വെറുംകൈകളാല്‍ മലം കോരുന്ന ആ മനുഷ്യര്‍ക്ക് ഇവര്‍ ദൈവങ്ങളാണ്!

Web Desk   | Asianet News
Published : Jan 07, 2020, 07:53 PM ISTUpdated : Jan 07, 2020, 07:54 PM IST
വെറുംകൈകളാല്‍ മലം കോരുന്ന ആ മനുഷ്യര്‍ക്ക് ഇവര്‍ ദൈവങ്ങളാണ്!

Synopsis

സ്വന്തം ജീവിതം പോലും രക്ഷപ്പെടുത്താന്‍ കഴിയാത്ത ഒരുകൂട്ടം മനുഷ്യരുടെ ഇടയില്‍ പ്രീതിയും ഭര്‍ത്താവ് പ്രദീപും നടത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രശംസനീയമാണ്.    

സമൂഹം എന്നും പുച്ചത്തോടെ മാത്രം നോക്കി കാണുന്ന തൊഴിലാണ് തോട്ടിപ്പണി. വിധിയുടെ നിയോഗം പോലെ ജീവിതം അഴുക്കുചാലുകളില്‍ തളച്ചിടേണ്ടി വന്നവരാണവര്‍.  ഒരിക്കലും നല്ലൊരു ജീവിതം സ്വപ്നം കാണാന്‍ ധൈര്യപ്പെടാത്തവര്‍. ഇനി അഥവാ കണ്ടാലോ, അതൊരിക്കലും സഫലമാക്കാനുള്ള ചുറ്റുപാടുകള്‍ അവര്‍ക്കുണ്ടാകാറില്ല. മിക്കപ്പോഴും, വിദ്യാഭ്യാസമോ, നല്ല ജോലിയോ ഒന്നും അവര്‍ക്ക് നേടാന്‍ കഴിയാറില്ല. സ്വന്തം ജീവിതം പോലും രക്ഷപ്പെടുത്താന്‍ കഴിയാത്ത ഒരുകൂട്ടം മനുഷ്യരുടെ ഇടയില്‍ പ്രീതിയും ഭര്‍ത്താവ് പ്രദീപും നടത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രശംസനീയമാണ്.  

താഴെത്തട്ടിലുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ഉണ്ടാക്കാനായി 2007 ലാണ് നാഗ്പൂരില്‍ ഈ ദമ്പതികള്‍ ഒരു സ്‌കൂള്‍ ആരംഭിക്കുന്നത്. അവിടെ ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും, നൈപുണ്യ വികസന പരിപാടികളും അവര്‍ നടത്തി പോരുന്നു. ഇതിനു പുറമെ മറ്റ് എന്‍ജിഒ കള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമൊപ്പം ആരോഗ്യ ക്യാമ്പുകളും ക്ലിനിക്കുകളും സംഘടിപ്പിക്കുന്നു.  ഇത്തരത്തിലൂടെയുള്ള പരിശ്രമങ്ങളിലൂടെ മാറ്റങ്ങളെ ഉള്‍കൊണ്ട ഒരു പുതിയ സമൂഹമാണ് പിറവികൊള്ളുന്നത്.
 
പ്രീതിക്കും, പ്രദീപിനും പെട്ടെന്നൊരു ദിവസം തോന്നിയ ഒരാശയമല്ല ഇത്. മറിച്ച് അവര്‍ ഈ മഹത്തായ കാര്യത്തിനിറങ്ങിതിരിക്കാന്‍ അവര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. അവരുടെ ജീവിതം തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രേരണ. തോട്ടിപ്പണിക്കാരുടെ സമുദായത്തിലാണ് പ്രീതിയും, പ്രദീപും  ജനിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ വരണ്ട ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ മാതാപിതാക്കള്‍ പാടുപെടുന്നത് പ്രീതി പലപ്പോഴും കണ്ടിട്ടുണ്ട്. ''എനിക്ക് എന്റെ അമ്മയെ ജോലിയില്‍ സഹായിക്കേണ്ടിവന്നിട്ടുണ്ട്. ഞാന്‍ പഠിച്ച സ്‌കൂളിലെ ടോയ്ലറ്റുകള്‍ എന്റെ അമ്മ വൃത്തിയാക്കുന്നത് ഞാന്‍ പലപ്പോഴും കാണാറുണ്ടായിരുന്നു. അസുഖം കാരണം ഒരിക്കല്‍ അമ്മക്ക് ജോലി ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ 'നിന്റെ ആളുകളുടെ ജോലി ഇതല്ലേ, നീയും ഇത് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല എന്നു പറഞ്ഞ്' അധ്യാപകര്‍ ടോയ്ലറ്റുകള്‍ വൃത്തിയാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. വെറും 12 വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മ ജോലിക്ക് വരാത്ത ദിവസങ്ങളില്‍, ഞാന്‍ ഈ കഠിനമായ ജോലികള്‍ ചെയ്യാന്‍  തുടങ്ങി, ''പ്രീതി പറയുന്നു.

''അത് മാത്രമല്ല, ക്ലാസ്സില്‍ ഉയര്‍ന്ന ജാതിയിലുള്ള വിദ്യാര്‍ത്ഥികള്‍ എന്നെ അവരുടെ കൂടെ ഇരുത്താന്‍ അനുവദിച്ചില്ല. പോരാത്തതിന് അവര്‍ അവരുടെ ഭക്ഷണം ഞാനുമായി പങ്കിടാറുമില്ല,' പ്രീതി കൂട്ടിച്ചേര്‍ക്കുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ പ്രീതിയെ കളിയാക്കുമായിരുന്നു. പലപ്പോഴും ഫീസ് അടക്കാന്‍ കഴിയാതെ വിഷമിച്ച അവര്‍ ഒടുവില്‍ ട്യൂഷന്‍ എടുത്തും, നൃത്തം പഠിപ്പിച്ചും പഠിപ്പിനായുള്ള പണം സമ്പാദിക്കാന്‍ തുടങ്ങി . അങ്ങനെ അവളുടെ കഠിനാധ്വാനവും, ഉറച്ച മനസ്സും അവളെ ബിരുദാനന്തര ബിരുദമെടുക്കാന്‍ പ്രാപ്തയാക്കി.

ദീപയുടെ ഭര്‍ത്താവ് പ്രദീപിനും സമാനമായ ഒരു കഥയാണ് പറയാനുള്ളത്. പ്രദീപിന്റെ പിതാവ് ഒരു മെഡിക്കല്‍ കോളേജില്‍ അനധ്യാപക സ്റ്റാഫ് അംഗമായി ജോലിചെയ്യുമ്പോള്‍, അമ്മ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും സ്‌കൂള്‍ സമയം കഴിഞ്ഞു അമ്മയോടൊപ്പം പ്രദീപും ജോലിചെയ്യാന്‍ പോകുമായിരുന്നു. 'അന്നൊന്നും എന്റെ അമ്മ ഒരു വൃത്തികെട്ട ജോലിയാണ് ചെയ്യുന്നതെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ സഹപാഠികളും സമൂഹവും എന്നെ പുച്ഛത്തോടെ നോക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്തു. നാഗ്പൂരില്‍ ഇന്ത്യയിലെ മാനുവല്‍ തോട്ടിപ്പണിക്കാരുടെ അവസ്ഥയെക്കുറിച്ച് പറയുന്ന ഒരു കോണ്‍ഫറന്‍സില്‍ ഞാന്‍ പങ്കെടുത്തതായിരുന്നു  എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനുശേഷം, ഞാന്‍ ഈ ജോലിയെ ശക്തമായി എതിര്‍ക്കാന്‍ തുടങ്ങി, ''പ്രദീപ് പറയുന്നു.

