അതിദാരുണം; 6 ഗ്രാം കൊക്കെയ്നും 1 കുപ്പി വിസ്‌കിയും, പ്രോത്സാഹിപ്പിച്ച് കാഴ്ച്ചക്കാർ, ലൈവ് സ്ട്രീമിം​ഗിനിടെ ഇൻഫ്ലുവൻസറുടെ മരണം

Published : Jan 08, 2026, 05:49 PM IST
Sergio Jimenez

Synopsis

ഓൺലൈൻ ലൈവ് സ്ട്രീമിംഗിനിടെ കാഴ്ചക്കാരുടെ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി മദ്യവും കൊക്കെയ്നും ഉപയോഗിച്ചു. സ്പാനിഷ് ഇൻഫ്ലുവൻസർ കിനായ് ആൽബെർട്ടോ ബ്രാവോ ജിമെനെസ് ദാരുണമായി മരണപ്പെട്ടു. 'പെ പെ' എന്ന ഗ്രൂപ്പിലെ ചലഞ്ചാണ് യുവാവിൻ്റെ ജീവനെടുത്തത്. 

ഓൺലൈൻ ലൈവ് സ്ട്രീമിംഗിനിടെ കാഴ്ചക്കാർ നൽകിയ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച സ്പാനിഷ് ഇൻഫ്ലുവൻസർ കിനായ് ആൽബെർട്ടോ ബ്രാവോ ജിമെനെസ് ദാരുണമായി മരണപ്പെട്ടു. ജനുവരി ഒന്നിന് പുലർച്ചെയാണ് ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. കാഴ്ചക്കാർ നൽകുന്ന പണത്തിന് പകരമായി അപകടകരമായ പ്രവൃത്തികൾ തത്സമയം ചെയ്തു കാണിക്കുന്ന 'പെ പെ' (Pepe) എന്നറിയപ്പെടുന്ന ഓൺലൈൻ ഗ്രൂപ്പിലെ ചലഞ്ചാണ് ഇദ്ദേഹത്തിന്റെ ജീവനെടുത്തത്.

പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ ചലഞ്ചിന്റെ ഭാഗമായി ആറ് ഗ്രാം കൊക്കെയ്നും ഒരു കുപ്പി വിസ്‌കിയും പൂർണ്ണമായും കഴിക്കാമെന്നായിരുന്നു കിനായ് കാഴ്ചക്കാർക്ക് നൽകിയ വാഗ്ദാനം. ഒരു സ്വകാര്യ സ്ട്രീമിംഗിലൂടെ ഈ വെല്ലുവിളി നടപ്പിലാക്കുന്നതിനിടെ തന്റെ കിടപ്പുമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിവരം അറിഞ്ഞ് ആംബുലൻസ് എത്തുന്നതിന് മുൻപേ തന്നെ യുവാവ് മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കിനായ്‌ക്കൊപ്പം താമസിച്ചിരുന്ന മാതാവ് തെരേസയാണ് പുലർച്ചെ കിടപ്പുമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. "പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ബാത്ത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ മകന്റെ മുറിയുടെ വാതിൽ പാതി തുറന്നു കിടക്കുന്നത് കണ്ടു. എന്താണ് ചെയ്യുന്നതെന്ന് ഞാൻ അവനോട് ചോദിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും തറയിൽ വസ്ത്രങ്ങളോ മറ്റോ കിടന്നിരുന്നതിനാൽ വാതിൽ പൂർണ്ണമായി തുറക്കാൻ കഴിഞ്ഞില്ല" എന്നാണ് തെരേസ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളുടെ ആരോഗ്യനില വഷളാകുന്നത് ശ്രദ്ധിച്ചിട്ടും സഹായം നൽകുന്നതിന് പകരം ലഹരി ഉപയോഗം തുടരാൻ പണം നൽകി പ്രോത്സാഹിപ്പിച്ച കാഴ്ചക്കാരുടെ ക്രൂരമായ മനോഭാവം സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.

മുൻപും ലഹരി ഉപയോഗത്തിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് കിനായ്. പ്രശസ്തിക്കും പണത്തിനും വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഇൻഫ്ലുവൻസർമാരുടെ അവസ്ഥയും സോഷ്യൽ മീഡിയയിലെ ഇത്തരം അപകടകരമായ പ്രവണതകളും ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. മരണകാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. അമിതമായ ലഹരി ഉപയോഗം മൂലം ഹൃദയസ്തംഭനമോ ആന്തരിക അവയവങ്ങളുടെ തകരാറോ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനം. ഇത്തരം ഓൺലൈൻ ചലഞ്ചുകൾക്കെതിരെയും ബന്ധപ്പെട്ട ഗ്രൂപ്പുകൾക്കെതിരെയും കർശന നടപടി വേണമെന്ന ആവശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

സമയം പുലർച്ചെ 3 മണി, ബാൽക്കണിയിൽ കുടുങ്ങി യുവാവും സുഹൃത്തും, പുറത്തിറങ്ങാൻ കണ്ടെത്തിയ മാർ​ഗം വൈറൽ
ബെംഗളൂരു അത്ര ചിലവേറിയ നഗരമല്ല? 24 -കാരിയുടെ പ്രതിമാസ ചിലവ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു