
കുട്ടികളെ തല്ലി വളർത്തണം എന്ന് പണ്ടത്തെ പല മാതാപിതാക്കളും പറയാറുണ്ട്. എന്നാൽ, ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ ചൈനയിൽ ട്രെൻഡാവുന്നത് 'റിവേഴ്സ് പാരന്റിംഗ്' ആണ്. റിവേഴ്സ് പാരന്റിംഗിൽ മക്കളെ ശാസിക്കുകയല്ല, പകരം അവരുടെ സ്വഭാവത്തിനനുസരിച്ച് നീങ്ങുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്. 2022 നവംബറിൽ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിൽ നടന്ന ഒരു സംഭവമാണത്രെ ഈ ട്രെൻഡിന് തുടക്കമിട്ടത്. അതിശൈത്യമുള്ള കാലാവസ്ഥയിൽ കനം കുറഞ്ഞ ഒരു 'പ്രിൻസസ് ഡ്രസ്' മാത്രം ധരിച്ച് പുറത്തുപോകണമെന്ന് വാശിപിടിച്ച മകളെ അമ്മ തടഞ്ഞില്ല. പകരം അങ്ങനെ തന്നെ അവൾക്കൊപ്പം പുറത്തേക്ക് പോയി. തണുപ്പടിച്ചപ്പോൾ കുട്ടിയ്ക്ക് തന്നെ കാര്യം മനസ്സിലാകുകയും തിരികെ വരികയും ചെയ്തു. ഈ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പലരും ഈ രീതി സ്വീകരിച്ചു തുടങ്ങിയത്.
'റിവേഴ്സ് പാരന്റിംഗ്' മൂന്ന് തരത്തിലാണുള്ളത്.
1. റോൾ റിവേഴ്സൽ
ഇവിടെ മാതാപിതാക്കൾ ദുർബലരായും സഹായം ആവശ്യമുള്ളവരായും അഭിനയിക്കുന്നു. ഉദാഹരണത്തിന്, തനിക്ക് ഇത് ചെയ്യാൻ അറിയില്ല എന്ന് പറഞ്ഞ് മാതാപിതാക്കൾ മാറിയിരിക്കും. അപ്പോൾ കുട്ടികൾ ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിർബന്ധിതരാകും. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുമെന്നാണ് മാതാപിതാക്കൾ പറയുന്നത്.
2. കോൺസിക്വൻസ് എക്സ്പീരിയൻസ്
കുട്ടികൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ പ്രത്യാഘാതം അവർ തന്നെ നേരിട്ടറിയാൻ അനുവദിക്കുന്ന രീതിയാണിത്. ഉദാഹരണത്തിന്, വുഹാനിലെ എട്ടു വയസ്സുകാരൻ പഠനം നിർത്തി ഗെയിം കളിക്കാൻ വാശി പിടിച്ചു. മാതാപിതാക്കൾ അവനെ തടഞ്ഞില്ല. പകരം ദിവസം 16 മണിക്കൂർ നിർബന്ധമായി ഗെയിം കളിക്കണമെന്ന നിബന്ധന വെച്ചു. വെറും മൂന്ന് ദിവസം കൊണ്ട് കുട്ടി തളരുകയും പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു.
3. മിറർഡ് റെസ്പോൺസ്
കുട്ടികൾ കാണിക്കുന്ന വാശിയും ദേഷ്യവും മാതാപിതാക്കൾ അതേപടി അനുകരിക്കുന്ന രീതിയാണിത്. മൂന്ന് വയസ്സുകാരി ഐസ്ക്രീമിനായി തറയിൽ കിടന്ന് കരഞ്ഞപ്പോൾ അവളുടെ അമ്മയും തൊട്ടടുത്ത് കിടന്ന് അതിനേക്കാൾ ഉറക്കെ കരയാൻ തുടങ്ങി. ഇത് കണ്ട് അമ്പരന്ന കുട്ടി കരച്ചിൽ നിർത്തിയതായും മാതാപിതാക്കൾ പറയുന്നു.
വലിയ ശിക്ഷകൾക്കും പകരം, കുട്ടികളെ അവരുടെ തെറ്റുകൾ സ്വയം ബോധ്യപ്പെടുത്താനാണ് ഈ രീതിയിലൂടെ ശ്രമിക്കുന്നത്. ഇത് കുട്ടികളും മാതാപിതാക്കളും തമ്മിൽ കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായിക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം ഈ രീതിക്കും അതിന്‍റേതായ ദൂഷ്യഫലങ്ങളും ഉണ്ട്.