
വെറുതെ ഇരിക്കാൻ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാകുമോ? വളരെ വളരെ കുറവായിരിക്കാം. എന്നാൽ, ഈ വെറുതെ ഇരിപ്പ് ആരും അത്ര പ്രോത്സാഹിപ്പിക്കാറില്ല. എപ്പോഴും ക്രിയേറ്റീവായിരിക്കണം, പ്രൊഡക്ടീവായിരിക്കണം എന്നൊക്കെയാണ് ആളുകൾ നമ്മളോട് പറയാറ്. വെറുതെ ഇരിപ്പെന്നാൽ ഈ ഫോണിൽ നോക്കി ഇരിക്കലല്ല ശരിക്കും. നമ്മുടെ തലച്ചോറിനെ പോലും അധികം പണിയെടുപ്പിക്കാതെ വെറുതെ അങ്ങിരിക്കൽ. എന്തായാലും, കൊറിയയിൽ അങ്ങനെ ഒരു മത്സരം നടന്നു. അതിൽ മത്സരാർത്ഥികൾ ചെയ്യേണ്ടത് ഒന്നും ചെയ്യാതിരിക്കുക എന്നതാണ്.
അതേ, 'സ്പേസ് ഔട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിൽ 90 മിനിറ്റ് ഒന്നും ചെയ്യാതെ ഇരിക്കുകയാണ് വേണ്ടത്. ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം, ഈ മത്സരം ആദ്യം ആരംഭിച്ചത് കൊറിയൻ കലാകാരനായ വൂപ്‌സാങ്ങിന്റെ ഒരു കലാരൂപമായിട്ടാണത്രെ. 2014 -ൽ സിയോളിൽ ഒരു പെർഫോമൻസ് ആർട്ട് പീസിന്റെ ഭാഗമായിട്ടാണ് ആദ്യം ഇത് നടന്നത്. അന്ന് ഒരു കല എന്ന രീതിയിലാണ് നടന്നതെങ്കിൽ പിന്നീട് ഇതിന് ഒരു മത്സരത്തിന്റെ രൂപം കൈവരികയായിരുന്നു.
ഒന്നും ചെയ്യാതെ ഇരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുക എന്നത് തന്നെയാണ് ഈ മത്സരത്തിന്റെ ലക്ഷ്യവും. 90 മിനിറ്റ് നീണ്ട മത്സരത്തിൽ പങ്കെടുക്കും മുമ്പ് മത്സരാർത്ഥികൾ സ്ട്രെച്ചിങ്ങ് ചെയ്യണം. കാര്യമായ ചലനങ്ങളൊന്നും ഇല്ലാതെ വെറുതെ ഇരിക്കണം, ഉറങ്ങാനോ ഫോൺ നോക്കാനോ ഒന്നും പറ്റില്ല.
ഓരോ 15 മിനിറ്റിലും ജഡ്ജ് വന്ന് ഓരോരുത്തരെയും പരിശോധിക്കും. അവരുടെ ഹൃദയമിടിപ്പുകൾ രേഖപ്പെടുത്തും. ഒടുവിൽ കാണികൾക്ക് 10 പേർക്ക് വോട്ട് ചെയ്യാം. അതും ഹൃദയമിടിപ്പുകൾ വിലയിരുത്തിയതും വച്ചാണ് വിജയിയെ തെരഞ്ഞെടുക്കുക.
കഴിഞ്ഞ വർഷം വിജയിച്ച മത്സരാർത്ഥി പറയുന്നത്, അയാൾ ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയത്ത് പല കാര്യങ്ങളെ കുറിച്ചും ആലോചിച്ചു എന്നാണ്. 'വീട്ടുകാരെ കുറിച്ചും മറ്റും ആലോചിച്ചു. ഫാനിന്റെ ശബ്ദം ശ്രദ്ധിച്ചു. മരത്തിൽ കാറ്റടിക്കുന്നത് ശ്രദ്ധിച്ചു. നമ്മളെല്ലാം നിരീക്ഷിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യണം, ആകാശത്ത് നോക്കി ഈ മേഘങ്ങൾ എങ്ങോട്ടാണ് വരികയും പോവുകയും ചെയ്യുന്നത് എന്നതുപോലെയുള്ള കാര്യങ്ങൾ ആലോചിക്കാം' എന്നും ഇയാൾ പറഞ്ഞു.