പൗരത്വ ഭേദഗതി ബിൽ, അമിത് ഷായുടെ 'അഭയാർത്ഥികൾ / നുഴഞ്ഞുകയറ്റക്കാർ' സങ്കല്പത്തിലെ നെല്ലും പതിരും

By Web TeamFirst Published Dec 11, 2019, 10:53 AM IST
Highlights

പ്രതിപക്ഷം തങ്ങളുടെ എതിർപ്പുകൾക്ക് ആധാരമായി എടുത്തുകാണിച്ചത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദം അനുവദിച്ചിട്ടുള്ള തുല്യതയ്ക്കുള്ള അവകാശത്തെയാണ്. 

അങ്ങനെ വാദവിവാദങ്ങൾക്കും എതിർപ്പുകൾക്കുമിടയിൽ അമിത് ഷാ ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയെടുത്തു. അതും പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളിൽ ഒന്നുപോലും കൂട്ടിത്തൊടീക്കാതെ തന്നെ. ചർച്ചയ്ക്കിടെ 48 എംപിമാർ ഈ ബില്ലിനെ അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും സഭയിൽ പ്രസംഗിക്കുകയുണ്ടായി. എല്ലാം കേട്ടിരുന്നശേഷം രാത്രി പത്തുമണിയോടെ അമിത് ഷാ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ വേണ്ടി എഴുന്നേറ്റു. നിന്ന നിൽപ്പില്‍ ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു നെടുങ്കൻ പ്രസംഗം തന്നെ നടത്തി. നരകയാതനകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കായ അഭയാർഥികളുടെ പീഡകൾ അവസാനിക്കുന്ന ദിനമാണ് ഇന്ന് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിൽ 64  വർഷമായി നിലവിലുള്ള ഇന്ത്യൻ പൗരത്വ നിയമത്തെയാണ് ഈ ബിൽ പരിഷ്കരിക്കുവാൻ പോകുന്നത്. ഈ നിയമപ്രകാരം, നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിൽ പ്രവേശിച്ചിട്ടുളള വിദേശപൗരന്മാർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹരല്ല. ഈ 'നിയമ വിരുദ്ധത'യുടെ നിർവചനമിതാണ്. പാസ്പോർട്ടിലാതെ, വിസയില്ലാതെ, മറ്റുള്ള യാത്രാ രേഖകളില്ലാതെ വന്നവർ, അല്ലെങ്കിൽ വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ താങ്ങുന്നവർ - ഇവരൊക്കെ അനധികൃത കുടിയേറ്റക്കാരാണ്. ഇവർക്ക് ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ പോകുന്നു. മതപരമായ പീഡനങ്ങൾ നിമിത്തം പിറന്നനാട് വിട്ടോടിപ്പോരേണ്ടിവന്ന, അന്നാട്ടിലെ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ തീരുമാനമാകുന്നു. ഒരൊറ്റ പ്രശ്നം മാത്രം, ഈ ലിസ്റ്റിൽ, അഭയാർഥികളുടെ ഗവണ്മെന്റ് നിർവ്വചനപ്രകാരം, യദൃച്ഛയാ മുസ്ലീങ്ങൾ പെടുന്നില്ല.

ഈ ബില്ലിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷസമുദായങ്ങളിലുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നാണ് ഷാ പറഞ്ഞത്. ഈ ന്യൂനപക്ഷക്കാരിൽ ഹിന്ദു, സിഖ്, കൃസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി മതക്കാരുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെ പെടും എന്ന് പറയുമ്പോൾ, അതിനർത്ഥം മുസ്ലീങ്ങൾ പെടില്ല എന്നുതന്നെയാണല്ലോ.

2016 -ലെ യു എൻ ഹൈക്കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ രണ്ടു ലക്ഷത്തോളം അഭയാർത്ഥികളുണ്ട്. ഇതിൽ തിബത്ത്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മ്യാൻമാർ, പാകിസ്ഥാൻ, സൊമാലിയ, സിറിയ എന്നിവിടങ്ങളിൽ നിന്ന് അഭയം തേടി ഇന്ത്യയിൽ എത്തിപ്പെട്ടവരുണ്ട്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇസ്ലാമിക ഭരണമായതിനാൽ അവിടെ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതാനാവില്ല എന്ന് ഷാ പറഞ്ഞു. 1971 -ൽ മതേതരരാഷ്ട്രമായി തുടങ്ങിയ ബംഗ്ലാദേശ് 1977 -ൽ ഒരു ഇസ്ലാമിക രാഷ്ട്രമായി മാറി എന്നും അദ്ദേഹം പറഞ്ഞു.

ജവഹർലാൽ നെഹ്‌റുവും ലിയാഖത് അലി ഖാനും തമ്മിൽ 1950 -ൽ ഒപ്പിട്ട ഉടമ്പടിയെപ്പറ്റിയും ഷാ സൂചിപ്പിച്ചു. ഇരുരാഷ്ട്രങ്ങളും തങ്ങളുടെയോ അഭയാർത്ഥികളുടെ ക്ഷേമം സംരക്ഷിക്കും എന്നായിരുന്നു അന്നുണ്ടാക്കിയ പരസ്പരധാരണ. പാകിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രമാണെങ്കിലും, അവിടെ കഴിയുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ, പാഴ്സി മതവിഭാഗക്കാരെ യഥാവിധി പരിചരിച്ചുകൊള്ളാമെന്ന് അന്ന് ലിയാഖത് ഖാൻ നെഹ്‌റുവിന് ഉറപ്പുനൽകി. എന്നാൽ, അതിനുശേഷം അവിടെയുണ്ടായ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിലെ ഇടിവ് അമിത് ഷാ ചൂണ്ടിക്കാട്ടി. അന്ന് 1947 -ൽ പാക് ജനസംഖ്യയുടെ 23 ശതമാനമുണ്ടായിരുന്ന മതന്യൂനപക്ഷങ്ങൾ 2011 -ലെ സെൻസസ് പ്രകാരം വെറും 3.7 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇന്ന് വെറും ഒരു ശതമാനത്തോളം മാത്രമാണ് ആ സംഖ്യ എന്നും ഷാ പറഞ്ഞു. ബംഗ്ലാദേശിൽ സംഭവിച്ചതും മറ്റൊന്നല്ല. 1947 -ൽ 22 ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ 2011 ആയപ്പോഴേക്കും 7.8 ശതമാനമായി കുറഞ്ഞു എന്നും ഷാ പറഞ്ഞു.

ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയിലുണ്ടായ ഇടിവിനെപ്പറ്റിയും ഷാ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ 1951-ൽ 84  ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു എന്നും, 2011 സെൻസസ് പ്രകാരം ഇന്നത് 79 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒഴികെ മറ്റുള്ള എല്ലാ രാജ്യങ്ങളിലും അവിടത്തെ ഭൂരിപക്ഷ ജനതയുടെ പ്രാതിനിധ്യം കൂടുകയാണുണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇന്ത്യയിലെ മുസ്ലിങ്ങളുടെ ജനസംഖ്യയെപ്പറ്റിയും സൂചിപ്പിച്ചു. 1951-ൽ ഇന്ത്യയിലെ 9.8 ശതമാനം മുസ്ലീങ്ങൾ ഉണ്ടായിരുന്നത്, 2011  ആയപ്പോഴേക്കും 14.23 ശതമാനമായി  ഉയർന്നിട്ടുണ്ട്. അമിത ഷാ പറഞ്ഞ ഈ ശതമാനക്കണക്കൊക്കെയും 2011-ലെ സെൻസസ് പ്രകാരം കിറുകൃത്യമാണ്. അതിലൊന്നും ഒരു തർക്കവുമില്ല.

