തേനീച്ചകളുടെ കുത്തേല്‍ക്കാതെ തേന്‍ ശേഖരിക്കണോ? മാര്‍ഗമുണ്ട്

By Web TeamFirst Published Jan 16, 2020, 8:47 AM IST
Highlights

ഈ പ്രത്യേക കൂട്ടില്‍ നിന്നും തേനീച്ചകളെ വേദനിപ്പിക്കാതെ തേന്‍ ശേഖരിക്കാന്‍ കഴിയും. അവിടെ വെച്ചിരിക്കുന്ന ജാറിലോ പാത്രത്തിലോ തേന്‍ തനിയെ ശേഖരിക്കപ്പെടുന്ന രീതിയിലാണ് നിര്‍മാണം. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ട് തേനീച്ചക്കൂട്ടില്‍ കൈയിട്ട് തേന്‍ ശേഖരിക്കേണ്ട ആവശ്യമില്ല.

തേനീച്ച വളര്‍ത്തല്‍ വളരെ പണ്ടുമുതലേയുള്ള ബിസിനസാണ്. ശരിയായും ശാസ്ത്രീയമായും പരിപാലിച്ചില്ലെങ്കില്‍ തേനീച്ച വളര്‍ത്തല്‍ വളരെ പ്രയാസകരമായ ജോലിയായി മാറും. തേന്‍കൂടില്‍ നിന്ന് തേന്‍ പുറത്തെടുക്കുമ്പോള്‍ തേനീച്ചകളെ പരിപാലിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. അടുത്തകാലത്തായി തേനീച്ചകളെ ശല്യപ്പെടുത്താതെ സുരക്ഷിതമായി തേന്‍ എടുക്കാനുള്ള സാങ്കേതിക വിദ്യ ശാസ്ത്രലോകം സംഭാവന ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്ക് കുത്തേല്‍ക്കാതെ അതിമധുരമായ തേന്‍ ശേഖരിക്കാന്‍ കഴിയുന്ന ഈ ടെക്‌നിക്കിനെ കുറിച്ച് മനസിലാക്കാം.

പുതിയ സാങ്കേതിക വിദ്യ എന്താണ്?

2015 -ല്‍ ഒരു അച്ഛനും മകനും പരമ്പരാഗതമായി തേന്‍ ശേഖരിക്കുന്ന ശൈലിക്ക് മാറ്റം വരുത്തി അവരുടെ തേനീച്ച ഫാം ഒന്ന് പരിഷ്‌കരിച്ചു. ആസ്‌ട്രേലിയിലെ സ്റ്റുവാര്‍ട്ടും കേഡന്‍ ആന്‍ഡേഴ്‌സണും തേനീച്ച വളര്‍ത്തി തേന്‍ ഉത്പാദിപ്പിക്കുന്ന ബിസിനസ് ചെയ്യുന്നവരായിരുന്നു. സ്റ്റുവാര്‍ട്ട് ഈ ബിസിനസ് തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോളാണ് കുറച്ചുകൂടി നന്നായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാമല്ലോ എന്ന ചിന്ത വന്നത്. അങ്ങനെയാണ് ഫ്‌ളോ ഹൈവ് (Flow hive) അദ്ദേഹം രൂപകല്‍പ്പന ചെയ്തത്. സാധാരണ നമ്മള്‍ കാണുന്ന തേനീച്ചക്കൂടില്‍ നിന്നും വ്യത്യസ്തമായ ഈ കൂട് തേനീച്ചവളര്‍ത്തലുമായി ബന്ധപ്പെട്ട ധാരാളമാളുകള്‍ ഇഷ്ടപ്പെട്ടു.

കൂടുതല്‍ ഉത്പാദനവും നല്ല രീതിയിലുള്ള പ്രോസസിങ്ങും കാരണം പല രാജ്യങ്ങളിലും ഈ സ്‌പെഷ്യല്‍ തേനീച്ചക്കൂടിന് ഡിമാന്റുണ്ട്. പല രാജ്യങ്ങളുലുമുള്ള തേനീച്ചക്കര്‍ഷകര്‍ നല്ല ലാഭം കൊയ്യുന്നുമുണ്ട്.

തേനീച്ച വളര്‍ത്തല്‍ ബിസിനസുമായി ബന്ധപ്പെട്ട വിദഗ്ദ്ധനായ ഡോ.നിതിന്‍ കുമാര്‍ ധാരാളം ആളുകളെ ഈ മേഖലയില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ പല രാജ്യങ്ങളിലും വിജയകരമായി മുന്നോട്ട് പോകുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

ഫ്‌ളോ ഹൈവിന്റെ പ്രത്യേകതകള്‍

ഈ പ്രത്യേക കൂട്ടില്‍ നിന്നും തേനീച്ചകളെ വേദനിപ്പിക്കാതെ തേന്‍ ശേഖരിക്കാന്‍ കഴിയും. അവിടെ വെച്ചിരിക്കുന്ന ജാറിലോ പാത്രത്തിലോ തേന്‍ തനിയെ ശേഖരിക്കപ്പെടുന്ന രീതിയിലാണ് നിര്‍മാണം. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ട് തേനീച്ചക്കൂട്ടില്‍ കൈയിട്ട് തേന്‍ ശേഖരിക്കേണ്ട ആവശ്യമില്ല.

