാറാക്കണം. തയ്യാറാക്കിവെച്ച കിരിയാത്തിന്റെ നീരും സോപ്പ് ലായനിയും കൂട്ടിയോജിപ്പിക്കുക. അഞ്ചിരട്ടി വെള്ളം ഒഴിച്ച് നേര്‍പ്പിക്കാം. എന്നിട്ട് 200 ഗ്രാം വെളുത്തുള്ളി അരച്ചു ചേര്‍ക്കുക. ഈ മിശ്രിതം ചെറിയ തുണിയില്‍ അരിച്ചെടുത്ത് സ്‌പ്രെയര്‍ ഉപയോഗിച്ച് ഇലകളുടെ അടിയില്‍ പതിക്കത്തക്ക വിധം തളിച്ചാല്‍ ഇലചുരുട്ടിപ്പുഴുവിനെ തുരത്താം.

വേപ്പെണ്ണ എമല്‍ഷന്‍

വേപ്പെണ്ണയും ബാര്‍സോപ്പുമാണ് പ്രധാന ചേരുവകള്‍. 250 മി.ലി വേപ്പെണ്ണയ്ക്ക് 25 ഗ്രാം ബാര്‍ സോപ്പ് ആവശ്യമാണ്.

ബാര്‍സോപ്പ് 250 മി.ലി ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുക്കണം. ഈ ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കി പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കണം. എന്നിട്ട് ചെടികളില്‍ തളിച്ചാല്‍ ഇലതീനിപ്പുഴുക്കളെയും വെള്ളീച്ചകളെയും ചിത്രകീടത്തെയും തുരത്താം.

വെര്‍ട്ടിസീലിയം ലായനി

കുമിള്‍രോഗങ്ങളെ തടയാന്‍ വെര്‍ട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ ഉപയോഗിക്കാം. ഈ മിശ്രിതം പൗഡര്‍ രൂപത്തിലാണ്. കീടശല്യം കാണുമ്പോള്‍ ഈ മിശ്രിതം 15-20 ഗ്രാം എടുത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അരിച്ചെടുക്കണം.

ഇതിലേക്ക് 30 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ഒരാഴ്ച ഇടവിട്ട് തളിക്കണം. മുഞ്ഞ, ഇലപ്പേന്‍, മീലിമൂട്ട എന്നിവയെ തടയാന്‍ ഈ ലായനിക്ക് കഴിയും.


 

click me!