ആരൊക്കെയാണ് അഭയാർത്ഥികൾ? നുഴഞ്ഞുകയറ്റക്കാർ ആരൊക്കെ ?

തന്റെ പ്രസംഗത്തിലുടനീളം അമിത് ഷാ ആവർത്തിച്ചത് ഒരു കാര്യമാണ്. ജനിച്ചുവീണ രാജ്യത്ത് പീഡനങ്ങൾ നേരിടേണ്ടി വന്നവർ, സ്വന്തം മതത്തിൽ വിശ്വസിക്കാനും, ആചാരങ്ങൾ അനുഷ്ഠിക്കാനുമുള്ള അവകാശം സംരക്ഷിക്കാനും, സ്ത്രീകളുടെ അഭിമാനം കാക്കാനും വേണ്ടി നാടുവിട്ടോടി വന്നവർ - അവർ അഭയാർത്ഥികളാണ്. അനുമതിയില്ലാതെ, തട്ടിപ്പുമാർഗ്ഗങ്ങളിലൂടെ ഇന്ത്യൻ മണ്ണിലേക്ക് കടന്നുകൂടിയവർ നുഴഞ്ഞുകയറ്റക്കാരും.

ഈ ബില്ലിൽ മുസ്ലിങ്ങളെ എന്തുകൊണ്ട് ന്യൂനപക്ഷമായി പരിഗണിച്ച് അവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നില്ല എന്നതിനും അമിത് ഷാ മറുപടി പറഞ്ഞു. "പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് - ഈ മൂന്നു രാജ്യങ്ങളിലും മുസ്ലീങ്ങൾ ഒരിക്കലും ന്യൂനപക്ഷമാകുന്നില്ല. അവർക്ക് മതത്തിന്റെ പേരിൽ പീഡനം നേരിടേണ്ടി വരുന്നില്ല. അതുകൊണ്ട് അവർക്ക് മേൽപ്പറഞ്ഞ പരിഗണന നൽകി ഇന്ത്യൻ പൗരത്വം നൽകേണ്ട ആവശ്യമില്ല. ഇനി മ്യാൻമറിലെ റോഹിൻഗ്യൻ മുസ്ലീങ്ങളുടെ കാര്യം. അവർ ഇന്ത്യയിലേക്ക് കടന്നുവരുന്നത് മുസ്‌ലിം രാഷ്ട്രമായ ബംഗ്ലാദേശ് കടന്നിട്ടല്ലേ? മാത്രവുമല്ല, മ്യാന്മാർ ഒരു മതേതര രാഷ്ട്രം കൂടിയാണ്. അതുകൊണ്ട് റോഹിൻഗ്യൻ മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ അഭയാർത്ഥി പരിഗണന നൽകുകയും പൗരത്വം അനുവദിക്കുകയോ ചെയ്യേണ്ട കാര്യമില്ല."

എന്നാൽ റോഹിൻഗ്യൻ മുസ്ലീങ്ങൾ അക്ഷരാർത്ഥത്തിൽ മ്യാൻമറിൽ മതത്തിന്റെ പേരിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നവരാണ്. പ്രാണഭയം കൊണ്ട് നാടുവിട്ടോടിപ്പോകേണ്ടി വരുന്നവരാണ്. ഇന്ത്യയിൽ ഇന്ന് ചുരുങ്ങിയത് 40,000 റോഹിൻഗ്യൻ അഭയാർത്ഥികൾ എങ്കിലുമുണ്ടെന്നാണ് കണക്ക്. അവരെ ഈ ബിൽ വരുന്നതോടെ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിക്കേണ്ടി വരും. പക്ഷേ, ജനിച്ച നാട്ടിൽ ആക്രമണങ്ങൾ നേരിടേണ്ടി വന്ന അവരെ അഭയാർത്ഥികൾ എന്നുതന്നെ വിളിക്കേണ്ടിവരുമെന്നാണ് ചരിത്രപണ്ഡിതർ പറയുന്നത്.  

