മരണാസന്നനായിരിക്കുന്ന ഭർത്താവിൽ നിന്നും കുഞ്ഞിനെ വേണം, ബീജസാമ്പിൾ ശേഖരിച്ച് മണിക്കൂറുകൾ, ഭർത്താവ് മരിച്ചു

By Web TeamFirst Published Jul 24, 2021, 11:52 AM IST
Highlights

തുടർന്ന് യുവതി കോടതിയിൽ ഹർജി നൽകുകയും, അടിയന്തിര സാഹചര്യമായി കണ്ട് കോടതി അതിനനുവാദം നൽകുകയും ചെയ്തു. അങ്ങനെ ഭർത്താവിന്റെ ബീജസാമ്പിളുകൾ ശേഖരിക്കാനും, സൂക്ഷിക്കാനും ആശുപത്രിയോട് കോടതി നിർദ്ദേശിച്ചു.  

കുറച്ച് ദിവസം മുമ്പാണ് ​ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരണവുമായി മല്ലിടുന്ന ഭർത്താവിൽ നിന്നും ​ഗർഭം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി കോടതിയെ സമീപിച്ചത്. ഭാര്യയുടെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി ബീജസാമ്പിൾ ശേഖരിക്കാൻ ഉത്തരവിടുകയും ചെയ്തു. അത് ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ ആ യുവാവ് മരിച്ചു. വഡോദരയിലെ സ്റ്റെർലിംഗ് ആശുപത്രിയിൽ ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്റെ സഹായത്താൽ കഴിയുകയായിരുന്നു 32 -കാരനായ യുവാവ്. 

ഗുരുതരമായി കോവിഡ് -19 ബാധിച്ച അദ്ദേഹത്തിന്റെ കുഞ്ഞിന് ജന്മം നൽകണമെന്ന ഭാര്യയുടെ ആഗ്രഹപ്രകാരം കോടതി രോഗിയുടെ ബീജസാമ്പിൾ ശേഖരിക്കാൻ ആശുപത്രിയോട് ആവശ്യപ്പെട്ടു. ശേഖരിച്ച് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം മരണപ്പെട്ടു. അവയവങ്ങളുടെ തകരാറിനെ തുടർന്ന് വ്യാഴാഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്.  

മൂന്ന് മാസം മുമ്പാണ് യുവാവിന് രോഗം ബാധിച്ചത്. തുടർന്ന് ന്യുമോണിയ മൂലം ഗുരുതരാവസ്ഥയിലാവുകയും ഐസിയു -വിലേയ്ക്ക് മാറ്റുകയുമായിരുന്നു. രോഗിയുടെ അതിജീവനത്തിനുള്ള സാധ്യതകൾ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന്, ഭർത്താവിൽ നിന്ന് കൃത്രിമ ഗർഭധാരണത്തിനുള്ള അനുവാദം നല്കണമെന്ന ആവശ്യവുമായി യുവതി ആശുപത്രിയെ സമീപിച്ചു. എന്നാൽ, ഓർമ്മയില്ലാതെ കിടക്കുന്ന ഭർത്താവിന്റെ സമ്മതം കൂടാതെ അത് ചെയ്യാൻ സാധിക്കില്ലെന്നും, ഇല്ലെങ്കിൽ കോടതിയുടെ അനുവാദം വേണമെന്നും ആശുപ്രതി അധികൃതർ അറിയിച്ചു. തുടർന്ന് യുവതി കോടതിയിൽ ഹർജി നൽകുകയും, അടിയന്തിര സാഹചര്യമായി കണ്ട് കോടതി അതിനനുവാദം നൽകുകയും ചെയ്തു. അങ്ങനെ ഭർത്താവിന്റെ ബീജസാമ്പിളുകൾ ശേഖരിക്കാനും, സൂക്ഷിക്കാനും ആശുപത്രിയോട് കോടതി നിർദ്ദേശിച്ചു.  

"ചൊവ്വാഴ്ച വൈകുന്നേരം ഹൈക്കോടതിയുടെ വിധിയെ തുടർന്ന് ഭർത്താവിന്റെ ശുക്ലം വേർതിരിച്ചെടുത്തതെന്ന് ആശുപത്രി ഞങ്ങളെ അറിയിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച അദ്ദേഹം മരിച്ചു” യുവതിയുടെ അഭിഭാഷകൻ നിലയ് പട്ടേൽ പറഞ്ഞു. 29 കാരിയായ ഭാര്യ തിങ്കളാഴ്ച വൈകുന്നേരം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കേസ് രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് വൈകീട്ട് തന്നെ ഡോക്ടർമാർ ശുക്ലം വേർതിരിച്ചെടുത്തു. എന്നിരുന്നാലും, കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ കൃത്രിമ ബീജസങ്കലനത്തിനുള്ള നടപടികൾ തുടരാൻ അനുമതിയില്ല. കോടതിയുടെ അനുവാദം ലഭിച്ചതിന് ശേഷം ഐവിഎഫ് നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് സ്റ്റെർലിംഗ് ഹോസ്പിറ്റലിലെ സോണൽ ഡയറക്ടർ അനിൽ നമ്പ്യാർ മാധ്യമങ്ങളോട് പറഞ്ഞു. 

 

click me!