Latest Videos

മണത്താൽപ്പോലും വൻ അപകടം? കാഴ്ചയിൽ മനോഹരമെങ്കിലും ഓർമ്മവരെ നശിപ്പിക്കുന്ന ചെടി

By Web TeamFirst Published Dec 6, 2021, 1:01 PM IST
Highlights

കൊളംബിയയിൽ പ്രതിവർഷം ഇത്തരത്തിലുള്ള 50,000 കേസുകൾ വരെയാണ് രേഖപ്പെടുത്തുന്നത്. ഇനി രേഖപ്പെടുത്തപ്പെടാതെ പോകുന്നത് ചിലപ്പോൾ അതിലും കൂടുതലാകും.  

അപകടകരം എന്ന് പേരുകേട്ട ചെടിയാണ് ബ്രഗ്മാൻസിയ(brugmansia). അവയിൽ സ്കോപോളമൈൻ എന്നറിയപ്പെടുന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്. കൊളംബിയയിൽ, പ്രത്യേകിച്ച് അതിന്റെ മയക്കുമരുന്ന് തലസ്ഥാനമായ മെഡെലിനിൽ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ ഇതിന്റെ ചെടി പൂത്ത് നിൽക്കുന്നത് കണ്ടേക്കാം. ബെല്ലാകൃതിയിലുള്ള ഇതിന്റെ പൂക്കൾ അറിയാതെപോലും മണക്കാൻ ശ്രമിക്കരുത്. കാഴ്ച്ചയിൽ മനോഹരമായി തോന്നുന്ന ഇത് എന്നാൽ അങ്ങേയറ്റം അപകടകാരിയാണ്. 

അതിന്റെ ശാസ്ത്രീയ നാമം ഹയോസിൻ എന്നാണ്. ചെടിയുടെ വിത്തുകൾ പൊടിച്ചെടുത്താണ് മയക്കുമരുന്ന് ഉണ്ടാക്കുന്നത്. ബുറുണ്ടംഗ എന്നും ഇതറിയപ്പെടുന്നു. കൊളംബിയയിലെ കുറ്റവാളികൾ ഇരകളെ കീഴ്‌പ്പെടുത്താൻ ഇത് ഉപയോഗിക്കുന്നുവെന്നും പറയപ്പെടുന്നു. മയക്കുമരുന്ന് അകത്തുചെന്ന വ്യക്തിയ്ക്ക് ഓർമ്മയും, സ്വതന്ത്ര ഇച്ഛാശക്തിയും നഷ്ടപ്പെടുന്നു. ഇതോടെ അവർ പൂർണ്ണമായും കുറ്റവാളികളുടെ വരുതിയ്ക്ക് കീഴിലാകും. ഇരകൾക്ക് തങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല. ബലാത്സംഗത്തിനും, കവർച്ചയ്ക്കും കുറ്റവാളികൾ ഉപയോഗിക്കുന്ന ഇത് നിങ്ങളെ ദിവസങ്ങളോളം അബോധാവസ്ഥയിലാക്കിയേക്കാം. കൂടാതെ വളരെ ഉയർന്ന അളവിൽ കഴിച്ചാൽ മരണം വരെ സംഭവിക്കാം. കൊളംബിയയിൽ പ്രതിവർഷം ഇത്തരത്തിലുള്ള 50,000 കേസുകൾ വരെയാണ് രേഖപ്പെടുത്തുന്നത്. ഇനി രേഖപ്പെടുത്തപ്പെടാതെ പോകുന്നത് ചിലപ്പോൾ അതിലും കൂടുതലാകും.  

ഈ മരുന്ന് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ തടയുകയും, നമ്മുടെ ഓർമ്മശക്തിയെ കുറച്ച് നേരത്തേയ്ക്ക് മരവിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ സ്കോളോപോളമൈൻ എന്ന മരുന്നിന്റെ സ്വാധീനത്തിൽ നിങ്ങൾക്ക് എന്ത് സംഭവിച്ചാലും അത് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്നോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയായതെങ്ങനെയെന്നോ നിങ്ങൾക്ക് ഓർമിക്കാൻ കഴിയില്ല. ഈ ഓർമ്മക്കുറവ് കാരണം ഇരയുടെ കഥ പൊലീസ് വിശ്വസിച്ചേക്കില്ല. രുചിയും ഗന്ധവുമില്ലാത്ത ഈ മരുന്ന് പലപ്പോഴും ബാറുകളിൽ മറ്റും വച്ച് പാനീയങ്ങളിലോ, ഭക്ഷണത്തിലോ ചേർത്താണ് ഇരകൾക്ക് നൽകുന്നത്. ഇത് നിങ്ങളുടെ രക്തപ്രവാഹത്തിൽ നാല് മണിക്കൂർ മാത്രമായിരിക്കും ഉണ്ടാവുക. ഈ കാരണം കൊണ്ട് തന്നെ ഇത് കണ്ടെത്തുന്നത് ഏതാണ്ട് അസാധ്യമാണ്.  

ഇരയെ കണ്ടാൽ പ്രത്യക്ഷത്തിൽ അയാൾ മരുന്നിന്റെ സ്വാധീനത്തിലാണെന്ന് ചുറ്റുമുള്ളവർക്ക് മനസ്സിലാകില്ല എന്നതാണ് മറ്റൊരു പേടിപ്പെടുത്തുന്ന കാര്യം. നമ്മളിൽ ഒരാളെ പോലെ സാധാരണമായിട്ടായിരിക്കും ആ വ്യക്തിയും പെരുമാറുന്നത്. എന്നാൽ അയാൾ ഒരു ഹിപ്നോട്ടിക് അവസ്ഥയിലായിരിക്കുമെന്നത് കുറ്റവാളിയ്ക്ക് മാത്രമായിരിക്കും അറിയുക. കുറ്റവാളിയുടെ നിർദേശങ്ങൾ അനുസരിക്കുന്ന സ്വതന്ത്രയിച്ഛയില്ലാത്ത, ഓർമ്മയില്ലാത്ത ഒരാളാകും ഇരയപ്പോൾ. മുൻപ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയായ (സിഐഎ) സംശയമുള്ളവരെ ചോദ്യം ചെയ്യാൻ സ്കോപൊളാമൈൻ ഉപയോഗിച്ചിരുന്നു. കൂടാതെ, നൂറ്റാണ്ടുകളായി സ്വദേശികളായ തെക്കേ അമേരിക്കക്കാർ ഈ ചെടി ആത്മീയ ആചാരങ്ങൾക്കായും, മന്ത്രവാദ ചടങ്ങുകൾക്കായും ഉപയോഗിച്ച് വന്നു.  

click me!