പ്രതിപക്ഷത്തിന്റെ എതിർപ്പ് 

പ്രതിപക്ഷം തങ്ങളുടെ എതിർപ്പുകൾക്ക് ആധാരമായി എടുത്തുകാണിച്ചത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദം അനുവദിച്ചിട്ടുള്ള തുല്യതയ്ക്കുള്ള അവകാശത്തെയാണ്. എന്നാൽ തങ്ങൾ കൊണ്ടുവരുന്ന ഈ ബിൽ ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നില്ല എന്നതുകൊണ്ട് അത് പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാകുന്നില്ല എന്ന് ഷാ പറയുന്നു. ബില്ലിന് ഒരു പരിഗണനയെ ഉള്ളൂ, നിങ്ങൾ അഭയാർത്ഥിയാണോ അതോ നുഴഞ്ഞുകയറ്റക്കാരനോ? എന്നാൽ, ഫലത്തിൽ ബിൽ ചെയ്യുന്നത് മുസ്ലീങ്ങളെ മാത്രം അഭയാർഥികളായി പരിഗണിക്കാതിരിക്കുകയാണ് എന്നതുകൊണ്ട് ഇത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 

AIMIM ദേശീയപ്രസിഡന്റും ഹൈദരാബാദിൽ നിന്നുള്ള  അസദുദ്ദിൻ ഒവൈസി ബിൽ പാർലമെന്റിൽ വലിച്ചുകീറിക്കൊണ്ടാണ് പ്രതിഷേധിച്ചത്. പ്രസ്തുതബിൽ ഹിറ്റ്ലറുടെ നിയമങ്ങളെക്കാൾ മോശമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇത് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വിവേചനപരമായ സിറ്റിസൺഷിപ്പ് കാർഡ് വലിച്ചുകീറിയ മഹാത്മാവിന്റെ പാത പിന്തുടർന്നാണ് താൻ പാർലമെന്റിൽ ബിൽ വലിച്ചുകീറി പ്രതിഷേധം രേഖപ്പെടുത്തുന്നത് എന്ന് ഒവൈസി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തിയുക്തം വാദിച്ചുകൊണ്ട് ആർഎസ്എപി എംപി എൻ കെ പ്രേമചന്ദ്രനും പാർലമെന്റിൽ തന്റെ പ്രതിഷേധസ്വരമുയർത്തുകയുണ്ടായി.

പ്രതിപക്ഷത്തിനുള്ള മറുപടിയെന്നോണം അമിത് ഷാ ചോദിക്കുന്നത്, അങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാകാൻ പാടില്ല എങ്കിൽ എങ്ങനെയാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ബാധകമാവുന്ന രീതിയിലുള്ള നിയമങ്ങൾ ഈ രാജ്യത്ത് വന്നത് എന്നാണ്. എന്നാൽ ന്യൂനപക്ഷങ്ങൾക്കുള്ള സ്ഥാപനങ്ങൾ ആർട്ടിക്കിൾ 14 -നെ ആധാരമാക്കിയല്ല, ആർട്ടിക്കിൾ 30 -നെ അടിസ്ഥാനപ്പെടുത്തിയാണ് നിലവിൽ വന്നത് എന്ന് നിയമവിദഗ്ധർ  സൂചിപ്പിക്കുന്നു.  ഇടത് എംപിമാർ പാർലമെന്റിനു പുറത്തും പൗരത്വ ഭേദഗതി ബില്ലിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒരു ഭീതിയും വേണ്ടെന്നും, അത് ഇവിടെ സ്വൈര്യമായി ജീവിക്കാനുള്ള അവരുടെ അവകാശത്തെ യാതൊരു വിധത്തിലും ബാധിക്കാൻ പോകുന്നില്ലെന്നും ഷാ ഉറപ്പുനൽകി. ബില്ലിലൂടെ പരിഹരിക്കാൻ ഉദ്ദേശിക്കുന്നത് ദീർഘകാലമായി നിലവിലുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