മാറ്റത്തിലേക്കുള്ള ആദ്യ പടി വിദ്യാഭ്യാസമാണ് എന്ന് പ്രദീപും പ്രീതിയും ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ, 2008 ല്‍ നാഗ്പൂരില്‍ ഷൈനിംഗ് സ്റ്റാര്‍ കോണ്‍വെന്റ് സ്‌കൂള്‍ അവര്‍ ആരംഭിച്ചു. നഴ്‌സറി മുതല്‍ കെജി -2 വരെ ക്ലാസുകളുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളായിരുന്നു അത്. ആദ്യത്തെ രണ്ട്-മൂന്ന് വര്‍ഷത്തേക്ക് പ്രദീപ് തന്റെ വസതിയിലാണ് കുട്ടികളെ പഠിപ്പിച്ചത്. പിന്നീട് അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം സ്‌കൂള്‍ ഒരു ഔദ്യോഗിക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ന്, ഈ സ്‌കൂളില്‍ 50 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിന് പുറമെ, അവരുടെ മാതാപിതാക്കള്‍ക്കായി ബോധവല്‍ക്കരണ വര്‍ക്ക്‌ഷോപ്പുകളും അവര്‍ നടത്തുന്നു.  തൊട്ടുകൂടായ്മയുടെ അപകടങ്ങള്‍, അവരുടെ സമുദായത്തിന്റെ ചരിത്രം, നിയമ വശങ്ങള്‍, വ്യത്യസ്ത തൊഴിലുകള്‍ ഏറ്റെടുക്കാന്‍ അവരുടെ കുട്ടികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നിവ മനസ്സിലാക്കാന്‍ വര്‍ക്ക് ഷോപ്പുകള്‍ മാതാപിതാക്കളെ സഹായിച്ചു.  

അനുദിനം മാലിന്യവുമായി ഇടപഴകുന്ന ശുചിത്വ തൊഴിലാളികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവാണ്. കുറച്ചുപേര്‍ മാത്രമേ 60 ന് അപ്പുറം ജീവിക്കുന്നുള്ളൂ. ഇന്ത്യയില്‍ ഓരോ അഞ്ച് ദിവസത്തിലും മൂന്ന് ശുചിത്വ തൊഴിലാളികള്‍ ജോലിസ്ഥലത്ത് മരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ചുരുക്കത്തില്‍, അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ അവരുടെ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നു. പ്രീതിയും ഭര്‍ത്താവും തൊഴിലാളികളുടെ സുരക്ഷക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമൊപ്പം എല്ലാ വര്‍ഷവും ആരോഗ്യ ക്യാമ്പുകള്‍ നടത്തിവരുന്നു.

പലര്‍ക്കും ഇത്തരം വൃത്തിഹീനമായ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടണമെന്നുണ്ട്. ഇത്തരം ജോലികള്‍ ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ക്ക് പോകാമെന്ന് വച്ചാലും സമൂഹം അവരെ അതിനനുവദിക്കില്ല. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതികളെ മാറ്റി, ശുചീകരണ തൊഴിലാളികളെ കുറച്ചുകൂടി തുറന്ന മനസ്സോടെ കാണാന്‍ വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തുകയാണ് പ്രദീപും, ദീപയും. അതിനോടൊപ്പം തന്നെ പേപ്പര്‍ ബാഗുകള്‍, ആഭരണങ്ങള്‍, ഇല പ്ലേറ്റുകള്‍, കൂണ്‍ കൃഷി, തേനീച്ച കൃഷി, സോപ്പ് നിര്‍മ്മാണം തുടങ്ങിയ പല നൈപുണ്യവികസന ക്ലാസ്സുകളും തൊഴിലാളികള്‍ക്കായി പ്രീതിയും പ്രദീപും നടത്തുന്നു.

നിങ്ങള്‍ വലിയ കാര്യങ്ങളൊന്നും ചെയ്യണ്ട, നിങ്ങളുടെ ജോലി തോട്ടിപ്പണിയല്ലേ? എന്ന് ചോദിക്കുന്നവരോട് അവര്‍ക്ക് പറയാന്‍ ഒരു മറുപടിയേ ഉള്ളൂ. അതവരുടെ ജീവിതമാണ്. പ്രതികൂല സാഹചര്യങ്ങളുമായി പടപൊരുതി അവര്‍ നേടിയെടുത്ത ജീവിത ദര്‍ശനങ്ങളും, തിരിച്ചറിവുകളുമാണ്. ഇന്നാ തിരിച്ചറിവുകള്‍ നേടിക്കൊടുത്ത ആത്മവിശ്വാസത്തില്‍  അനേകായിരങ്ങള്‍ക്ക് പുതിയ ജീവിതം നേടികൊടുക്കുകയാണ് ദീപയും പ്രദീപും. മാലിന്യത്തിന്റെ അഴുക്കു ചാലുകളില്‍ കുടുങ്ങി കിടക്കുന്ന ഒരു ജനതക്ക് പ്രതീക്ഷയുടെ ഒരു പുതു ലോകം കാട്ടിക്കൊടുക്കുകയാണവര്‍ ഇന്ന്. 

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം