
പ്രായപൂർത്തിയായവർക്ക് മാത്രം പ്രവേശനമുള്ള 'A' സർട്ടിഫൈഡ് സിനിമയ്ക്ക് കുട്ടിയുമായി എത്തിയതിനെച്ചൊല്ലി ലഖ്‌നൗവിലെ സിനിമാ തിയേറ്ററിൽ നാടകീയ രംഗങ്ങൾ. ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം 'ധുരന്ധർ 2' കാണാനെത്തിയ കുടുംബവും തിയേറ്റർ ജീവനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പാരന്റിംഗിനെ കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് സോഷ്യൽ മീഡിയ വഴിതെളിച്ചിരിക്കുന്നത്.
കടുത്ത അക്രമദൃശ്യങ്ങൾ ഉള്ളതിനാൽ സെൻസർ ബോർഡ് 'Adults Only' സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണ് ധുരന്ധർ 2. എന്നാൽ, ലഖ്‌നൗവിലെ മാളിൽ കുട്ടിയുമായി എത്തിയ കുടുംബത്തെ ജീവനക്കാർ തടഞ്ഞതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തിയേറ്ററിനുള്ളിൽ ആളുകൾ പരസ്പരം തല്ലുന്നതും ചവിട്ടുന്നതും കാണാം. ഒരു വശത്ത് സിനിമ നടക്കുമ്പോഴാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഈ സംഘർഷം അരങ്ങേറിയത്. സമാനമായ രീതിയിൽ ഒരാഴ്ച മുമ്പ് എമറാൾഡ് മാളിലെ ഐനോക്സിലും പ്രായപൂർത്തിയാകാത്ത മകനെ സിനിമയ്ക്ക് കയറ്റാൻ ഒരാൾ ശ്രമിച്ചിരുന്നു.
സംഭവം പുറത്തുവന്നതോടെ രൂക്ഷമായ വിമർശനങ്ങളാണ് മാതാപിതാക്കൾക്കെതിരെ ഉയരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം വയലൻസ് ദൃശ്യങ്ങൾ കാണിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്ക് മുന്നിൽ വെച്ച് അക്രമം കാണിക്കുന്നത് അത് സാധാരണമാണെന്ന തെറ്റായ ധാരണ അവർക്കുണ്ടാക്കുമെന്നും, പിതാവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം കുട്ടികളിൽ മോശം മൂല്യങ്ങൾ വളർത്തുമെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാർക്കിടയിൽ വൈകാരിക ബുദ്ധിയും ക്ഷമയും കുറഞ്ഞുവരുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് ചിലർ വാദിക്കുന്നു. നിയമം വ്യക്തമായി എഴുതി വെച്ചിട്ടും എന്തിനാണ് മാതാപിതാക്കൾ കുട്ടികളെ ഇവിടേക്ക് കൊണ്ടുവരുന്നത് എന്ന ചോദ്യവും ശക്തമാണ്. കല എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകുന്നത് ശരിയല്ലെന്നും, അതിന്റെ ഗൗരവം ഉൾക്കൊള്ളാത്തവർ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ചിലർ നിരീക്ഷിച്ചു.