'ചെറിയ മക്കളുള്ളതുകൊണ്ട് തന്നെ ജോലിക്കെടുത്തില്ല'; സ്ത്രീകൾക്കെതിരെ ഇന്നും വിവേചനം, യുവതിയുടെ പോസ്റ്റ്

Published : Jul 30, 2025, 11:42 AM ISTUpdated : Jul 30, 2025, 11:43 AM IST
Representative image

Synopsis

വീട്ടിലെത്ര ആളുകളുണ്ട്, കുട്ടികൾക്ക് വയസെത്രയായി, അവർ ഏത് സ്കൂളിലാണ് പഠിക്കുന്നത്, അവളില്ലെങ്കിൽ കുട്ടികളെ ആരാണ് നോക്കുന്നത്, എങ്ങനെയാണ് ഓഫീസിൽ വരിക, ഭർത്താവിന് എവിടെയാണ് ജോലി തുടങ്ങിയ ചോദ്യങ്ങളൊക്കെയാണ് അതിലുണ്ടായിരുന്നത്.

ഡൽഹിയിൽ നിന്നുള്ള ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചീഫ് മാർക്കറ്റിം​ഗ് ഓഫീസർ പോസ്റ്റിലേക്കായിരുന്നു യുവതി അപേക്ഷിച്ചത്. തനിക്ക് ചെറിയ കുട്ടികളുള്ളതുകൊണ്ട് ആ ജോലി കിട്ടാതെ പോയി എന്നാണ് യുവതി പോസ്റ്റിൽ പറയുന്നത്.

കമ്പനിയുടെ എച്ച് ആർ ഡിപാർട്മെന്റിൽ നിന്നുള്ള ഒരാളുമായി ഇന്റർവ്യൂവിന് ശേഷം നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും അവർ ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ജോലിക്കെടുക്കാത്തതിന്റെ കാരണം ചെറിയ കുട്ടികളുള്ളതാണ് എന്ന് ഉദ്യോ​ഗസ്ഥൻ സമ്മതിക്കുന്നു.

ഒരു കൺസ്യൂമർ ബ്രാൻഡിന്റെ പ്രൊമോട്ടറുമായുള്ള 14 മിനിറ്റ് നീണ്ട ആ ഇന്റർവ്യൂ തന്നെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രഗ്യ എന്ന യുവതി തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നത്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, ഇന്റർവ്യൂവിലെ ആദ്യത്തെ 11 മിനിറ്റ് തന്റെ 11 വർഷത്തെ കരിയറിനെ കുറിച്ച് ചുരുക്കിപ്പറയുകയാണ് പ്ര​ഗ്യ ചെയ്തത്. അടുത്ത മൂന്ന് മിനിറ്റിൽ അവരോട് ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ പക്ഷേ വ്യക്തിപരമായ ചോദ്യങ്ങളായിരുന്നു.

ജോലിസംബന്ധമായ കാര്യങ്ങളോ നേട്ടങ്ങളോ ചോദിക്കുന്നതിന് പകരം സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു അവ. വീട്ടിലെത്ര ആളുകളുണ്ട്, കുട്ടികൾക്ക് വയസെത്രയായി, അവർ ഏത് സ്കൂളിലാണ് പഠിക്കുന്നത്, അവളില്ലെങ്കിൽ കുട്ടികളെ ആരാണ് നോക്കുന്നത്, എങ്ങനെയാണ് ഓഫീസിൽ വരിക, ഭർത്താവിന് എവിടെയാണ് ജോലി തുടങ്ങിയ ചോദ്യങ്ങളൊക്കെയാണ് അതിലുണ്ടായിരുന്നത്.

തന്റെ നേട്ടങ്ങളെ കുറിച്ചോ, എവിടെയൊക്കെ ജോലി ചെയ്തു എന്നതിനെ കുറിച്ചോ, ആ അനുഭവങ്ങളെ കുറിച്ചോ ഒന്നും തന്നെ ഇന്റർവ്യൂ ചെയ്യാനെത്തിയ ആൾക്ക് അറിയേണ്ടിരുന്നില്ല എന്നും പോസ്റ്റിൽ കാണാം.

പിന്നീട് പ്ര​ഗ്യ ഇന്റർവ്യൂവിന്റെ വിവരങ്ങൾ അറിയാനായി മെസ്സേജ് അയക്കുകയായിരുന്നു. എന്തുകൊണ്ടാണ് ജോലിയിൽ തന്നെ പരി​ഗണിക്കാതിരുന്നത്, തന്റെ പ്രൊഫഷനെ കുറിച്ചൊന്നും കൂടുതൽ ചോദിച്ചില്ല പകരം സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്, അതിനാൽ എന്ത് കാരണങ്ങൾ കൊണ്ടാണ് ജോലി കിട്ടാത്തത് എന്ന് അറിയാൻ താല്പര്യമുണ്ട് എന്നും അവൾ ചോദിക്കുന്നു. തനിക്ക് ചെറിയ കുട്ടികൾ ഉള്ളതുകൊണ്ടാണോ എന്നും അവൾ ചോദിക്കുന്നുണ്ട്. അതേ, അതും ഒരു കാരണമാണ് എന്നാണ് മറുപടി.

പ്രസവാവധികളുടെയും കുഞ്ഞുങ്ങളുടെയും മറ്റും പേരിൽ സ്ത്രീകളെ ജോലിയിൽ നിന്നും തഴയുന്നതും, വിവേചനം കാണിക്കുന്നതും ഇനിയും അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പ്ര​ഗ്യയുടെ പോസ്റ്റ്. നിരവധിപ്പേരാണ് കടുത്ത ഭാഷയിൽ കമ്പനിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് കമന്റുകൾ നൽകിയത്. അതുപോലെ, സമാനമായ അനുഭവമുണ്ടായി എന്ന് അനേകം സ്ത്രീകളാണ് കമന്റ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം