ഇതാണ് അച്ഛന്‍; തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താന്‍ ഒരച്ഛന്‍ പിന്നിട്ടത് 24 വര്‍ഷം, 500,000 കി. മീറ്റര്‍!

By Web TeamFirst Published Jul 14, 2021, 3:11 PM IST
Highlights

ഇരുപത്തിനാല് വര്‍ഷങ്ങള്‍. 500,000 കിലോമീറ്റര്‍ യാത്ര. അവസാനം, ആ പിതാവ് മകനെ കണ്ടെത്തി. ചൈനയിലാണ്, തട്ടിക്കൊണ്ടുപോയ മകനു വേണ്ടി ഒരു പിതാവ് 24 വര്‍ഷം നാടുനീളെ അലഞ്ഞത്. ആ യാത്ര വിഫലമായില്ല, ഇക്കഴിഞ്ഞ ദിവസം അദ്ദേഹവും ഭാര്യയും മകനെ കണ്ടുമുട്ടി.

യാത്രക്കിടെ പലപ്പോഴും നിരാശനായിട്ടുണ്ടെന്ന് ഗുവോ പറഞ്ഞു. ''രണ്ടു മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചു. എന്നാാല്‍, ബാനറിലുള്ള മകന്റെ ചിത്രം കണ്ടപ്പോള്‍ അതിനു തോന്നിയില്ല. അച്ഛാ, എന്നെ കണ്ടുപിടിക്കൂ എന്ന അവന്റെ കരച്ചില്‍ കേട്ടതുപോലെ തോന്നിയപ്പോള്‍, മരിക്കില്ല എന്നുറപ്പിച്ചു.''അദ്ദേഹം പറഞ്ഞു. 

 

 

ഇരുപത്തിനാല് വര്‍ഷങ്ങള്‍. 500,000 കിലോമീറ്റര്‍ യാത്ര. അവസാനം, ആ പിതാവ് മകനെ കണ്ടെത്തി. ചൈനയിലാണ്, തട്ടിക്കൊണ്ടുപോയ മകനു വേണ്ടി ഒരു പിതാവ് 24 വര്‍ഷം നാടുനീളെ അലഞ്ഞത്. ആ യാത്ര വിഫലമായില്ല, ഇക്കഴിഞ്ഞ ദിവസം അദ്ദേഹവും ഭാര്യയും മകനെ കണ്ടുമുട്ടി. കുട്ടിയെ വിലകൊടുത്തു വാങ്ങി വളര്‍ത്തിയ കുടുംബത്തില്‍ ചെന്നാണ് അവര്‍ മകനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ഡി എന്‍ എ പരിശോധനയില്‍ കുട്ടി ഗുവോയുടെ മകനാണെന്ന് തെളിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റ ദമ്പതികള്‍ ഇതിനിടെ അറസ്റ്റിലായി. 

 

 

ഗുവോ ഗാങ്ടാങ് എന്നാണ് ഈ പിതാവിന്റെ പേര്. 1997 -ലാണ് ഇദ്ദേഹത്തിന്റെ മകനെ കാണാതായത്. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്ന് രണ്ടു വയസ്സുണ്ടായിരുന്ന മകന്‍. പൊലീസില്‍ അറിയിച്ചിട്ടും ഫലം ഒന്നുമുണ്ടായില്ല. അങ്ങനെ അദ്ദേഹം അവനെ തേടി യാത്രയാരംഭിച്ചു. മകന്റെ ചിത്രമുള്ള ബാനര്‍ ബൈക്കിനു പിറകില്‍ വലിച്ചു കെട്ടിയും മകന്റെ ഫോട്ടോ പതിപ്പിച്ച ലഘുലേഖകള്‍ വിതരണം ചെയ്തുമായിരുന്നു ആ അന്വേഷണം. ചൈനയുടെ എല്ലാ പ്രവിശ്യകളിലും അദ്ദേഹം മകനു വേണ്ടി സഞ്ചരിച്ചു. 24 വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം കിലോ മീറ്റര്‍ ബൈക്കില്‍ അദ്ദേഹം യാത്ര ചെയ്തു. അതിനിടെ പത്ത് ബൈക്കുകള്‍ മാറി. നിരവധി തവണ കൊള്ളയടിക്കപ്പെട്ടു. രണ്ടു വട്ടം ബൈക്ക് അപകടത്തില്‍ പരിക്കു പറ്റി. എന്നിട്ടും അദ്ദേഹം യാത്ര നിര്‍ത്തിയില്ല. ഇതിനായി തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ അദ്ദേഹം ചെലവഴിച്ചു. പലപ്പോഴും പാലങ്ങള്‍ക്കടിയില്‍ കിടന്നുറങ്ങി. പണമില്ലാതെ സന്ദര്‍ഭങ്ങളില്‍ പിച്ചയെടുത്തു. 

അസാധാരണമായ ഈ യാത്ര പിന്നീട് വലിയ വാര്‍ത്തയായി. ആ പിതാവിന്റെ കഥ പിന്നീട് സിനിമയായി. 2015-ല്‍ ലോസ്റ്റ് ആന്റ് ലവ് എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമ ഹിറ്റായിരുന്നു. ഹോങ്കോംഗ് താരം ആന്‍ഡി ലോ ആണ് മകന്റെ വേഷമിട്ടത്.

 

 

തീര്‍ന്നില്ല, മകനെ കണ്ടെത്തുന്നതിനായി ഗുവോ ഗാങ്ടാങ് ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. കുട്ടികളെ നഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ രജിസ്റ്റര്‍ ചെയ്യാമെന്നദ്ദേഹം പറഞ്ഞു. പ്രതികരണം വലുതായിരുന്നു. പ്രതിവര്‍ഷം 20,000 കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന ചൈനയില്‍ നിരവധി പേര്‍ തങ്ങളുടെ കുട്ടിയുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തു. ഗുവോ പിന്നീട്, മക്കള്‍ തട്ടിക്കൊണ്ടുപോവപ്പെട്ട മാതാപിതാക്കളുടെ ഒരു സംഘടന രൂപവല്‍കരിച്ചു. സ്വന്തമായി നടത്തിയ അന്വേഷണങ്ങള്‍ക്കിടയില്‍ ഗുവോ നല്‍കിയ വിവരങ്ങള്‍ പ്രകാരം ചൈനീസ് പൊലീസ് ഇക്കാലയളവില്‍ കണ്ടെടുത്തത് 100 -ലേറെ കുട്ടികളെയാണ്. 

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ ടാങ് എന്ന സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.  ബസ് സ്റ്റേഷനില്‍ കാത്തുനിന്നിരുന്ന അവളുടെ പങ്കാളി ഹു വിനൊപ്പം കുട്ടിയുമായി അവള്‍ ട്രെയിനില്‍ കയറി ഹെനാന്‍ പ്രവിശ്യയിലേക്ക് പോയി. അവിടെ വച്ച് കുട്ടിയെ വിറ്റു. കുട്ടിയെ വാങ്ങിയ കുടുംബം അവനെ നന്നായി വളര്‍ത്തിയതായി പൊലീസ് അറിയിച്ചു. 26 വയസ്സുള്ള അവനിപ്പോള്‍ ബിരുദവിദ്യാര്‍ത്ഥിയാണ്. 

കഴിഞ്ഞ ഞായറാഴ്ചയാണ് ഷാന്‍ഡോങിലെ ലിയോചെങ്ങിലുള്ള വീട്ടില്‍ ചെന്ന് ഗുവോയും ഭാര്യയും മകനെ കണ്ടത്. അവര്‍  മകനെ കെട്ടിപ്പിടിച്ചു കരഞ്ഞു. വര്‍ഷങ്ങളുടെ നോവും, വേദനയും കണ്ണീരായി ഒഴുകി. 'എന്റെ കുഞ്ഞേ, നീ തിരിച്ചു വന്നു!' എന്ന് പറഞ്ഞു അമ്മ അവനെ ചേര്‍ത്ത് പിടിച്ചു. ഇനി ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ മാത്രമേ കഴിയൂ എന്ന് ആ അച്ഛന്‍ ആശ്വാസത്തോടെ പറഞ്ഞു.  

 

 

മകനെ കാണാതായതോടെ ഗുവോയുടെ ജീവിതമാകെ മാറിമറിഞ്ഞിരുന്നു. 90 കിലോയില്‍നിന്നും അയാളുടെ തൂക്കം 60 കിലോ ആയി. ഒറ്റ മാസം കൊണ്ട് മുടി മുഴുവന്‍ നരച്ചു.  പൊലീസില്‍ പരാതിപ്പെട്ടിട്ടും ഒരു വിവരവും കിട്ടാതായപ്പോള്‍ സ്വന്തം നിലയ്ക്ക് അന്വേഷിക്കാന്‍ ഇറങ്ങുകയായിരുന്നു. തിബത്തിലും സിന്‍ജിയാംഗിലും ഒഴികെ എല്ലാ പ്രവിശ്യകളിലും അദ്ദേഹം യാത്ര ചെയ്തു. 

യാത്രക്കിടെ പലപ്പോഴും നിരാശനായിട്ടുണ്ടെന്ന് ഗുവോ പറഞ്ഞു. ''രണ്ടു മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചു. എന്നാാല്‍, ബാനറിലുള്ള മകന്റെ ചിത്രം കണ്ടപ്പോള്‍ അതിനു തോന്നിയില്ല. അച്ഛാ, എന്നെ കണ്ടുപിടിക്കൂ എന്ന അവന്റെ കരച്ചില്‍ കേട്ടതുപോലെ തോന്നിയപ്പോള്‍, മരിക്കില്ല എന്നുറപ്പിച്ചു.''അദ്ദേഹം പറഞ്ഞു. 

ചൈനയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമാണ്. ഓരോ വര്‍ഷവും 20,000 ഓളം കുട്ടികളെയാണ് അവിടെ ഈ വിധം തട്ടിക്കൊണ്ടുപോകുന്നത്. അവരില്‍ പലരും വിദേശത്തേയ്ക്ക് ദത്തെടുക്കാന്‍ വില്‍ക്കപ്പെടുന്നു. ബാക്കിയുള്ളവരെ ഫാക്ടറികളിലും, മറ്റിടങ്ങളില്‍ ബാലവേലക്കായി ഉപയോഗിക്കുന്നു. നിരവധി മാതാപിതാക്കളാണ് തട്ടികൊണ്ടുപോയ മക്കള്‍ എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയില്‍ ജീവിതം തള്ളിനീക്കുന്നത്. ഇരുട്ടില്‍ തപ്പുന്ന അവര്‍ക്കിടയില്‍ ഗുവോവിന്റെ കഥ പ്രതീക്ഷയുടെ ഇത്തിരിവെട്ടമാകുന്നു.  

click me!