യാത്ര തുടങ്ങുമ്പോള്‍ ചാർജ്ജ് 359 രൂപ, അവസാനിച്ചപ്പോള്‍ 1,334 രൂപ; ഊബറിന് എട്ടിന്‍റെ പണി കൊടുത്ത് കോടതി

By Web TeamFirst Published Mar 18, 2024, 11:42 PM IST
Highlights

യാത്രക്കാരന് ആദ്യം ലഭിച്ച സന്ദേശത്തില്‍ 8.83 കിലോമീറ്റര്‍ യാത്രയ്ക്ക് 359 രൂപയായിരുന്നു ചാര്‍ജ്ജായി നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ യാത്രയ്ക്കിടെ നിരവധി റൂട്ട് മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ നിരക്ക് 1,334 രൂപയായി ഉയര്‍ന്നു. 

2021 ല്‍ വെറും 8.83 കിലോമീറ്റര്‍ ദൂരം മാത്രമുള്ള യാത്രയ്ക്ക് ഊബര്‍ ഡ്രൈവര്‍ യാത്രക്കാരനില്‍ നിന്നും വാങ്ങിച്ചത് 1,334 രൂപ. ഊബര്‍ ഡ്രൈവരുടെ അമിത നിരക്കിനെതിരെ ഉപഭോക്തൃ കോടതിയെ സമീപച്ച യാത്രക്കാരന് ഒടുവില്‍ നീതി. അമിത നിരക്ക് ഈടാക്കിയ ഡ്രൈവര്‍ യാത്രക്കാരന് 10,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കൂടാതെ കോടതി ചെലവുകള്‍ക്കായി ഒരു 10,000 കൂടി നല്‍കണം. 

ചണ്ഡീഗഢിലെ എജി കോളനി, ഓഡിറ്റ് ഫൂൽ കോളനി, സെക്ടർ 41-ബി, ചണ്ഡീഗഢിലെ സെക്ടർ 48-ബി വരെയുള്ള വെറും 15 മിനിറ്റ് നീണ്ട യാത്രയ്ക്കാണ് ഊബര്‍ ഡ്രൈവർ അമിത ചാർജ്ജ് ഈടാക്കിയതെന്ന് യാത്രക്കാരനായ അശ്വനി പ്രഷാർ കോടതിയെ അറിയിച്ചു. അമിത വില ഈടാക്കിയ നടപടിക്കെതിരെ കസ്റ്റമര്‍ കെയറിലൂടെയും ഈമെയിലുകളിലൂടെയും ഊബറിന്‍റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും അശ്വനി പറഞ്ഞു. 

അതേസമയം യാത്രക്കാരന് ആദ്യം ലഭിച്ച സന്ദേശത്തില്‍ 8.83 കിലോമീറ്റര്‍ യാത്രയ്ക്ക് 359 രൂപയായിരുന്നു ചാര്‍ജ്ജായി നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ യാത്രയ്ക്കിടെ നിരവധി റൂട്ട് മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ നിരക്ക് 1,334 രൂപയായി ഉയര്‍ന്നു. കോടതിയുടെ അന്വേഷണത്തില്‍ ഈ റൂട്ട് മാറ്റം യാത്രക്കാരന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നോ അതോ ഡ്രൈവറുടെ തീരുമാനമായിരുന്നോ എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. വിശ്വാസ്യത നിലനിര്‍ത്താനായി ഊബര്‍ പരാതിക്കാരന്‍റെ അക്കൌണ്ടിലേക്ക് 975 രൂപ റീഫണ്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. 

സർവീസ് പ്രശ്നങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ ക്യാബ് ഡ്രൈവറുടെ മേൽ ചുമത്തുന്നത് ഊബർ ഇന്ത്യയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അതേസമയം രേഖകൾ അനുസരിച്ച്, ഊബറിൻ്റെ ആപ്പിൽ നിർദ്ദേശിച്ച പണം നല്‍കാന്‍ യാത്രക്കാരന്‍ നിര്‍ബന്ധിതനാണ്. എന്നാല്‍, മുന്‍കൂര്‍ ബുക്കംഗ് സമയത്ത് പറഞ്ഞിരുന്നതിനെക്കാള്‍ തുക ഈടാക്കുന്നത് അന്യായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കണം. അതേസമയം പരാതിക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി കണ്ടെത്തി. ഊബറും അവരുടെ ഡ്രൈവർമാരും തമ്മിലുള്ള കരാറിൻ്റെ വിശദാംശങ്ങളെക്കുറിച്ച് സാധാരണ ആളുകൾക്ക് അറിയില്ലെന്നും ഉപഭോക്തൃ കോടതി പരാമർശിച്ചു.  യാത്രക്കാര്‍ ഊബര്‍ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും കമ്പനിയെ വിശ്വസിക്കുന്നു. അല്ലാതെ ഡ്രൈവർമാരെയല്ല. ഊബറും ഡ്രൈവർമാരും തമ്മിൽ മറഞ്ഞിരിക്കുന്ന കരാറുകൾ ഉണ്ടെങ്കിലും, പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

click me!