
ബാറിൽ പോയി മദ്യപിക്കുന്നവർ അനവധിയുണ്ട്. ആ മദ്യം നിർമ്മിക്കുന്നതിനും വിളമ്പുന്നതിനും ചില നിയമങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്. ഗ്രീസിലെ കാവോസിൽ ബാറുകളിൽ നിന്നും എന്നാൽ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കസ്റ്റമേഴ്സ് ബാക്കി വയ്ക്കുന്ന മദ്യം ഒരുമിച്ച് ചേർത്ത ശേഷം മറ്റ് കസ്റ്റമേഴ്സിന് വിളമ്പുകയാണത്രെ. ഇൻഡിപെൻഡന്റ് പബ്ലിക് റവന്യൂ അതോറിറ്റി (എഎഡിഇ), ലോക്കൽ പൊലീസ് ഓഫീസർമാർക്കൊപ്പം ചേർന്നാണ് അന്വേഷണം നടത്തി ഈ ബാറുകൾക്കെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ സ്ഥാപനങ്ങൾ നികുതി വെട്ടിക്കുകയും അനധികൃത മദ്യം വിൽക്കുകയും ചെയ്യുന്നതായുള്ള സംശയം ഉയർന്നിരുന്നു. പ്രശസ്തമായ ടൂറിസ്റ്റ് ഏരിയയിലുള്ള ബാറുകളാണ് സംശയത്തിന്റെ നിഴലിലായത് എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. ആഗസ്ത് 30 മുതൽ സപ്തംബർ ഒന്ന് വരെ ഈ പ്രദേശത്തെ വിവിധ ബാറുകളിൽ സംഘം പരിശോധന നടത്തിയിരുന്നു. പിന്നാലെ, നിരവധി ബാറുകൾ അടച്ചു പൂട്ടുകയും ചെയ്തു.
AADE -യിൽ നിന്നുള്ള ഏജന്റുമാരും പൊലീസുകാരും സാധാരണ ഒരു അന്വേഷണത്തിന് വേണ്ടിയാണ് കാവോസിലെ ചില ബാറുകളിൽ എത്തിയത്. എന്നാൽ, അവർ അവിടെ കണ്ടെത്തിയ കാര്യങ്ങൾ തികച്ചും ഗൗരവമുള്ളതായിരുന്നു. നികുതി വെട്ടിച്ച അനേകം ബാറുകളുണ്ടായിരുന്നു. എന്നാൽ, അതിനേക്കാൾ ഗൗരവപൂർണമായി തികച്ചും അനാരോഗ്യകരമായ തരത്തിൽ മദ്യം വിളമ്പിയ ബാറുകളും ഉണ്ടായിരുന്നു. അതാണ് അധികൃതരെ കൂടുതൽ ആശങ്കയിലാക്കിയത്.
അങ്ങനെ സംശയം തോന്നിയ മദ്യം പിടിച്ചെടുക്കുകയും സ്റ്റേറ്റ് ഡിപാർട്‍മെന്റ് ഓഫ് കെമിസ്ട്രിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അതിൽ നിന്നുമാണ് കസ്റ്റമേഴ്സ് കുടിച്ച് ബാക്കി വരുന്ന മദ്യമെല്ലാം കൂടി ചേർത്ത് ഒരു പാത്രത്തിലാക്കുകയും പിന്നീട് അത് സംശയം തോന്നാത്ത വിധത്തിൽ മറ്റ് കസ്റ്റമേഴ്സിന് വിളമ്പുകയുമാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെ പല ബാറുകൾക്കും പൂട്ടുവീഴുകയായിരുന്നു.