
ബെംഗളൂരുവിലെ ട്രാഫിക്കിനെ കുറിച്ചും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയെ കുറിച്ചും ഇപ്പോൾ അനേകം പരാതികൾ ഉയരാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത് വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, ബെംഗളൂരുവിലെ റോഡുകളുടെയും ഡ്രെയിനേജുകളുടെയും അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അതുവരെ ഐടി കമ്പനികൾക്കെല്ലാം വർക്ക് ഫ്രം ഹോം അനുവദിക്കണം എന്നുമാണ്. അമർനാഥ് ശിവശങ്കർ എന്ന യുവാവാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
കൊവിഡ് കാലത്ത് ഒരു വർഷത്തിലേറെയായി ഔട്ടർ റിംഗ് റോഡ്, ഐടിപിഎൽ, ഇലക്ട്രോണിക് സിറ്റി, മന്യത ടെക് പാർക്ക്, ബാഗ്മാനെ ടെക് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഐടി കമ്പനികൾ റിമോട്ട് രീതിയിലാണ് ജോലി ചെയ്തിരുന്നത്. സർക്കാർ ഉത്തരവിട്ടാൽ അവർക്ക് വീണ്ടും അത് ചെയ്യാൻ കഴിയും. പ്രൊഡക്ടീവായി ജോലി ചെയ്യേണ്ടുന്ന സമയമാണ് അവർക്ക് ട്രാഫിക്കിൽ നഷ്ടപ്പെടുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്.
ബിസിപി ഉണർന്ന് പ്രവർത്തിക്കണം, ഐടി പാർക്കുകൾ കുറച്ച് മാസത്തേക്ക് അടച്ചിടണം, റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കണം, ഫ്ലൈഓവർ നിർമ്മാണങ്ങൾ പൂർത്തിയാക്കണം, കൂടുതൽ ബിഎംടിസി ബസുകൾ വാങ്ങുകയും മെട്രോ നിർമ്മാണം വേഗത്തിലാക്കുകയും ചെയ്യണം. അങ്ങനെ ബെംഗളൂരു എന്നെന്നേക്കുമായി ശരിയാക്കുക, ഇച്ഛാശക്തിയുണ്ടെങ്കിൽ അവിടെ എല്ലാത്തിനും ഒരു വഴിയുണ്ടാകും എന്നാണ് പോസ്റ്റിൽ പറയുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലയാളുകളെല്ലാം യുവാവ് പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ടാണ് കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ, അതേസമയം യുവാവ് പറഞ്ഞതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിരവധിപ്പേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബെംഗളൂരുവിലേത് കൊവിഡ് പോലെ ഒരു ആഗോളപ്രശ്നമല്ല എന്നും അതിനാൽ തന്നെ കമ്പനികൾ അടച്ചിടുക പ്രായോഗികമല്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു.