ഗോതമ്പ് ഇനി മുതല്‍ നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളില്‍; പോഷകങ്ങള്‍ കൂടുതലെന്ന് വിദഗ്ദ്ധര്‍

By Web TeamFirst Published Nov 30, 2019, 1:15 PM IST
Highlights

സാധാരണ ഗോതമ്പ് കൃഷിയില്‍ നിന്ന് ലഭിക്കുന്നത് ഒരു ഏക്കറില്‍ 24 ക്വിന്റല്‍ ആണെങ്കില്‍ നിറമുള്ള ഗോതമ്പില്‍ നിന്ന് ലഭിക്കുന്നത് 17 മുതല്‍ 20 ക്വിന്റല്‍ വിളവാണ്. അതുപോലെ നിറമുള്ള ഗോതമ്പിന് വില കൂടുതലുമാണ്.

ഇനി മുതല്‍ പലവര്‍ണങ്ങളിലുള്ള ഗോതമ്പിന്റെ രുചികരവും പോഷകഗുണമുള്ളതുമായ ബ്രഡ് കഴിക്കാം. ഏകദേശം എട്ടുവര്‍ഷത്തെ ഗവേഷണത്തിന് ശേഷം നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളിലുള്ള ഗോതമ്പിന്റെ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മൊഹാലിയിലെ നാഷണല്‍ അഗ്രി -ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. സാധാരണ കാണുന്ന മഞ്ഞ കലര്‍ന്ന ബ്രൗണ്‍ നിറത്തിലുള്ള ഗോതമ്പിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതിലുണ്ടെന്ന് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നു.

മൊഹാലിയിലെ നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോടെക്‌നോളജി അംഗങ്ങളാണ് നിറമുള്ള ഗോതമ്പ് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മറ്റുള്ള കമ്പനികളിലേക്കും ഈ സാങ്കേതിക വിദ്യ ഇവര്‍ കൈമാറിയിട്ടുണ്ട്. സാധാരണ ഗോതമ്പിന് ആമ്പര്‍ അല്ലെങ്കില്‍ വെള്ള നിറമാണ് കാണപ്പെടുന്നത്. എന്നാല്‍ വ്യത്യസ്തമായ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നവയാണ് നിറമുള്ള ഗോതമ്പ്. നമ്മള്‍ കഴിക്കുന്ന ഗോതമ്പില്‍ ആന്തോസയാനിന്റെ അളവ് വളരെ കുറവാണ്. എന്നാല്‍ നിറമുള്ള ഗോതമ്പ് ആന്തോസയാനിന്‍ കൊണ്ട് സമ്പന്നമാണ്.

ജപ്പാനില്‍ നിന്ന് ഇത്തരം ഗോതമ്പിനെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് എന്‍.എ.ബി.ഐ ഈ ഇനങ്ങളിലുള്ള ഗോതമ്പ് വികസിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചും ഈ ഇനം ഗോതമ്പ് കൃഷി പരീക്ഷിച്ച ശേഷം കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കാനായി ശ്രമിക്കുന്നുണ്ട്.

സാധാരണ ഗോതമ്പ് കൃഷിയില്‍ നിന്ന് ലഭിക്കുന്നത് ഒരു ഏക്കറില്‍ 24 ക്വിന്റല്‍ ആണെങ്കില്‍ നിറമുള്ള ഗോതമ്പില്‍ നിന്ന് ലഭിക്കുന്നത് 17 മുതല്‍ 20 ക്വിന്റല്‍ വിളവാണ്. അതുപോലെ നിറമുള്ള ഗോതമ്പിന് വില കൂടുതലുമാണ്.

നിറമുള്ള ഗോതമ്പിന്റെ ഗുണങ്ങള്‍

നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോണിക ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് ഇവര്‍ നിറമുള്ള ഗോതമ്പ് വികസിപ്പിച്ചെടുത്തത്‌. കറുത്ത നിറമുള്ള ഗോതമ്പ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നുവെന്നും ഇന്‍സുലിന്‍ പ്രവര്‍ത്തനം സുഗമമാക്കുന്നുവെന്നും ഗാര്‍ഗ് വിശദമാക്കുന്നു. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ആന്തോസയാനിന്‍ കൂടാതെ വ്യത്യസ്ത ഇനത്തില്‍പ്പെട്ട മൈക്രോന്യൂട്രിയന്റ്‌സും പ്രോട്ടീനും സിങ്കും ഇതില്‍ കാണപ്പെടുന്നു. പ്രായമാകുന്നതു മൂലമുള്ള പ്രശ്‌നങ്ങളും അമിതവണ്ണവും പ്രമേഹവും തടയാന്‍ ആന്തോസയാനിന്‍ സഹായിക്കുന്നു. നിരന്തരമായ ഗവേഷണത്തിലൂടെയാണ് നിറമുള്ള ഗോതമ്പിന്റെ നിരവധി തലമുറകള്‍ വികസിപ്പിച്ചെടുത്തത്.

സാധാരണ പ്രാദേശികമായ കാലാവസ്ഥയില്‍ അതിജീവിക്കുന്നതും വേണ്ടത്ര വിളവ് ഉത്പാദിപ്പിക്കാന്‍ കഴിയുന്നതുമാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ മനസിലാക്കിയ ശേഷമാണ് ഇത്തരം ഗോതമ്പ് വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ കുറച്ച് കമ്പനികള്‍ക്ക് നല്‍കിയത്. ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 10 കമ്പനികളുമായി  ഇവര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ സാധാരണ ഗോതമ്പ് കൃഷി

പഞ്ചാബും ഹരിയാനയുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടങ്ങളില്‍ വ്യാപകമായി പെയ്യുന്ന മഴ ഗോതമ്പ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഡിസംബര്‍ മാസത്തില്‍ ഉണ്ടാകുമെന്ന് കരുതുന്ന തണുപ്പും ഗോതമ്പ് ഉത്പാദിപ്പിക്കാന്‍ അനുകൂലമാണ്.

സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് പഞ്ചാബില്‍ 75 ശതമാനം ഗോതമ്പ് വിത്ത് വിതച്ചു കഴിഞ്ഞു. റാബി സീസണില്‍ 35 ലക്ഷം ഹെക്ടറില്‍ ഗോതമ്പ് വിത്ത് വിതയ്ക്കുമെന്നാണ് പ്രതീക്ഷ. ഹരിയാനയില്‍ ഏകദേശം 18.05 ലക്ഷം ഹെക്ടറില്‍ ഇതുവരെ ഗോതമ്പ് വിത്ത് വിതച്ചു കഴിഞ്ഞു. നവംബര്‍ ആദ്യവാരം വിത്ത് വിതച്ച ഇവിടങ്ങളില്‍ രണ്ടാം ഘട്ട ജലസേചനം നടത്തേണ്ട സമയത്തുതന്നെ മഴ ലഭിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ഇന്ത്യയിലെ തണുത്ത മണ്‍സൂണ്‍ കാലാവസ്ഥ ഗോതമ്പ് ഉത്പാദനം ദ്രുതഗതിയില്‍ വര്‍ധിപ്പിക്കുമെന്നും 2020 ആകുമ്പോള്‍ റെക്കോര്‍ഡ് വിളവ് ഉണ്ടാക്കാന്‍ കഴിയുമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ കണ്ടെത്തുന്നു.

2019 -ല്‍ ഇന്ത്യയില്‍ ഗോതമ്പ് ഉത്പാദനം 102.9 മില്യണ്‍ ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ മണ്‍സൂണ്‍ നന്നായി ലഭിച്ചതും ഒക്ടോബറിലും നവംബറിലും മഴ തുടര്‍ന്നതും മണ്ണിലെ ഈര്‍പ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഗോതമ്പ് വളരാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.

കര്‍ഷകരും ഗോതമ്പ് കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്നു. സര്‍ക്കാര്‍ ഗോതമ്പിന് കൃത്യമായ വില കൊടുത്ത് വാങ്ങാന്‍ തയ്യാറുള്ളത് കാരണം സ്ഥിരതയുള്ള വരുമാനം ഗോതമ്പ് കൃഷിയിലൂടെ ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് കാരണം. 2018-19 ല്‍ 226,225 ടണ്‍ ഗോതമ്പ് ഇന്ത്യ കയറ്റുമതി ചെയ്തു.


 

click me!