കൂണുകൾപോലെ കൽക്കരി ഫാക്ടറികൾ, നല്ല വെള്ളമില്ല, വായുവില്ല, ശ്വാസം മുട്ടി ഇവിടെ ജനങ്ങൾ

By Web TeamFirst Published Oct 1, 2021, 2:37 PM IST
Highlights

കല്‍ക്കരി ഫാക്ടറികള്‍ തുടങ്ങാനും പ്രവര്‍ത്തിപ്പിക്കാനും വിവിധ ഡിപ്പാര്‍ട്‍മെന്‍റുകളില്‍ നിന്നുമുള്ള രേഖകളും ക്ലിയറന്‍സും വേണം. 

കല്‍ക്കരി ഫാക്ടറികള്‍ (Coke factories) കൂണുകള്‍ പോലെ മുളച്ചുപൊങ്ങുകയാണ് മേഘാലയ (Meghalaya)യില്‍. വികസനത്തിന്‍റെ പേരിലാണ് വ്യവസായം. എന്നിരുന്നാലും ഇതേ തുടര്‍ന്ന് ശ്വാസംമുട്ടിക്കഴിയുന്നത് ഈസ്റ്റ് ജെയിന്തിയ ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് (East Jaintia Hills and West Khasi Hills District) എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ്. ഈസ്റ്റ്മോജോ തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ ഇവിടെ ആളുകൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും വെള്ളത്തിലും മലിനീകരണത്തോത് കൂടുതലാണ് എന്നും പറയുന്നു. കിണർ വെള്ളം മലിനമാണ് എന്നും അതേത്തുടർന്ന് ആളുകൾ അസുഖബാധിതരാവുന്നു എന്നും പ്രദേശവാസികൾ പറയുന്നുണ്ട്. സമീപത്തെ മരങ്ങളിലെല്ലാം കറുത്ത പൊടിപടലങ്ങളാണ് കാണാനാവുന്നത്. 

കല്‍ക്കരി ഫാക്ടറികള്‍ തുടങ്ങാനും പ്രവര്‍ത്തിപ്പിക്കാനും വിവിധ ഡിപ്പാര്‍ട്‍മെന്‍റുകളില്‍ നിന്നുമുള്ള രേഖകളും ക്ലിയറന്‍സും വേണം. ഈസ്റ്റ് ജെയിന്തിയ ഹിൽസിൽ പ്രവർത്തിക്കുന്ന 48 ഓളം കോക്ക് ഫാക്ടറികൾ നിലവിൽ സൂക്ഷ്മപരിശോധനയ്ക്ക് കീഴിലാണുള്ളത്. ചില ഫാക്ടറികള്‍ അടുത്തടുത്തായിട്ടാണ് നിലനില്‍ക്കുന്നതെങ്കില്‍ ചിലത് മേഘാലയ സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിയമങ്ങളൊന്നും പാലിച്ചിട്ടില്ല എന്നും ഈസ്റ്റ്മോജോ തയ്യാറാക്കിയ ഡോക്യുമെന്‍ററിയില്‍ ആരോപിക്കുന്നു. 

'തെർമൽ ഡിസ്റ്റിലേഷൻ' എന്ന പ്രക്രിയയിലൂടെ ദീർഘകാലത്തേക്ക് ഉയർന്ന താപനിലയിൽ കൽക്കരി ചൂടാക്കിയാണ് കോക്ക് ഉത്പാദിപ്പിക്കുന്നത്. കൽക്കരി സാധാരണയായി 15 മുതൽ 18 മണിക്കൂർ വരെ ചൂടാക്കുന്നു. പക്ഷേ, ഇത് പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ 36 മണിക്കൂർ വരെ എടുത്തേക്കാം. ഇതിനായി തയ്യാറാക്കുന്ന അടുപ്പുകളിലെ താപനില 900 മുതൽ 1100 ഡിഗ്രി സെൽഷ്യസ് വരെയാണ്. 

കൽക്കരി സ്റ്റീല്‍ ഉൽപാദനത്തിലെ ഒരു പ്രധാന അസംസ്കൃത വസ്തുവാണ്. ആഗോളതലത്തിൽ, 1990 -നും 2010 നും ഇടയിൽ സ്റ്റീല്‍ ഉത്പാദനം ഏകദേശം ഇരട്ടിയായി. ഉത്പാദനം 1417 ദശലക്ഷം മെട്രിക് ടൺ ആയി. 2020 ഓടെ, ഉരുക്കിന്റെ ഉത്പാദനം 1,864 ദശലക്ഷം മെട്രിക് ടൺ ആയി, ചൈനയും ഇന്ത്യയും ഉരുക്ക് ഉൽപാദിപ്പിക്കുന്ന രണ്ട് മുൻനിര രാജ്യങ്ങളായി അറിയപ്പെടുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് കല്‍ക്കരി ഫാക്ടറികള്‍ രാജ്യത്തെങ്ങും ഉയര്‍ന്നുവന്നതെന്നും മേഘാലയ അതിന്‍റെ കേന്ദ്രമാണ് എന്നും ഡോക്യുമെന്‍റിയില്‍ പറയുന്നു. 

click me!