130 രാജ്യങ്ങളില്‍ ഫ്‌ളോ ഹൈവ്

വളരെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടിത്തരുന്ന ഈ തേനീച്ചക്കൂടുകള്‍ 50,000 ല്‍ക്കൂടുതല്‍ 130 രാജ്യങ്ങളിലായി ഉപയോഗിക്കുന്നുണ്ട്.

മണിക്കൂറുകള്‍ കൊണ്ട് ശേഖരിക്കുന്ന തേന്‍ വെറും മിനിട്ടുകള്‍ കൊണ്ട് വേര്‍തിരിച്ചെടുക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തേന്‍ പുറത്തെത്താന്‍ ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഈ പൈപ്പ് നിങ്ങള്‍ക്ക് ഓണാക്കാനും ഓഫാക്കാനും കഴിയും. നിങ്ങള്‍ക്ക് തേന്‍ ആവശ്യമുള്ളപ്പോള്‍ ഇത് തുറക്കാനും അടയ്ക്കാനും കഴിയും. ഇങ്ങനെയൊരു സംവിധാനത്തില്‍ തേനീച്ചകള്‍ക്ക് ഒരു അപകടവും സംഭവിക്കുന്നില്ല.

എവിടെയും ഘടിപ്പിക്കാവുന്ന ഫ്‌ളോ ഹൈവ്

ഇതിന്റെ ഘടനാപരമായ പ്രത്യേകത കാരണം എവിടെ വേണമെങ്കിലും ഘടിപ്പിക്കാം. ഫ്‌ളാറ്റിലും തറനിരപ്പിലും എവിടെ വേണമെങ്കിലും. തേനീച്ചക്കൂടുകള്‍ കാലിയാണെന്ന് തേനീച്ചകള്‍ മനസിലാക്കിയാല്‍ അവര്‍ ജോലി തുടരുന്നു. ഈ കൂടിനകത്ത് ഒരു ട്രേ കാണാവുന്നതാണ്. നിങ്ങള്‍ക്ക് പ്രാണികളെ ഈ ട്രേയില്‍ പിടിച്ചെടുക്കാവുന്നതാണ്.

ബോക്‌സിന് പുറത്ത് നിന്നും നിങ്ങള്‍ക്ക് വെന്റിലേഷന്‍ കണ്‍ട്രോള്‍ സംവിധാനം വഴി തേനീച്ചകളെ കാണാം. അതാണ് ഫ്‌ളോ ഹൈവിന്റെ പ്രധാന ഗുണം.

തേനീച്ച വളര്‍ത്തലില്‍ പരിശീലനം

കേരളത്തിലെ തേനീച്ച വളര്‍ത്തല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത് മാവേലിക്കരയിലാണ്. സര്‍ക്കാര്‍ സബ്‌സിഡിയോടെ ഹോര്‍ട്ടിക്കോര്‍പ്പ് തേനീച്ചക്കോളനി സ്ഥാപിക്കാനുള്ള സഹായം ചെയ്തുകൊടുക്കുന്നുണ്ട്. ഇത്തരം ഒരു കോളനിയില്‍ നിന്ന് ശരാശരി 10 മുതല് 15 കിലോ തേന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

നിങ്ങളുടെ വീട്ടിലെ കൃഷിയിടങ്ങളിലും തേനീച്ചക്കോളനികള്‍ സ്ഥാപിക്കാം. മറ്റുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും അല്‍പം സമയം മാറ്റിവെച്ചാല്‍ തേനീച്ചവളര്‍ത്തി പണം സമ്പാദിക്കാം.

നാല് ദിവസത്തെ ഓറിയന്റേഷന്‍ ക്ലാസും പിന്നീടുള്ള പരിശീലനവുമാണ് മാവേലിക്കരയില്‍ നല്‍കുന്നത്. ഇവിടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേന്‍ ഗുണനിലവാരമനുസരിച്ച് ഹോര്‍ട്ടികോര്‍പ്പ് തന്നെ സംഭരിക്കുകയാണ് ചെയ്യുന്നത്.

കിലോയ്ക്ക് 300 രൂപ മുതല്‍ തേനിന് വിലയുണ്ട്. തേനീച്ചകള്‍ വളര്‍ന്നുകഴിഞ്ഞാല്‍ വര്‍ഷത്തില്‍ നാല് കോളനികളായി വര്‍ധിപ്പിക്കാന്‍ കഴിയും. മൂന്ന് മാസം കൊണ്ട് തേനീച്ചകള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കും. കേരളത്തില്‍ സാധാരണ വളര്‍ത്താന്‍ പറ്റിയ തേനീച്ചകള്‍ ഇറ്റാലിയന്‍ തേനീച്ച, ഇന്ത്യന്‍ തേനീച്ച, ചെറുതേനീച്ച എന്നിവയാണ്.

തേനീച്ച വളര്‍ത്തലുമായ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് മാവേലിക്കരയിലെ കല്ലിമേലുള്ള സംസ്ഥാന തേനീച്ച വളര്‍ത്തല്‍ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍: 0479-2356695

click me!