വിദേശമാധ്യമങ്ങൾ ബില്ലിനോട് പ്രതികരിച്ചത് ഇങ്ങനെ 

വളരെ രൂക്ഷമായിട്ടാണ് പല വിദേശമാധ്യമങ്ങളും ഈ ബില്ലിനോട് പ്രതികരിച്ചത്. അൽ ജസീറ ഈ ബില്ലിനെ 'ആന്റി മുസ്‌ലിം' ബിൽ എന്നുതന്നെ പരസ്യമായി വിളിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മതേതര സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണീ ബിൽ എന്നും അവർ എഴുതി. ഒരേ മതമാണ് എന്നതിന്റെ പേരിൽ പീഡനങ്ങൾ നടക്കുന്നില്ല എന്ന് പറയാനാകില്ല എന്നും, പാകിസ്താനിലെയും ബംഗ്ലാദേശിലെയും അഹമ്മദിയ്യ, ഷിയാ വിഭാഗങ്ങളും, അഫ്ഗാനിസ്ഥാനിലെ ഹസാരകളും ഇസ്ലാമിനുള്ളിൽ നിന്നുതന്നെ വിവേചനങ്ങളും വേട്ടയാടലുകളും നേരിടുന്നവരാണെന്നും, അത് മനുഷ്യാവകാശങ്ങളുടെ വീക്ഷണകോണിൽ നിന്നുകൊണ്ട് നോക്കുമ്പോൾ അവഗണിക്കത്തക്കതല്ല എന്നും അൽ ജസീറ പറഞ്ഞു. 

ഇന്ത്യയുടെ പുതിയ ആന്റി മുസ്ലിം നിയമം എന്നുതന്നെയാണ് ബിബിസിയുടെയും തലക്കെട്ട്. ‘India Steps Toward Making Naturalization Harder for Muslims’ എന്നായിരുന്നു ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ തലക്കെട്ട്. ബില്ലിനെതിരെ നോർത്ത് ഈസ്റ്റിൽ നടക്കുന്ന പ്രക്ഷോഭങ്ങളെപ്പറ്റിയും AFP അടക്കമുള്ള വിദേശ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഷിംഗ്ടൺ പോസ്റ്റിൽ ബർഖാ ദത്ത് എഴുതിയ ലേഖനത്തിന്റെ ശീർഷകം ഇങ്ങനെയായിരുന്നു, 'പാകിസ്ഥാന്റെ പ്രതിച്ഛായ കടം കൊണ്ട് ഇന്ത്യ'

മതത്തിന്റെ പേരിൽ വിവേചനം നടത്തുന്നില്ല എന്നൊക്കെ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ ആവർത്തിച്ച് പറയുന്നുണ്ട് എങ്കിലും, 'ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയ ന്യൂനപക്ഷങ്ങളിൽ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി മതക്കാരുണ്ട്' എന്നുപറയുമ്പോൾ അതിന്റെ അർത്ഥം 'മുസ്ലിങ്ങൾ ഇല്ല' എന്നല്ലാതെ മറ്റെന്താണ്? എന്തൊക്കെ ന്യായീകരണങ്ങൾ നിർത്തിയാലും, ഫലത്തിൽ ഈ ബിൽ ചെയ്യുന്നത് അക്രമങ്ങൾക്ക് വിധേയരായി, അതിൽ നിന്ന് രക്ഷപ്പെട്ടോടി ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിന് പേർക്ക്, അതുപോലെ വന്നിട്ടുള്ള മറ്റു മതത്തിൽപ്പെട്ടവർക്ക് നൽകുന്ന പൗരത്വമെന്ന ആനുകൂല്യം നിഷേധിക്കുക തന്നെയാണ്. 

click me!