ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ 14 നഗരങ്ങള്‍, കുട്ടികള്‍ നേരിടാന്‍ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്‍നങ്ങളെന്ന് പഠനം

Published : Nov 17, 2019, 01:27 PM ISTUpdated : Nov 17, 2019, 01:29 PM IST
ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ 14 നഗരങ്ങള്‍, കുട്ടികള്‍ നേരിടാന്‍ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്‍നങ്ങളെന്ന് പഠനം

Synopsis

വായുമലിനീകരണവും ഉയർന്ന താപനിലയും കാരണം ഇന്ന് ജനിക്കുന്ന ഒരു കുട്ടി കൂടുതൽ വിഷവാതകം ശ്വസിക്കാൻ ഇടയാകുന്നു. ഇത് കുട്ടികളുടെ ശ്വാസകോശത്തിനെത്തന്നെ ദോഷമായി ബാധിക്കുന്നു. 

പണ്ട് പ്രകൃതിയുടെ മടിത്തട്ടിൽ മഴയും വെയിലും ആസ്വദിച്ചു കളിച്ചു തിമിർത്ത ഒരു കുട്ടിക്കാലമുണ്ടായിരുന്നു ഇവിടെ. എന്നാല്‍, ഇന്നത്തെ തലമുറയ്ക്ക് അവയെല്ലാം അന്യമായിത്തീർന്നു. തൊടിയും ശുദ്ധവായുവും തെളിനീരുറവകളും ഇല്ലാതാകുന്നത് ഭയപ്പെടുത്തുന്ന ഒരു ഭാവിയുടെ നേർകാഴ്ചയാണ്. ഇന്ന് ശുദ്ധജലം പോലെ ശുദ്ധവായുവും പുതിയ തലമുറയ്ക്ക് നഷ്ടമായിരിക്കുന്നു. ദില്ലിയിലടക്കം ഓക്സിജന്‍ പമ്പുകള്‍ വരെ തുറക്കുന്ന സാഹചര്യത്തിലേക്ക് രാജ്യമെത്തിയിരിക്കുന്നു. നമ്മുടെ സ്വാർത്ഥതകൊണ്ടും ബുദ്ധിമോശം കൊണ്ടും നാമുണ്ടാക്കിയെടുത്ത പാരിസ്ഥികപ്രശ്നങ്ങൾ നേരിടാൻ പോകുന്നത് നമ്മുടെ വരും തലമുറകളായിരിക്കും.

ഒരു പുതിയ റിപ്പോർട്ട് പ്രകാരം, ഇന്നത്തെ എമിഷന്റെ നിരക്കനുസരിച്ച് ജനിച്ചു വീഴുന്ന ഓരോ കുരുന്നുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. വായുമലിനീകരണവും, പോഷകാഹാരക്കുറവും, പകർച്ചവ്യാധികളും അനുഭവിക്കുന്ന ഇന്ത്യയിലെ കുട്ടികൾ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തന്നെ ഭീകരമായ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. താപനില ഉയരുമ്പോൾ വിളവെടുപ്പ് ചുരുങ്ങും. അത് ഭക്ഷ്യവസ്തുക്കളുടെ വിലകയറ്റത്തിനും അനുബന്ധ ആരോഗ്യപ്രശ്നങ്ങളായ പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ദുർബലമായ രോഗപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവക്ക് കാരണമാകുമെന്നും മെഡിക്കല്‍ ജേണലായ The Lancet -ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

വർദ്ധിച്ചുവരുന്ന താപനിലയും മാറിവരുന്ന മഴയുടെ രീതിയും കുട്ടികൾക്ക് പകർച്ചവ്യാധികൾ പിടിപെടാൻ കാരണമാകും. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഡെങ്കിപ്പനി, ലോകത്ത് ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന കൊതുക് പരത്തുന്ന വൈറൽ രോഗമായി മാറിയിട്ടുണ്ട്. വായുമലിനീകരണവും ഉയർന്ന താപനിലയും കാരണം ഇന്ന് ജനിക്കുന്ന ഒരു കുട്ടി കൂടുതൽ വിഷവാതകം ശ്വസിക്കാൻ ഇടയാകുന്നു. ഇത് കുട്ടികളുടെ ശ്വാസകോശത്തിനെത്തന്നെ ദോഷമായി ബാധിക്കുന്നു. പിന്നീടുള്ള ജീവിതത്തിൽ, ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുക, ആസ്ത്മ വഷളാക്കുക, ഹൃദയാഘാതം വരിക എന്നിവയ്ക്ക് കാരണമായേക്കാം.

ലോകത്തിലെതന്നെ നാലാമത്തെ സ്ഥാനത്താണ് ഇന്ത്യയുടെ പിഎം ലെവൽ (2 .5 ) എത്തി നില്‍ക്കുന്നത്. ഇത് ആരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ ഒമ്പത് ഇരട്ടിയുമാണ്. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നായി ഇത് ഇന്ത്യയെ മാറ്റി. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ 14 നഗരങ്ങൾ ഇടം നേടി. 2016 -ൽ ഇന്ത്യയിൽ 529,500 മരണങ്ങൾക്ക് പിഎം -ന്റെ ഉയർന്ന അളവ് കാരണമായിട്ടുണ്ട് - ഇതിൽ 97,400 ലധികം കൽക്കരി മൂലമാണ്. എല്ലാ ലോകരാജ്യങ്ങളും കാർബൺ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിലൂടെ ലോകതാപനം 2 ഡിഗ്രിവരെ കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ വരും തലമുറകൾക്കായി നാം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ കരുതൽ അവരുടെ സുരക്ഷയാണ്.


 

PREV
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി