ഉറക്കത്തിൽ നിന്നുമുണർന്നു കരഞ്ഞു, അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ ഡേകെയർ നടത്തിപ്പുകാരി മർദ്ദിച്ചുകൊന്നു

By Web TeamFirst Published Feb 5, 2023, 1:57 PM IST
Highlights

ഡേ കെയർ സെന്ററിലെ മറ്റു കുട്ടികൾക്കും പലപ്പോഴും ഇവരുടെ അശ്രദ്ധമൂലം അപകടം പറ്റിയിട്ടുണ്ടെങ്കിലും അതൊന്നും അവർ കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. 

അമേരിക്കയിൽ ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. തൻറെ വീടിനോട് ചേർന്ന് അനധികൃതമായി ഡേ കെയർ സെൻറർ നടത്തിവന്നിരുന്ന പട്രീഷ്യ ആൻ വിക്ക് എന്ന 48 -കാരിയുടെ മർദ്ദനമേറ്റാണ് അഞ്ചുമാസം മാത്രം പ്രായമുള്ള ആൺകുട്ടി കൊല്ലപ്പെട്ടത്.

അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിലെ കാരിംഗ്ടൺ നഗരത്തിൽ ആണ് ഇവർ ഡേ കെയർ സെൻറർ നടത്തിവന്നിരുന്നത്. കുഞ്ഞ് വിളിച്ചിട്ട് ഉണരാത്തതിനെത്തുടർന്ന് ഇവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടൻതന്നെ സിപി ആറും മറ്റു പ്രാഥമിക ശുശ്രൂഷകളും നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസങ്ങൾക്കു ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തനിക്ക് കൂടുതൽ ഒന്നും അറിയില്ലെന്നും കുഞ്ഞിന് പെട്ടെന്ന് ചുമയും ഛർദ്ദിയും വരികയായിരുന്നു എന്നുമാണ് പട്രീഷ്യ പൊലീസിനോട് പറഞ്ഞത്.

എന്നാൽ, ഇതിൽ സംശയം തോന്നിയ പൊലീസ് പട്രീഷ്യയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് അവർ കുറ്റം സമ്മതിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ താൻ കുഞ്ഞിനെ മർദ്ദിച്ചു എന്ന് അവർ സമ്മതിച്ചു. ഭക്ഷണം നൽകിയതിനു ശേഷം എല്ലാ കുട്ടികളോടുമൊപ്പം കുഞ്ഞിനെയും കിടത്തിയുറക്കി എന്നും എന്നാൽ ഉറങ്ങി 15 മിനിറ്റ് തികയുന്നതിന് മുൻപേ കുഞ്ഞ് ഉണർന്ന് ഉച്ചത്തിൽ കരഞ്ഞതോടെ ഉറങ്ങിക്കിടന്ന മറ്റു കുട്ടികളും ഉണർന്നു. ആ ദേഷ്യത്തിൽ താൻ കുഞ്ഞിനെ എടുത്ത് നിലത്തെറിയുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. കൂടാതെ നിലത്ത് വീണതിനുശേഷവും ദേഷ്യം തീരാത്തതിനാൽ താൻ കുഞ്ഞിനെ മർദ്ദിച്ചുവെന്ന് ഇവർ കുറ്റസമ്മതം നടത്തി. ഡേ കെയർ സെന്ററിലെ മറ്റു കുട്ടികൾക്കും പലപ്പോഴും ഇവരുടെ അശ്രദ്ധമൂലം അപകടം പറ്റിയിട്ടുണ്ടെങ്കിലും അതൊന്നും അവർ കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. 

ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ കുട്ടിയെ മർദ്ദിച്ചതിനും അനധികൃതമായി ഡേ കെയർ സെൻറർ നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 

click me!