
തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ ധനം പാട്ടിയുടെ വീടിനടുത്തെത്തുമ്പോൾ തന്നെ നമ്മെ വരവേൽക്കുക നല്ല ഇഡലിയുടെയും സാമ്പാറിന്റെയും മണമാണ്. ആ വീട്ടിൽ, ഭക്ഷണം കഴിക്കാൻ ആവശ്യത്തിന് ടേബിളോ, ആവശ്യത്തിന് സ്ഥലമോ ഒന്നും കാണില്ല. പക്ഷേ, ഇഡലിക്ക് വേണ്ടി ഇപ്പോഴും കാത്തുനിൽക്കുന്ന ആളുകളെ കാണാം.
84 -കാരിയായ ഈ മുത്തശ്ശി ഇഡലി വിൽക്കുന്നത് വെറും രണ്ട് രൂപയ്ക്കാണ്. അതുകൊണ്ട് തന്നെ അന്നും ഇന്നും മുത്തശ്ശിയുടെ ഇഡലിക്ക് ആവശ്യക്കാർ ഏറെയാണ്. രോഗിയായ ഒരു ഭർത്താവും, ചെറിയ രണ്ട് കുഞ്ഞുങ്ങളും, ഇതായിരുന്നു ഇഡലിയുണ്ടാക്കി വിൽക്കാൻ അന്ന് ധനത്തിന് പ്രചോദനമായത്. എന്നാൽ, അതിന് വലിയ വില ഈടാക്കി സാധാരണക്കാർക്ക് വാങ്ങാനാവാത്ത നിലയിലാക്കരുത് എന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. ആ ഇഡലിക്കച്ചവടം ഇന്നും അവർ തുടരുന്നു. അവസാന ശ്വാസം വരെ അത് തുടരണം എന്നാണ് ധനം പാട്ടിയുടെ ആഗ്രഹം.
3 പൈസയ്ക്കാണ് ധനം പാട്ടി ഇഡ്ഡലി വിൽക്കാൻ തുടങ്ങിയത്. വീട്ടിലെ ആവശ്യങ്ങൾ വർധിച്ചു വന്നതോടെ വില കൂട്ടേണ്ടി വന്നു. എന്നാൽ നാല് വർഷം മുമ്പ് പോലും ഒരു ഇഡ്ഡലിക്ക് ഒരു രൂപ മാത്രമായിരുന്നു ഇവിടെ വില. മൂന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ ഇഡ്ഡലിയുടെ വില പാട്ടി കൂട്ടി, അത് രണ്ട് രൂപയാക്കി. എന്തുകൊണ്ട് ഇനിയും കൂട്ടിക്കൂടാ എന്ന് ചോദിച്ചാൽ പാട്ടിയുടെ ഉത്തരം ഇതാണ്, 10 രൂപയുണ്ടെങ്കിൽ ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം മുഴുവനും കഴിക്കാൻ കഴിയണം.
ചിലരൊക്കെ പാട്ടിയെ സഹായിക്കാറുമുണ്ട്. അവർ അരിയും ചില സാധനങ്ങളും ചിലപ്പോൾ പൈസയും ഒക്കെ അവർക്ക് നൽകുന്നു. റേഷനായി കിട്ടുന്ന അരിയും സാധനങ്ങളും ഒക്കെ ഉപയോഗിച്ചാണ് പാട്ടി ഇഡലിയും സാമ്പാറും ഉണ്ടാക്കുന്നത്. എന്നിരുന്നാലും, പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഒരു പുരയിലാണ് ഇവരുടെ താമസം. ഈ 80 -ാമത്തെ വയസ്സിലും എന്തിന് ഇങ്ങനെ പണിയെടുക്കുന്നു എന്ന് ചോദിച്ചാൽ തന്റെ മകനും മകളും കഷ്ടപ്പെടുകയാണ്, അവർക്കൊരു ബാധ്യതയാവാൻ താനില്ല എന്നാണ് പാട്ടി പറയുന്നത്.
(ചിത്രം പ്രതീകാത്മകം, കടപ്പാട്: SijiR വിക്കിപീഡിയ)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം