പകരത്തിനു പകരം; ജയിലില്‍ മയക്കുമരുന്ന് ഗ്യാങുകള്‍ തമ്മില്‍ വീണ്ടും യുദ്ധം; 68 പേര്‍ കൊല്ലപ്പെട്ടു

Web Desk   | Asianet News
Published : Nov 14, 2021, 01:26 PM IST
പകരത്തിനു പകരം; ജയിലില്‍ മയക്കുമരുന്ന് ഗ്യാങുകള്‍  തമ്മില്‍ വീണ്ടും യുദ്ധം; 68 പേര്‍ കൊല്ലപ്പെട്ടു

Synopsis

ജയിലിനുള്ളില്‍ എട്ടു മണിക്കൂര്‍ നീണ്ട വെടിവെപ്പ്. മുറ്റത്തും സെല്ലുകളിലും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍. ജയിലിനു പുറത്തെ കുടിവെള്ള പൈപ്പുകളില്‍ തൂങ്ങിക്കിടക്കുന്ന ശവശരീരങ്ങള്‍.

മുറ്റത്തും സെല്ലുകളിലും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍. ജയിലിനു പുറത്തെ കുടിവെള്ള പൈപ്പുകളില്‍ തൂങ്ങിക്കിടക്കുന്ന ശവശരീരങ്ങള്‍. വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ ചുമരുകള്‍. വീണുകിടക്കുന്ന ആയുധങ്ങള്‍. പരിക്കേറ്റിട്ടും ആശുപത്രിയില്‍ പോവാനാവാതെ ചോരയില്‍ കുളിച്ചുകിടക്കുന്നവര്‍. 

മയക്കു മരുന്ന് സംഘങ്ങളില്‍ പെട്ട തടവുകാര്‍ എട്ടു മണിക്കൂര്‍ ആയുധങ്ങളുമായി ഏറ്റുമുട്ടിയ ഇക്വഡോറിലെ ഏറ്റവും വലിയ ജയിലിലെ കാഴ്ചയാണ് ഇത്. തീരദേശ പട്ടണമായ ഗയാഖിലിലെ ലിറ്റോറല്‍ പെനിറ്റെന്റിയറി ജയിലില്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടമാണ് നടന്നത്. ഏറ്റുമുട്ടലിനു ശേഷം സുരക്ഷാ സേന ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ കണ്ടത് 68 മൃതദേഹങ്ങളാണ്. 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

രണ്ടു മാസം മുമ്പ് സെപ്തംബര്‍ 29-ന് ഇവിടെ മയക്കു മരുന്ന് സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലില്‍ 116 തടവുകാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ തലയറുത്ത നിലയിലായിരുന്നു. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് ഇക്വഡോറിലെ തടവറകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജയിലറകള്‍ക്കുള്ളില്‍ പട്ടാളത്തെ താമസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എന്നാല്‍ കോടതി ഇടപെട്ട് തടയുകയായിരുന്നു. മനുഷ്യാവകാശ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അന്ന് സര്‍ക്കാര്‍ തീരുമാനത്തെ കോടതി തിരുത്തിയത്. 

 

...........................................

ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ചിലതിന് തലയില്ല, ഗ്യാങ് വാര്‍ കഴിഞ്ഞ ജയിലിലെ ഭീകരദൃശ്യങ്ങള്‍

...........................................

 

രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തു സംഘങ്ങളായ ലോ ലോബാസ്, ലോ കോണറാസ് എന്നിവയിലെ അംഗങ്ങള്‍ തമ്മിലാണ് രണ്ടു മാസം മുമ്പ് ജയിലില്‍ പരസ്പരം ഏറ്റുമുട്ടിയത്. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ഏറ്റുമുട്ടല്‍ ഉണ്ടായത്. 

ജയിലിലെ മൂന്ന് പവിലിയനുകളിലായി പാര്‍പ്പിച്ച മയക്കു മരുന്ന് തടവുകാരാണ് യന്ത്രത്തോക്കുകളും സ്‌ഫോടക വസ്തുക്കളും മറ്റുമായി ഏറ്റുമുട്ടിയത്. എട്ടു മണിക്കൂറോളം നേരം വെടിവെപ്പ് തുടര്‍ന്നതായി പൊലീസ് പറഞ്ഞു.  ജയിലിനുള്ളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്ന വാഹനങ്ങളിലാണ് ആയുധങ്ങള്‍ കള്ളക്കടത്തായി തടവുകാര്‍ക്ക് എത്തിച്ചത്. ഡ്രോണ്‍ വഴിയും ആയുധങ്ങള്‍ എത്തിച്ചതായി പൊലീസ് പറയുന്നുണ്ട്. 

ഒരു പ്രത്യേക സംഘത്തില്‍ പെട്ട മയക്കുമരുന്ന് തടവുകാര്‍ കഴിയുന്ന ബ്ലോക്കിനു നേര്‍ക്കാണ് ആദ്യം ആക്രമണം നടന്നത്. ഈ ബ്ലോക്കിനെ വേര്‍തിരിക്കുന്ന മതില്‍ ഡയനാമിറ്റ് വെച്ച് തകര്‍ത്ത ശേഷം കൂട്ടക്കൊല നടത്തുകയായിരുന്നു. കിടക്കകള്‍ക്ക് തീയിട്ട് തടവുകാരെ പുകച്ചു കൊല്ലാനും ശ്രമം നടന്നു. ഇതിനെ എതിര്‍ സംഘം സായുധമായി ചെറുത്തതോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. 

സംഭവമറിഞ്ഞ് തടവുകാരുടെ ബന്ധുക്കള്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ അതിക്രൂരമായാണ് ജയിലിനുള്ളില്‍ കൈകാര്യം ചെയ്യപ്പെട്ടത് എന്ന് അവര്‍ ആരോപിച്ചു. മൃതദേഹങ്ങളില്‍ പലതും വികൃതമാക്കപ്പെട്ടിരുന്നു. മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറ്റ് തടവുകാരും കൊല്ലപ്പെട്ടതായാണ് അറിയുന്നത്. ജയിലുകളുടെ നിയന്ത്രണം സൈന്യത്തിന് കൈമാറണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

മെക്സിക്കന്‍ മയക്കു മരുന്നു മാഫിയയില്‍ പെട്ട നിരവധി പേരെ ഈയടുത്ത കാലത്തായി ഇക്വഡോര്‍ പൊലീസ് പിടികൂടി ജയിലിലടച്ചിരുന്നു. ഇവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.  ജുലൈ 22-നും ഇക്വഡോറിലെ ജയിലുകളില്‍ ചോരപ്പുഴ ഒഴുകിയതിനെ തുടര്‍ന്നായിരുന്നു അത്. അന്ന് മൂന്ന് ജയിലുകളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന് സംഘങ്ങള്‍ പ്രബലമായ ഇക്വഡോറില്‍ ജയില്‍ സംഘര്‍ഷങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ആയുധങ്ങള്‍ അകത്തേക്ക് എത്തിക്കുന്ന സംഘങ്ങള്‍ ജയിലിനകത്തുവെച്ച് ശത്രുക്കളെ വകവരുത്തുന്നതും പതിവാണ്. 

ജയിലില്‍ ചില സംഘങ്ങള്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായും ഇവിടെ വമ്പന്‍ ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്. പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുന്നതായു ആരോപണമുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