'ഭയത്തെ മറികടക്കാൻ ഞാനത് ചെയ്യുന്നു', യുവതിയുടെ അവസാന പോസ്റ്റ്, കൊടുംവനത്തിൽ മൃതദേഹം

Published : Mar 25, 2024, 04:57 PM IST
'ഭയത്തെ മറികടക്കാൻ ഞാനത് ചെയ്യുന്നു', യുവതിയുടെ അവസാന പോസ്റ്റ്, കൊടുംവനത്തിൽ മൃതദേഹം

Synopsis

ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാക്കിയ ഡാനിയേല ബാരിയോസ് ഒരു സംരഭകയാണ്. ഏഴു വയസ്സുള്ള മകനുണ്ട് ഇവർക്ക്.  

ഉയരം ഭയമായിരുന്ന യുവതി പേടിമാറ്റാൻ ന‌ടത്തിയ പാരാ​ഗ്ലൈഡിം​ഗ് യാത്ര ദുരന്തത്തിൽ കലാശിച്ചു. പാരാഗ്ലൈഡറിൽ നിന്ന് വനത്തിലേക്ക് വീണ യുവതി മരണപ്പെടുകയായിരുന്നു. കൊളംബിയയിൽ നിന്നുള്ള 27 -കാരിയായ ഡാനിയേല ബാരിയോസ് ആണ് മരിച്ചത്. ഇവരുടെ മൃതദേഹം സമീപത്തെ വനത്തിൽ നിന്നും അ​ഗ്നിശമനസേനാം​ഗങ്ങൾ കണ്ടെടുത്തു. പർവതങ്ങൾക്ക് മുകളിലൂടെ പറക്കാനുള്ള ഭയം അവസാനിപ്പിക്കുകയാണെന്ന് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു ദുരന്തം ഇവരെ തേടിയെത്തിയത്.

എൽ കൊളംബിയാനോ റിപ്പോർട്ട്  ചെയ്യുന്നതനുസരിച്ച് ജന്മനാടായ ഡോസ്‌ക്വെബ്രഡാസിൽ നിന്നാണ് യുവതി യാത്ര ആരംഭിച്ചത്. പൈലറ്റിനൊപ്പം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കലാർക്ക മേഖലയിലെ എൽ കാസ്റ്റില്ലോ പർവതനിരയിൽ നിന്ന് പറന്നുയർന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ക്വിൻഡിയോ അൽ ലിമൈറ്റ് കമ്പനി നടത്തുന്ന ഗ്ലൈഡറിലാണ് അവർ യാത്ര ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, അപകടകാരണം എന്താണെന്ന് വ്യക്തമല്ല. 200 മീറ്ററോളം താഴെയുള്ള വനത്തിലേക്കാണ് ഡാനിയേല വീണത്.

കൂടെയുണ്ടായിരുന്ന പൈലറ്റ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകടവേളയിൽ പൈലറ്റിന് ഗ്ലൈഡർ നിർത്താൻ സാധിച്ചില്ലെന്നും എൽ കൊളംബിയാനോ റിപ്പോർട്ടിൽ പറയുന്നുണ്ട്. പിന്നീട് പ്രാദേശിക അധികൃതർ നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇവർ മരിച്ചിരുന്നു. യുവതി ഗ്ലൈഡറിലെ കസേരയിൽ നിന്ന് തെന്നിവീണതാകാം എന്നാണ് പ്രഥമിക നി​ഗമനം. എന്നാൽ, ഗ്ലൈഡറിലെ ഇരിപ്പിടം തകരുകയോ അവിടെ നിന്ന് തെന്നിവീഴുകയോ ചെയ്യാൻ ഒരു സാധ്യതയുമില്ലെന്ന് ചില പാരാഗ്ലൈഡിങ് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഗ്ലൈഡർ ശരിയായി ഘടിപ്പിച്ചിട്ടില്ലാത്തതിനാലാവാം ദാരുണമായ അന്ത്യത്തിൽ കലാശിച്ചതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

മൃതദേഹത്തിനരികിൽ നിന്ന് പാരാഗ്ലൈഡിങ് ഇരിപ്പിടം തകർന്നതിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് കാലാർക്ക അഗ്‌നിശമന സേനാ വക്താവ് ക്യാപ്റ്റൻ ഹാവിയർ ആർക്കോണ്ടെ റോഡ്രിഗസ് പറഞ്ഞു. ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാക്കിയ ഡാനിയേല ബാരിയോസ് ഒരു സംരഭകയാണ്. ഏഴു വയസ്സുള്ള മകനുണ്ട് ഇവർക്ക്.  ഭയം മറികടക്കാൻ ശ്രമിക്കുകയാണെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞ ശേഷമായിരുന്നു ഡാനിയേല ഈ സാഹസത്തിന് മുതിർന്നത് എന്നതാണ് ഏറെ ദുഖകരമായ കാര്യം. 

'എന്റെ ഭ്രാന്തമായ കാര്യങ്ങളിൽ എന്നോടൊപ്പം ചേരൂ... നമുക്ക് ഒരു ഭയത്തെ മറികടക്കാം' - സോഷ്യൽ മീഡിയയിലെ അവളുടെ അവസാന സന്ദേശത്തിലെ വാചകം ഇതായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം