
ഹിന്ദു ദേവതയായ മാ കാളിയുടെ വേഷം ധരിച്ചു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കനേഡിയൻ റാപ്പർ ടോമി ജെനസിസിനതിരെ വൻ വിമർശനം. ജെനസിസ് യാസ്മിൻ മോഹൻരാജ് എന്നാണ് ടോമി ജെനസിസിന്റെ യഥാർത്ഥ പേര്. 'ട്രൂ ബ്ലൂ' എന്ന മ്യൂസിക് വീഡിയോയിൽ മാ കാളിയുടെ വേഷം ധരിച്ചും, കയ്യിൽ കുരിശുമായും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള വിമർശനം ഉയരുന്നത്.
തമിഴ്, സ്വീഡിഷ് വേരുകളുള്ള കനേഡിയൻ റാപ്പറാണ് ജെനസിസ്. ഒരിക്കൽ ഡേസ്ഡ് മാഗസിൻ അവരെ വിശേഷിപ്പിച്ചത് 'ഇന്റർനെറ്റിലെ ഏറ്റവും വിമതയായ അണ്ടർഗ്രൗണ്ട് റാപ്പ് റാണി' എന്നായിരുന്നു. തന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോയിൽ ജെനസിസ് പ്രത്യക്ഷപ്പെടുന്നത് നീല ബോഡി പെയിന്റും, സ്വർണ്ണാഭരണങ്ങളും, ചുവന്ന പൊട്ടും ധരിച്ചു കൊണ്ടാണ്. എന്നാൽ, പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഇതിന്റെ പേരിൽ ഉയരുകയായിരുന്നു.
ഹിന്ദു സംസ്കാരത്തെ മോശമായി ചിത്രീകരിച്ചു, മാ കാളിയെ ആക്ഷേപകരമായ രീതിയിൽ അവതരിപ്പിച്ചു തുടങ്ങിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. അതേസമയം തന്നെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട കുരിശും വിമർശനങ്ങൾക്ക് കാരണമായി.
ടോമി ജെനസിസിന്റെ വരാനിരിക്കുന്ന ആൽബമായ 'ജെനസിസി'ന്റെ ഭാഗമാണ് ട്രൂ ബ്ലൂ എന്ന ഗാനം. ശനിയാഴ്ചയാണ് റാപ്പറും മോഡലുമായ ജെനസിസ് ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ചിരിക്കുന്ന മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. വീഡിയോയിൽ ശരീരത്തിൽ നീല പെയിന്റടിച്ചും ഗോൾഡൻ നിറത്തിലുള്ള ആഭരണങ്ങളും ചുവന്ന പൊട്ടും ധരിച്ചാണ് ജെനസിസ് പ്രത്യക്ഷപ്പെട്ടത്. ബിക്കിനി വേഷത്തിലാണ് ജെനസിസ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
മാ കാളിയുടെ വേഷത്തിന്റെയും കയ്യിൽ പിടിച്ചിരിക്കുന്ന കുരിശിന്റെയും പേരിൽ വ്യാപകമായ വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് നിരവധിപ്പേരാണ് കമന്റുകളിൽ ആവശ്യപ്പെടുന്നത്.