
ചിരിക്കാൻ കഴിയുക എന്നത് മനുഷ്യരുടെ കഴിവാണ്. എന്നാൽ, എന്തെങ്കിലും അപകടത്തെ തുടർന്ന് ഇനി ഒരിക്കലും ചിരിക്കാനാവില്ല എന്ന അവസ്ഥ വന്നാലോ? ഈ അത്യന്തം വേദനാജനകമായ അവസ്ഥ വന്നിരിക്കുന്നത് ഒരു ആറുവയസുകാരിക്കാണ്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഈ പെൺകുട്ടിക്ക് വേണ്ടി വന്നത് ആയിരത്തിലധികം തുന്നലുകളാണ്.
യുഎസ്സിലെ മെയ്നിൽ നിന്നുള്ള ലില്ലി നോർട്ടനെ ഫെബ്രുവരി 18 -നാണ് അയൽവാസിയുടെ വീട്ടിൽ വച്ച് പിറ്റ്‍ബുൾ കടിച്ചു കീറിയത്. ഉടനെ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി കുട്ടിയെ ബോസ്റ്റണിലേക്ക് കൊണ്ടുപോയി. ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്ക് താഴെയും തൊണ്ടയുടെ മുകൾഭാഗത്തുമായിട്ടാണ് സാരമായി മുറിവുകളേറ്റത്. അവളെ നേരെ കൊണ്ടുപോയത് ബോസ്റ്റണിലെ ചിൽഡ്രൻ ഹോസ്പിറ്റലിലേക്കാണ്. അവിടെ 11 മണിക്കൂർ ശസ്ത്രക്രിയ നീണ്ടുനിന്നു.
ഒരാഴ്ചത്തേക്ക് കുട്ടിയെ സെഡേഷൻ കൊടുത്ത് മയക്കിയിരിക്കുകയാണ്. കുട്ടി മുഖം കൈകൊണ്ട് തൊടാതെയിരിക്കാനും മറ്റും വേണ്ടിയാണ് ഇത്. കുട്ടിയുടെ വീട്ടുകാരുടെ കുടുംബസുഹൃത്തായ സിജെ പിച്ചർ അവളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി ഗോഫണ്ട് മീ കാമ്പയിൻ ആരംഭിച്ചു. ഡോക്ടർമാർ ലില്ലിയുടെ കുടുംബത്തോട് ഇനി ഒരിക്കലും അവൾക്ക് ചിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞതായി പിച്ചർ പറയുന്നു. അവളുടെ ഉമിനീർ ഗ്രന്ഥികൾ പ്രവർത്തിക്കുന്നില്ല. അതിനാൽ തന്നെ അവൾക്ക് ഇനി ചിരിക്കാനാവില്ല. മസിലുകൾക്ക് ഗുരുതരമായ പരിക്കാണേറ്റത് എന്നും പിച്ചർ പറഞ്ഞു. ലില്ലിയുടെ അമ്മ ദൊറോത്തി പറയുന്നത്, അവൾ അപകടനില തരണം ചെയ്തു എന്നാണ്.
അടുത്ത വീട്ടിൽ സുഹൃത്തിനൊപ്പം കളിക്കാൻ പോയതായിരുന്നു ലില്ലി. സുഹൃത്ത് നായയെ നോക്കുകയായിരുന്നു. സുഹൃത്ത് അകത്തേക്ക് പോയപ്പോൾ നായ ലില്ലിയെ അക്രമിക്കുകയായിരുന്നു. ലില്ലിയുടെ അലർച്ച കേട്ട് നോക്കിയവർ കണ്ടത് നായ അവളെ വായക്കുള്ളിലാക്കി കടിച്ചു കീറുന്നതാണ്. അതേ സമയം ലോകത്തെമ്പാടും പിറ്റ് ബുൾ ആളുകളെ ആക്രമിക്കുന്ന വാർത്ത കൂടി വരികയാണ്.