
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ രണ്ട് മരുമക്കൾ ചേർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്തി വയലിൽ എറിഞ്ഞു. കോൺ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗിധിയ ഗ്രാമത്തിലാണ് സംഭവം. 65 വയസ്സുള്ള അമ്മായിയമ്മയെ കൊലപ്പെടുത്തിയതിന് ഇവരുടെ മരുമക്കളായിരുന്ന രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അമ്മായിയമ്മയുടെ മൃതദേഹം അടുത്തുള്ള ഒരു വയലിൽ നിന്നും പോലീസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ യുപി പോലീസ് കേസ് തെളിയിക്കുയും പ്രതികളെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ആഗസ്റ്റ് 15 -ന്, കൊല്ലപ്പെട്ട സ്ത്രീയുടെ മൂത്ത മരുമകൾ റോജ ഖാത്തൂൺ ആണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. കൊല്ലപ്പെട്ട ജഹരുൺ ഖാത്തൂൺ എന്ന സ്ത്രീക്ക് നാല് മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവരെല്ലാവരും തൊഴിൽ ആവശ്യങ്ങൾക്കായി ഗ്രാമത്തിന് പുറത്തായിരുന്നു താമസിച്ചിരുന്നത്. എല്ലാവരുടെയും വീടുകളിൽ അവരുടെ ഭാര്യമാർ മാത്രമായിരുന്നു താമസം. എന്നാൽ, മൂന്നാമത്തെയും നാലാമത്തെയും മരുമക്കളായ ഷൈറ ഖാത്തൂണിനും ഷബീന ഖാത്തൂണിനും അവരുടെ അമ്മായിയമ്മയോട് യോജിച്ചു പോകാൻ കഴിഞ്ഞിരുന്നില്ല.
ഭർത്താക്കന്മാർ ഇല്ലാതിരുന്ന സമയത്ത് ഇരുവരും അന്യ പുരുഷന്മാരെ വീട്ടിലേക്ക് വിളിക്കുന്നത് ജഹറുൻ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കൂടാതെ ജഹരുൺ തന്‍റെ മക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഓഗസ്റ്റ് 14 ന് രാവിലെ, വടികളും അരിവാൾ പോലുള്ള ഖുർപ്പി എന്ന ആയുധവും ഉപയോഗിച്ച് അവർ വൃദ്ധയായ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുള്ള ഒരു വയലിൽ കൊണ്ടിട്ടു. പ്രതികൾ ഇരുവരും കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയതായും പോലീസ് പറഞ്ഞു.