ഈ നേരവും കടന്നുപോവും, ഈ മഹാമാരിയെയും നമ്മളതിജീവിക്കും, സ്വയം പുതുക്കി മെച്ചപ്പെട്ട മനുഷ്യരാകാം

By Web TeamFirst Published Mar 25, 2020, 2:32 PM IST
Highlights

ഒരുപക്ഷേ, ഒരുകാലത്ത് ഒരുപാട് വായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളുകളായിരുന്നിരിക്കാം നമ്മള്‍. ലൈബ്രറിയില്‍ നിന്നെടുത്തും വാങ്ങിച്ചും കടം വാങ്ങിയും ഒരുപാട് വായിച്ചിരുന്നവര്‍. എന്നാല്‍, ജോലിയും കുടുംബവും ഒക്കെയായപ്പോള്‍ വായിക്കാന്‍ മറന്നുപോയിക്കാണും.

21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത്. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. കൊവിഡ് 19 എന്ന മഹാമാരി ഇന്ത്യയെയും ഭയത്തിലും ആശങ്കയിലും ആഴ്ത്തി എന്ന് സാരം. ഏതായാലും, ഇനി കുറച്ചുനാളത്തേക്ക് നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറച്ചുകൂടി ഭേദപ്പെട്ട നിലയിലാണ് ആരോഗ്യരംഗം പ്രവര്‍ത്തിക്കുന്നത്. നിപ്പയെ തോല്‍പ്പിച്ച കരുത്തുണ്ട് നമ്മുടെ സംസ്ഥാനത്തിന്. പക്ഷേ, ഈ മഹാമാരിയെ തോല്‍പ്പിക്കണമെങ്കില്‍ നാം ഒറ്റക്കെട്ടായി നിന്നേതീരൂ. അതിനായി പ്രധാനമായും ചെയ്യേണ്ടത് ആരോഗ്യരംഗത്തുള്ളവര്‍ തരുന്ന, സര്‍ക്കാര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കുക എന്നതാണ്. വീട്ടിലിരിക്കണം എന്നാണ് അവര്‍ ആവര്‍ത്തിച്ചു നമ്മോട് പറയുന്നത്. വീടില്ലാത്ത, ഉണ്ണാനില്ലാത്ത, ജോലിയില്ലാത്ത, ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ അടുപ്പ് പുകയില്ലാത്ത മനുഷ്യരെന്ത് ചെയ്യുമെന്നത് വലിയ ചോദ്യമാണ്. എങ്കിലും അവര്‍ പട്ടിണിയാകാതെ നോക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. 

ഈ മഹാമാരി നമ്മുടെ നാടിനെയാകെ ആപത്തിലാക്കാതിരിക്കാന്‍ നാം ചെയ്യേണ്ടത്, നമുക്കും നമ്മളിലൂടെ മറ്റാര്‍ക്കും ഈ രോഗം പകരാതിരിക്കാന്‍ നമുക്കാവുന്നത് ചെയ്യുക എന്നതാണ്. അതായത്, വീടില്ലാത്തവര്‍ക്ക് കൂടി വേണ്ടി വീടുള്ള നാം വീട്ടിലിരുന്നേ തീരൂ എന്ന്.

ചിലര്‍ക്ക് വീട്ടിലിരിക്കാന്‍ ഇഷ്ടമായിരിക്കാം. എന്നാല്‍ ചിലര്‍ക്കാകട്ടെ വീട്ടിലിരുന്നാല്‍ വല്ലാത്ത ബോറഡിയും. പുറത്തിറങ്ങിയാല്‍ മാത്രം ശുദ്ധവായു ശ്വസിക്കാന്‍ പറ്റുന്നവരാകും അവര്‍. ഏതായാലും ഈ മഹാമാരി നേരത്ത് വീട്ടിലിരിക്കുമ്പോള്‍ പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ലെങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കാവുന്നതാണ്. 

പ്ലാസ്റ്റിക് ബോട്ടിലും ചെടികളും

സര്‍ക്കാര്‍ ഇപ്പോള്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിരിക്കുകയാണ്. അതുകാരണം ആളുകള്‍ തുണിസഞ്ചിയും മറ്റുമായി കടയില്‍ പോകാന്‍ തുടങ്ങി. അതുകൊണ്ടിപ്പോള്‍ വീടുകളില്‍ പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം കുറവായിരിക്കും. എന്നാല്‍, വീട്ടില്‍ ഒരുപാട് കാണാന്‍ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിലുകള്‍. ഈ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ചെടികള്‍ നടാം. ഒരുപാട് പടര്‍ന്നു പിടിച്ചിരിക്കുന്ന തണ്ട് മുറിച്ച് നടാനാവുന്ന ചെടികളൊക്കെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ മുറിച്ച് അതില്‍ നടുകയും അത് വീടിന് മുന്‍വശത്തോ മറ്റോ തൂക്കിയിടുകയും ചെയ്യാം. 

 

പ്ലാസ്റ്റിക് ബോട്ടിലുകള്‍ മാത്രമല്ല, വീട്ടില്‍ കളയാതെ, എന്നാല്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ ചെരിപ്പ്, പാത്രങ്ങള്‍, ബക്കറ്റുകള്‍ എന്നിവയിലെല്ലാം ഇങ്ങനെ ചെടി നടാവുന്നതാണ്. ചെടി നടുന്നു എന്നതിനുമപ്പുറം മാനസികമായി ആശങ്കകളും ഭയവും കൊവിഡ് 19 എന്ന മഹാമാരിയെ ചൊല്ലി ഉണ്ടാവാനിടയുള്ള സമയമാണത്. ചെടികളും പൂക്കളും മണ്ണുമെല്ലാം മനുഷ്യന് പ്രതീക്ഷ നല്‍കുന്നവാണ്. അതിലൂടെ ഈ മഹാമാരിയെയും നാം അതിജീവിക്കും എന്ന പ്രതീക്ഷ കൂടി ഉള്ളില്‍ വളര്‍ത്താം. ഒരു കൊവിഡ് 19 കാലത്തെ ചെറുത്തു തോല്‍പ്പിച്ചതിന്‍റെ അടയാളങ്ങളായി ആ ചെടികള്‍ വളരട്ടെ. 

പുസ്തകങ്ങളും സിനിമകളും

'ഒരുദിവസം ഞാനൊരു പുസ്തകം വായിച്ചു, എന്‍റെ ലോകം തന്നെ മാറിപ്പോയി' (I read a book one day and my whole life was changed) എന്ന് പറഞ്ഞത് എഴുത്തുകാരനായ ഓര്‍ഹന്‍ പാമുക് ആണ്. 

ഒരുപക്ഷേ, ഒരുകാലത്ത് ഒരുപാട് വായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളുകളായിരുന്നിരിക്കാം നമ്മള്‍. ലൈബ്രറിയില്‍ നിന്നെടുത്തും വാങ്ങിച്ചും കടം വാങ്ങിയും ഒരുപാട് വായിച്ചിരുന്നവര്‍. എന്നാല്‍, ജോലിയും കുടുംബവും ഒക്കെയായപ്പോള്‍ വായിക്കാന്‍ മറന്നുപോയിക്കാണും. അങ്ങനെ മറന്നുപോയ ആ ഇഷ്ടത്തെ തിരിച്ചെടുക്കാന്‍ പറ്റുന്ന സമയം കൂടിയാണിത്. നേരമില്ലാത്തതുകൊണ്ട് മാറ്റിവെച്ച പുസ്തകങ്ങളെ ഇപ്പോള്‍ പുറത്തെടുത്ത് വായിക്കാം. വായന നമ്മില്‍ നമ്മോടുതന്നെ സ്നേഹമുണ്ടാക്കുന്ന ഒന്നാണ്. ഒരു പുസ്തകം വായിച്ചു തീരുമ്പോള്‍ ഒരു പുതിയ ലോകം കൂടി നമുക്ക് മുന്നില്‍ തുറക്കപ്പെടുന്നു. ഒരു വലിയ യാത്ര പൂര്‍ത്തിയാക്കപ്പെടുന്നു. അതുകൊണ്ട് ഈ നേരം നമുക്ക് ആ വായനയെ വീണ്ടും കൂടെക്കൂട്ടാം, പിന്നീടൊരിക്കലും കൈവിടാത്തവണ്ണം. 

 

അതുപോലെ തന്നെയാണ് സിനിമകളും. പഠിക്കുന്ന സമയത്തൊക്കെ ക്ലാസിക് സിനിമകളും ലോകസിനിമകളുമെല്ലാം ഭ്രാന്തെടുത്തപോലെ കണ്ടുനടന്ന ആളുകളുണ്ടാകും. എന്നാല്‍, മറ്റ് തിരക്കുകള്‍ വന്ന് ജീവിതത്തെ കടന്നാക്രമിച്ചപ്പോള്‍ സിനിമാകാണലിനോട് ബൈ പറഞ്ഞതാവാം. എന്നാല്‍, ഇപ്പോള്‍ വീട്ടില്‍ ബോറഡിച്ചിരിപ്പാണെങ്കില്‍ ഒന്നും നോക്കണ്ടാ. സിനിമകള്‍ കാണാം. 

പാചകം നല്ലതല്ലേ

പാചകം ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ജീവിച്ചുപോകാന്‍ അത് പഠിച്ചേ തീരൂ. കുടുംബമായി താമസിക്കുന്ന പുരുഷന്മാരൊക്കെ, പുരുഷനാണ് എന്ന പ്രിവിലേജ് കൊണ്ട് പലപ്പോഴും പാചകം ചെയ്യുന്നതില്‍ നിന്നു രക്ഷപ്പെട്ടുപോയവരുമുണ്ടാകാം. എന്നാല്‍, എല്ലാവരും പാചകം ചെയ്യാന്‍ പഠിക്കുന്നത് കുടുംബജീവിതവും സ്വന്തം ജീവിതവും ഒന്നുകൂടി ഈസിയാക്കും. അത്യാവശ്യം പാചകപരീക്ഷണങ്ങളെല്ലാം ഈ സമയത്ത് നടത്തിനോക്കാവുന്നതാണ്. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. അത് വീട്ടിലുള്ള സ്ത്രീകള്‍ക്ക് ആശ്വാസവുമാകും. ഓര്‍ക്കുക നമ്മുടെ അവശ്യസാധനങ്ങള്‍ ഏതുനേരവും തീര്‍ന്നുപോയേക്കാം. അതുകൊണ്ട് ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടി അയല്‍ക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ കിട്ടാത്ത അവസ്ഥയാക്കരുത്. പരീക്ഷണം നടത്തുമ്പോള്‍ അത് അന്നന്ന് കഴിക്കാനുള്ള ആവശ്യത്തിന് മാത്രമുള്ള ആഹാരമാണെന്ന് ഉറപ്പുവരുത്തണം. നമ്മെപ്പോലെ തന്നെ പ്രധാനമാണ് നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരും അവരുടെ വിശപ്പും.

 

ഇതൊന്നും ചെയ്യാനാവാത്ത മാനസികമായി ദുർബലരായ ഒരുപാട് മനുഷ്യരുമുണ്ട് നമുക്കുചുറ്റും. വിഷാദവും ആങ്സൈറ്റിയുമെല്ലാം തളർത്തിയേക്കാവുന്ന അവരെ ഒരു ഫോൺവിളികൊണ്ടാണെങ്കില്‍പ്പോലും ചേർത്തുപിടിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.

ഇത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ്. അവനവനിലേക്ക് സഞ്ചരിക്കാനിഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഈ കാലം അവനവനിലേക്കുള്ള യാത്ര ചെയ്യലാവാം. കുട്ടികളോടും കുടുംബത്തോടുമുള്ള കരുതലും സ്നേഹവുമാവാം. ചെയ്യാതെ മാറ്റിവെച്ച ഇഷ്ടങ്ങളെ, ഹോബികളെ തിരിച്ചെടുക്കലാവാം. ഓര്‍ക്കുക, നാം വീട്ടില്‍ത്തന്നെയിരിക്കുന്ന ഓരോ നേരവും മറ്റൊരാള്‍ക്ക് കൂടി രോഗം പകരാതിരിക്കാനുള്ള സാധ്യതയാണ്. അതിനായാണ് നാം വീട്ടിലിരിക്കേണ്ടത്. ഈ കാലം കടന്നുപോകുമ്പോള്‍, നമ്മളീ മഹാമാരിയെ തോല്‍പ്പിച്ച് കഴിയുമ്പോള്‍ സ്വയം ഒരു മെച്ചപ്പെട്ട മനുഷ്യനായി തന്നെത്തന്നെ പുതുക്കിയെടുക്കാനുമായേക്കും. 

click me!