ഓൺലൈൻ ഷോപ്പിം​ഗിന് 66 -കാരി പൊടിച്ചത് രണ്ടരക്കോടി രൂപ, പൊട്ടിക്കുക പോലും ചെയ്യാതെ കൂനകൂട്ടിയിട്ട് പാക്കേജുകൾ

Published : Jul 14, 2025, 02:29 PM IST
Representative image

Synopsis

ഇങ്ങനെ സാധനങ്ങൾ കൂനകൂട്ടിയിട്ടതോടെ വീട്ടിൽ പ്രാണികളും മറ്റും വന്നു തുടങ്ങി. വീട്ടിൽ ശുചിത്വവും ഇല്ലാതായി. ഇതോടെ അയൽക്കാർ ഇതേക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.

ഷോപ്പിം​ഗ് നടത്തുക എന്നതിന് ചിലർ അടിമകളായിരിക്കും. എന്നാൽ, ചൈനയിൽ നിന്നുള്ള ഈ സ്ത്രീ ചെയ്ത കാര്യം കുറച്ച് കടുപ്പമാണ് എന്ന് പറയേണ്ടി വരും. ഷാങ്‍ഹായിൽ നിന്നുള്ള ഈ 66 -കാരി ഓൺലൈൻ ഷോപ്പിം​ഗിനായി ഇതുവരെ ചെലവഴിച്ചത് രണ്ട് മില്ല്യൺ യുവാൻ ആണ്. അതായത് ഏകദേശം രണ്ടരക്കോടിക്കടുത്ത് രൂപ വരും.

ഇങ്ങനെ ഷോപ്പിം​ഗിലൂടെ വാങ്ങിയ സാധനങ്ങൾ സൂക്ഷിക്കാനായി അവർ മറ്റൊരു ഫ്ലാറ്റ് കൂടി വാടകയ്ക്ക് എടുക്കുകയും ചെയ്തു. എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല, ഈ പാക്കേജുകളൊന്നും തന്നെ ഇവർ തുറന്ന് പോലും നോക്കിയിട്ടില്ല എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

വാങ് എന്നാണ് 66 -കാരിയുടെ പേര്. ഷാങ്ഹായിലെ ജിയാഡിംഗ് ജില്ലയിൽ ഒറ്റയ്ക്കാണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി വാങ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സാധനങ്ങൾ വാങ്ങുന്നുണ്ട്. എന്നാൽ, അവയിൽ പലതും തുറക്കാതെ അവളുടെ ഫ്ലാറ്റിൽ കുന്നുകൂട്ടിയിട്ടിരിക്കയാണ്. എന്തിനേറെ പറയുന്നു അവരുടെ അണ്ടർ​ഗ്രൗണ്ട് ​ഗാരേജിൽ പോലും നിറയെ ഈ പാക്കേജുകളാണ്. സ്വന്തം വീട്ടിൽ ശരിക്കും കിടന്നുറങ്ങാനുള്ള സ്ഥലം പോലുമില്ല എന്നും വാങ്ങ് തന്നെ സമ്മതിക്കുന്നുണ്ട്.

ഇങ്ങനെ സാധനങ്ങൾ കൂനകൂട്ടിയിട്ടതോടെ വീട്ടിൽ പ്രാണികളും മറ്റും വന്നു തുടങ്ങി. വീട്ടിൽ ശുചിത്വവും ഇല്ലാതായി. ഇതോടെ അയൽക്കാർ ഇതേക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.

വാങ്ങ് പറയുന്നത്, കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ന​ഗരത്തിന്റെ ഹൃദയഭാ​ഗത്തുള്ള വീട് വിറ്റ് താൻ ഇങ്ങോട്ട് വരുന്നത് എന്നാണ്. തന്റെ കയ്യിൽ ഇഷ്ടം പോലെ കാശുണ്ടെന്നറിഞ്ഞ് ആളുകൾ കടം വാങ്ങാനായി വരും. അങ്ങനെയാണ് താൻ ആവശ്യമില്ലാത്തതടക്കം ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടിയത്. വീട്ടിൽ നിറയെ സാധനങ്ങൾ കാണുമ്പോൾ എന്നോട് പണം വാങ്ങുന്നത് ശരിയല്ല എന്ന് അവർക്ക് തോന്നും എന്നും വാങ്ങ് പറയുന്നു.

കോസ്മെറ്റിക് പ്രൊഡക്ട്, ഹെൽത്ത് സപ്ലിമെന്റ്, സ്വർണാഭരണങ്ങൾ ഇവയൊക്കെയാണ് വാങ്ങ് വാങ്ങുന്നത്. ഇവരുടെ മകൾ വിദേശത്താണ് താമസിക്കുന്നത്. ഒരിക്കൽ അയൽക്കാരെല്ലാം ചേർന്ന് ഇവരുടെ വീട് വൃത്തിയാക്കിയിരുന്നു. പിന്നീട്, വീണ്ടും പഴയത് പോലെ തന്നെ ആവുകയായിരുന്നു. ഇനി ഇവരുടെ വീട്ടുകാരെ കൂടി അറിയിച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം എന്നാണ് അയൽക്കാർ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!